നഴ്‌സുമാരുടെ സംഘടന സംസ്ഥാന പണിമുടക്കിലേക്ക്

Friday 16 February 2018 2:50 am IST

ചേര്‍ത്തല: കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുമെന്നും യുഎന്‍എ.

 സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നിട്ടും നടപടി ഉണ്ടാകാത്തതോടെയാണ് സംഘടന നിലപാട് കടുപ്പിച്ചത്. സംസ്ഥാന പണിമുടക്കിന് ഇന്ന് നോട്ടീസ് നല്‍കും. വിവിധ ഭാഗങ്ങളിലെ നഴ്‌സുമാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ കരിദിനമാചരിച്ചു. 350 ലധികം ആശുപത്രികളില്‍ നിന്നെത്തിയ പതിനയ്യായിരത്തോളം നഴ്‌സുമാരാണ് സൂചനാപണിമുടക്ക് നടത്തി ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്. 

ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ആശുപത്രിക്ക് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം എക്‌സ്‌റേ കവല ചുറ്റി സമരപ്പന്തലില്‍ സമാപിച്ചു. 

 മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ എട്ടിലധികം തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കാണാതായതോടെയാണ് നഴ്‌സുമാര്‍ സംസ്ഥാനമൊട്ടാകെ സൂചനാപണിമുടക്ക് നടത്തിയത്. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജസ്മിന്‍ഷാ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി എം.പി. പ്രദീപ്, ജോയിന്റ് സെക്രട്ടറി ഡെല്‍ജോ എലിയാസ്, വൈസ് പ്രസിഡന്റ് ടോബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 

വൈകിട്ടോടെ സമരക്കാര്‍ ദേശീയപാതയോരത്ത് കുത്തിയിരുന്നു. കളക്ടര്‍ എത്തി ഉറപ്പു നല്‍കാതെ പിന്മാറില്ല എന്നായിരുന്നു നിലപാട്. തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്ന കളക്ടര്‍ വിവരം സര്‍ക്കാരിനെ അറിയിക്കുമെന്നുള്ള സന്ദേശം തഹസില്‍ദാര്‍ വഴി സമരക്കാര്‍ക്ക് കൈമാറിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.