സിമിയില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിലേക്ക് നിരോധനം തേടിയിട്ടില്ലെന്ന് കേരളം

Friday 16 February 2018 2:30 am IST

ന്യൂദല്‍ഹി: 1977ല്‍ ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സിമിയുടെ പിറവി. സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന് മുഴുവന്‍ പേര്. 2001ല്‍ സിമിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇതേ തുടര്‍ന്ന് ചില സിമി നേതാക്കള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ കയറിക്കൂടി നിശ്ശബ്ദ പ്രവര്‍ത്തനം തുടര്‍ന്നു. ഒരുവിഭാഗം ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടന രൂപീകരിച്ച് രാജ്യമെങ്ങും ഭീകരാക്രമണങ്ങള്‍ തുടര്‍ന്നു.

സിമി നേതാവായിരുന്ന അബ്ദുള്‍ സുബാന്‍ ഖുറേഷി ആയിരുന്നു സ്ഥാപകന്‍. 2010 ജൂണില്‍ ഇന്ത്യന്‍ മുജാഹിദ്ദീനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഇവര്‍ സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്‍ഡിഎഫ് പേരുമാറ്റി പിഎഫ്‌ഐ എന്നാക്കി ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചത് 2006ലാണ്. പിഎഫ്‌ഐ ആയി കേരളത്തിലും, മനിത നീതി പസരൈ എന്ന പേരില്‍ തമിഴ്‌നാട്ടിലും കര്‍ണ്ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി എന്ന പേരില്‍ കര്‍ണ്ണാടകത്തിലും സംഘടന വ്യാപിച്ചു. കേരളത്തില്‍ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയും പിഎഫ്‌ഐക്ക് കീഴില്‍ രൂപീകരിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ മനുഷ്യാവകാശ സംഘടനകളുടെ ഒപ്പമാണ് പ്രവര്‍ത്തനം. സിമിയുടെ ദേശീയ നേതാക്കളായി പ്രവര്‍ത്തിച്ചിരുന്നവര്‍ ഇന്ന് പിഎഫ്‌ഐയുടെ നേതൃത്വത്തിലുണ്ട്. പാക് ചാര സംഘടനയായ ഐഎസ്‌ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍ഡിഎഫിന് ഫണ്ട് ചെയ്യുന്നുണ്ട് എന്ന് മുന്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ നീരാ റാവത്ത് ഐപിഎസ് മാറാട് കൂട്ടക്കൊല അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്‍ഡിഎഫ് നിരോധന നടപടികള്‍ ശക്തമാക്കിയപ്പോളാണ് പേര് മാറ്റി പോപ്പുലര്‍ ഫ്രണ്ടായത്. 

ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുകയാണ് ലക്ഷ്യമെന്ന് പോപ്പുലര്‍ ഫ്രണ്ട്  സ്ഥാപക നേതാവ് അഹമ്മദ് ഷെരീഫ് പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ അടക്കം ആഭ്യന്തരമന്ത്രാലയത്തിന്റെ കൈവശമുണ്ട്. ഹവാല ഇടപാടുകള്‍, മതപരിവര്‍ത്തനങ്ങള്‍, മാവോയിസ്റ്റ് ഗ്രൂപ്പുകളുമായുള്ള ബന്ധം, കൊലപാതകങ്ങള്‍ എന്നിവ അടക്കം കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിഎഫ്‌ഐ നടത്തിയ കാര്യങ്ങളും ആഭ്യന്തരമന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പോയ യുവാക്കളില്‍ ഭൂരിഭാഗവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. 

 പിഎഫ്‌ഐയെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരളാ പോലീസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. സംഘടനയെ നിരോധിക്കണം എന്ന് ഇതുവരെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിജിപിയുടെ ഓഫീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.