വീടുകള്‍ക്ക് അമിത നികുതി

Friday 16 February 2018 2:30 am IST

ആലപ്പുഴ: തീരപ്രദേശങ്ങളിലെ വീടുകള്‍ക്ക് നികുതി കുത്തനെ വര്‍ധിപ്പിച്ചത് മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി. തീര പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വീടുവെച്ചു താമസിക്കുന്നവരാണ് ദുരിതത്തിലായത്. 

ബഹുഭൂരിപക്ഷം വീടുകള്‍ക്കും മൂന്നിരട്ടി നികുതി നല്‍കണമെന്നാണ് പഞ്ചായത്തുകളുടെ നോട്ടീസ്. തീര പരിപാലന നിയമം (സിആര്‍ഇസഡ്) രണ്ടിലും മൂന്നിലും പെടുന്ന പ്രദേശങ്ങളായതിനാല്‍ തീരത്ത് നിര്‍മാണങ്ങള്‍ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ മറ്റിടങ്ങളില്‍ ഭൂമിയില്ലാത്ത സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ ഇവിടെ വീടുവെച്ചു താമസിക്കുന്നുണ്ട്. 

ഇത്തരം വീടുകള്‍ക്ക് പഞ്ചായത്തുകള്‍ പ്രത്യേക അധികാരമുപയോഗിച്ച് താല്‍കാലിക നമ്പറുകളിട്ടു നല്‍കുന്നുണ്ട്. റേഷന്‍ കാര്‍ഡ്, ശുദ്ധജല കണക്ഷന്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള സേവനങ്ങളും ലഭ്യമാകുന്നതിന് നമ്പറുകള്‍ കൂടിയേ തീരൂ.

എന്നാല്‍ ഇത്തരത്തില്‍ നമ്പര്‍ കരസ്ഥമാക്കുന്നവര്‍ സാധാരണയുള്ളതിനേക്കാള്‍ മൂന്നിരിട്ടി തുകയാണ് നികുതി അടയ്ക്കേണ്ടത്. 

 കാര്യമായ വരുമാനം ലഭിക്കാത്ത മത്സ്യത്തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും ഇതു താങ്ങാവുന്നതിലും അധികമാണ്. വീട്ടുചെലവിനുള്ള തുക പോലും കണ്ടെത്താനാകാതെ വിഷമിക്കുന്നതിനിടയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ ഇരുട്ടടി. നികുതി അടച്ചില്ലെങ്കില്‍ റവന്യു റിക്കവറി അടക്കമുള്ള കടുത്ത നിയമ നടപടികളാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്നത്. 

 തീര പരിപാലന നിയമം അനുസരിച്ചാണ് നമ്പര്‍ നല്‍കിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഇളവുകള്‍ ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്നും വര്‍ധിച്ച നികുതി നല്‍കാമെന്നും ആവശ്യപ്പെടുന്ന സമയത്ത് വീടുകള്‍ പൊളിച്ചു മാറ്റാമെന്നും താമസക്കാര്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നുമാണ് തദ്ദേശസ്ഥാപനങ്ങളുടെ വാദം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.