നീരവ് മോദിയുടെ തട്ടിപ്പിനെതിരെ ശക്തമായ നടപടി തുടങ്ങി: കേന്ദ്രം

Friday 16 February 2018 2:50 am IST

ന്യൂദല്‍ഹി: നീരവ് മോദിയുടെ തട്ടിപ്പുകേസില്‍ കേന്ദ്രം ശക്തമായ നടപടി തുടങ്ങിയതായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. ഇയാളുടെ 5100 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പത്രസമ്മേളനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷയത്തില്‍ വലിച്ചിടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം നാണംകെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.  നീരവ് മോദിയെ ചെറിയ മോദിയെന്ന് വിളിച്ച് തട്ടിപ്പ് പ്രധാനമന്ത്രിയുടെ മേല്‍ ചാരാനാണ് രാഹുല്‍ഗാന്ധിയുടെ ശ്രമം. പരിഹാസ്യമായ നടപടിയാണിത്. കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് നീരവ് മോദി തട്ടിപ്പ് നടത്തിയത്. ഈ സര്‍ക്കാര്‍ തട്ടിപ്പ് കണ്ടെത്തി നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ കോണ്‍ഗ്രസിന്റെ സമനില  തെറ്റിച്ചതാണ് ഇത്തരം പ്രതികരണങ്ങളുടെ കാരണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ വ്യവസായികളുടെ യോഗത്തില്‍ പ്രധാനമന്ത്രി മോദിക്കൊപ്പം നീരവ് മോദി അടക്കമുള്ള നൂറോളം വ്യവസായികളാണ് ഫോട്ടോയ്ക്ക് നിന്നത്. നീരവ് മോദി വന്നത് ഇന്റര്‍നാഷണല്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധിസംഘത്തിനൊപ്പമാണ്. പ്രധാനമന്ത്രിയുടെ വിദേശയാത്രാ സംഘത്തില്‍ ഇല്ലാത്ത ഒരാള്‍ക്ക് പ്രധാനമന്ത്രിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് കോണ്‍ഗ്രസിന്റെ വികലമനസ്സിന്റെ ലക്ഷണമാണ്. നീരവ് മോദിയുടെ പരിപാടിയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ചിത്രങ്ങളുണ്ട്. രാജ്യത്ത് നടന്ന തട്ടിപ്പുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം കോണ്‍ഗ്രസുമായി ബന്ധമുണ്ട്. വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ചതടക്കം കോണ്‍ഗ്രസ് തട്ടിപ്പുകാരെ സഹായിച്ചതിന്റെ ഉദാഹരണങ്ങളുണ്ട്. നീരവ് മോദിയുടെ തട്ടിപ്പിനെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.