ഷുഹൈബിന്റെ കൊലപാതകം: അന്വേഷണം കോളുകള്‍ കേന്ദ്രീകരിച്ച്, ആയുധം കണ്ടെടുത്തു

Friday 16 February 2018 2:30 am IST

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊന്ന  കേസില്‍ പ്രതികളെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ഫോണ്‍കോളുകള്‍ പരിശോധിക്കുന്നു. എടയന്നൂരിലുള്ള സിപിഎം-കോണ്‍ഗ്രസ്സ് സംഘര്‍ഷമാണ് ഷുഹൈബിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ  നിഗമനം.  പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെത്തിയതായും സൂചനയുണ്ട്. 

സംഘര്‍ഷത്തില്‍ ചുമട്ട് തൊഴിലാളികളായ നാല് സിഐടിയു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഷൂഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തെരൂരിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഫോര്‍ രജിസ്‌ട്രേഷന്‍ വാഗണര്‍ കാറിലെത്തിയ മുഖം മൂടി സംഘമാണ് കൊലപാതകം നടത്തിയത്.  വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഒരു കേസുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിഞ്ഞ ഷുഹൈബിന് നേരെ ജയിലില്‍ അക്രമം നടന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

എന്നാല്‍ കേസന്വേഷണം പോലീസ്  മരവിപ്പിക്കുകയാണെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുകയുമാണെന്ന ആരോപണവുമുണ്ട്. 

യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. കൃത്യം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് വാഹനങ്ങള്‍ പരിശോധിച്ചത്. ഇത് വീഴ്ചയാണ്. അക്രമങ്ങള്‍ നടന്നാല്‍ നിമിഷങ്ങള്‍ക്കകം വാഹനങ്ങള്‍ പരിശോധിക്കുന്ന പോലീസ് ഷുഹൈബിന്റെ കൊലപാതകം നടന്നതിന് ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുകയാണ് ചെയ്തത്.  സുധാകരന്‍ പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.