പ്ലാസ്റ്റിക് കാരി ബാഗ് : സര്‍ക്കാരിന് അന്ത്യശാസനം

Friday 16 February 2018 2:30 am IST

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകളുടെ നിരോധനം നടപ്പാക്കുന്ന കാര്യത്തി ല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഹൈക്കോടതി. 

പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണ്ണമായും നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് ആള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. എസ്. സീതാരാമനടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് 2016-ല്‍ കേന്ദ്രം പുറപ്പെടുവിച്ച ചട്ടങ്ങളില്‍ ഗ്രാമ പഞ്ചായത്തുകള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡ് ഓണര്‍മാര്‍ തുടങ്ങിയവരുടെ ചുമതല വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. ഇതോടൊപ്പം പ്ലാസ്റ്റിക് കാരിബാഗുകളുടെ നിര്‍മാണം, വില്‍പന, ഉപയോഗം തുടങ്ങിയവയിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഇക്കാര്യങ്ങളില്‍ മൗനം പാലിക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. തുടര്‍ന്നാണ് വിഷയത്തില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്. 

പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജന ചട്ടങ്ങള്‍ നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടികള്‍, ഇവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നിരീക്ഷണ സംവിധാനത്തിന്റെ നടപടികള്‍ തുടങ്ങിയവ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്‍കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.