മാണിയെ കൂട്ടിയാല്‍ മുന്നണി വിടാന്‍ ഉറപ്പിച്ച് സിപിഐ

Friday 16 February 2018 2:30 am IST

കോട്ടയം: കെ.എം. മാണിയെ എല്‍ഡിഎഫിലെടുത്താല്‍ ആത്മാഭിമാനം അടിയറവെച്ച് മുന്നണിയില്‍ തുടരേണ്ടെന്ന് സിപിഐ. സിപിഐ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകളിലും തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തിലും ഈ വികാരമാണ് നിഴലിച്ചത്.  കെ.എം. മാണിയുമായി ഒന്നിച്ച് പോകാന്‍ പ്രയാസമാണെന്ന് കാനം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. 

കെ.എം. മാണിയുടെ തട്ടകമായ കോട്ടയത്തെ പാര്‍ട്ടി ജില്ലാസമ്മേളനത്തില്‍ കാനം കേരള കോണ്‍ഗ്രസ്സിനോടുള്ള നിലപാട് വ്യക്തമാക്കിയത്, മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു. ഇതിലൂടെ മാണിയെ ഇരുകൈയുംനീട്ടി സ്വീകരിക്കാന്‍ ഒരുങ്ങുന്ന സിപിഎമ്മിനും ചുട്ട മറുപടി നല്‍കാന്‍ കാനം ഉദ്ദേശിച്ചിരുന്നുവെന്ന് വ്യക്തമാണ്. മാണിക്കെതിരെയുള്ള പരാമര്‍ശങ്ങളെ സമ്മേളന പ്രതിനിധികള്‍ കൈയടിച്ച് സ്വീകരിച്ചത് കേരള കോണ്‍ഗ്രസ്സിനോടുള്ള എതിര്‍പ്പ് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതായിരുന്നു. 

മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് വരുന്നതോടെ സിപിഐക്ക് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന സ്ഥാനം നഷ്ടമാകുമെന്ന തോന്നല്‍ ശക്തമാണ്. അതേസമയം എല്‍ഡിഎഫ് വിട്ടാല്‍ പാര്‍ട്ടിയുടെ പിന്നത്തെ അവസ്ഥ എന്താകുമെന്ന ചിന്തയും സിപിഐയെ അലട്ടുന്നുണ്ട്. യുഡിഎഫിലെത്തിയാലും രണ്ടാമത്തെ കക്ഷിയെന്ന പരിഗണന ലഭിക്കില്ല. യുഡിഎഫില്‍ മുസ്ലിംലീഗാണ് കാലങ്ങളായി രണ്ടാംസ്ഥാനത്ത്.

ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കില്ലെന്ന തോന്നലും അണികള്‍ക്കിടയിലുണ്ട്. 

ഈ സാഹചര്യത്തില്‍ ധൃതിപിടിച്ച് ഒരു തീരുമാനവും സിപിഐ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ടീയ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് മാണി പറഞ്ഞത്. അതുവരെ കാത്തിരിക്കാനാണ് സിപിഐ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ.

കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ്  വേണ്ട: മാണി

കോട്ടയം: തനിക്കും പാര്‍ട്ടിക്കും കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെ.എം. മാണി. സിപിഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മാണിക്കൊപ്പം ഇല്ലെന്നും മാണിക്ക് വിശ്വാസ്യതയില്ലെന്നുമാണ് കാനം പറഞ്ഞത്. 50 വര്‍ഷമായി പൊതുരംഗത്തുള്ള തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ല. 13 തെരഞ്ഞെടുപ്പുകളില്‍ ജയിച്ച ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.