കപ്പലിലെ പൊട്ടിത്തെറി: സുരക്ഷാ വീഴ്ച

Friday 16 February 2018 2:30 am IST

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ പൊട്ടിത്തെറിക്ക്് കാരണം  അസറ്റലിന്‍ വാതകം ചോര്‍ന്നതാണെന്ന് സ്ഥിരീകരിച്ചു. വാതകച്ചോര്‍ച്ച സുരക്ഷാ വീഴ്ചയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സുരക്ഷാ വീഴ്ചയുടെ കാരണത്തെക്കുറിച്ചും ഉത്തരവാദികളെക്കുറിച്ചും വിശദമായ അന്വേഷണമുണ്ടാകും.

ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ കപ്പലിലാണ് ചൊവ്വാഴ്ച പൊട്ടിത്തെറിയുണ്ടായത്. വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറിയുണ്ടായതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, ടാങ്കിന് മുകളിലെ ശീതീകരണ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് സ്ഥിരീകരിച്ചത്. വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന വാതകം പൈപ്പില്‍ നിന്ന് ചോര്‍ന്നതാണ് സ്‌ഫോടനത്തിന് കാരണം.  ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

തൊഴിലാളികളെ ജോലിക്ക് ഇറക്കുന്നതിനുമുമ്പ് സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതാണ്. ഇത് നടത്തിയിട്ടുണ്ടെന്നാണ് കപ്പല്‍ശാലാ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.  ഇതുസംബന്ധിച്ച തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ല. ഇതും സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന് യോഗം ചേര്‍ന്നിരുന്നു. 

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ പി.ടി. ശ്രീരൂപിന് ബോധം തിരിച്ചുകിട്ടി. പരിക്കേറ്റ കെ.കെ. ടിന്റു നിരീക്ഷണത്തിലാണ്. മൂന്നുപേരെ വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.