എസ്‌സി-ഒബിസി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് ഇരട്ടിയാക്കി കേന്ദ്രം

Friday 16 February 2018 2:30 am IST

ന്യൂദല്‍ഹി: ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ സ്റ്റൈപ്പന്റ് 350 രൂപയില്‍ നിന്ന്് 525 രൂപയായും ദിവസവും വീട്ടില്‍ പോയി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള  സ്റ്റൈപ്പന്റ് 150 രൂപയില്‍ നിന്ന്് 225 രൂപയായും ഉയര്‍ത്തി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിവര്‍ഷ ദേശീയ സ്‌കോളര്‍ഷിപ്പ് 25,000ത്തില്‍ നിന്ന് 28,000 ആക്കി . 

ബജറ്റിലാണ് ഇൗ നടപടി. ഒന്നു  മുതല്‍ പത്താം ക്ലാസ് വരെ ദിവസവും വീട്ടില്‍ പോയി വരുന്ന എസ്‌സി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ സ്‌കോളര്‍ഷിപ്പ് 100 രൂപയാക്കി. ഇത് 50 രൂപയായിരുന്നു. പത്തുമാസം 100 രൂപ വീതം ലഭിക്കും. ഹോസ്റ്റലില്‍ താമസിച്ചുപഠിക്കുന്ന മൂന്നു മുതല്‍ പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 500 രൂപ വെച്ച് പത്തുമാസം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഇതിന് പുറമേ എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും അഡ്‌ഹോക്ക് ഗ്രാന്റായി 500 രൂപയും പ്രതിവര്‍ഷം ലഭിക്കും. 

ഒബിസിക്കാര്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തുകയും കൂട്ടി. തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്റ് 1500 രൂപയില്‍ നിന്ന് 2500 രൂപയായും, പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപയില്‍ നിന്ന് 5000 രൂപയായും വര്‍ദ്ധിപ്പിച്ചു. ഒബിസി വിഭാഗക്കാര്‍ക്കായുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44,500 രൂപയില്‍ നിന്ന് രണ്ടര ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 

 പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കാനുള്ള വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയില്‍നിന്ന് രണ്ടര ലക്ഷം രൂപയാക്കി. പട്ടികജാതിക്കാര്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന് പരിഗണിക്കുന്ന വരുമാന പരിധി 4.5 ലക്ഷത്തില്‍ നിന്ന് 6 ലക്ഷം രൂപയാക്കി.

പൊതുബജറ്റില്‍ കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിനുള്ള വിഹിതം 12.10 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞവര്‍ഷം 6,908 കോടി രൂപയായിരുന്നു സാമൂഹ്യ നീതിശാക്തീകരണ വകുപ്പിന് നീക്കി വെച്ചിരുന്നതെങ്കില്‍ ഇത്തവണ 7,750 കോടിരൂപയാക്കി.  

പട്ടിക ജാതിക്കാര്‍ക്കായുള്ള വെന്‍ച്വര്‍ മൂലധന ഫണ്ടിന്റെ മാതൃകയില്‍ ഒബിസിക്കാര്‍ക്കായി 200 കോടി രൂപ പ്രാരംഭ മൂലധനത്തോടെ വെന്‍ച്വര്‍ മൂലധന ഫണ്ട് നടപ്പിലാക്കും. ഇതിനായി 2018-19 ല്‍ 140 കോടിരൂപ അനുവദിച്ചിട്ടുണ്ട്. 

13,587 തോട്ടിപ്പണിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇതുവരെനൈപുണ്യവികസന പരിശീലനം നല്‍കി. തോട്ടിപ്പണിക്കാര്‍ക്കും ആശ്രിതരുമടക്കം 809 ഓളം പേര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.