കൊടുംവരള്‍ച്ചയിലേക്ക് ഭൂഗര്‍ഭജലവും താഴുന്നു

Friday 16 February 2018 2:51 am IST

കോട്ടയം: സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായ വിധത്തില്‍ കുറയുന്നുവെന്ന് കേന്ദ്ര സര്‍വ്വേ. ജലനിരപ്പ് വന്‍തോതില്‍ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ വരള്‍ച്ചയാണ് കേരളം നേരിടുന്നത്. 

ദേശീയ ശരാശരിയെക്കാള്‍ ഇത്തവണ സംസ്ഥാനം പിന്നിലായെന്നാണ് കേന്ദ്ര ഭൂജലബോര്‍ഡിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജലനിരപ്പ് കുറയുന്നതില്‍ ഒന്നാമത് ആന്ധ്രാപ്രദേശാണ്. രണ്ടാമത് തമിഴ്‌നാടും. 

കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളില്‍ ശരാശരി ഒന്നരമീറ്ററിലധികം ജലനിരപ്പ് കുറഞ്ഞു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇത് ഇനിയും കുറയും. മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് കേന്ദ്ര ഭൂജലബോര്‍ഡിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വാര്‍ഷിക മഴലഭ്യത പ്രതിവര്‍ഷം 1.43 മില്ലീമീറ്റര്‍ കുറയുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ കണ്ടെത്തല്‍. 

ഗ്രാമപ്രദേശങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ ആളുകള്‍ കിണറുകളെയും 24 ശതമാനം പൈപ്പുവെള്ളത്തെയുമാണ് ആശ്രയിക്കുന്നത്. നഗരപ്രദേശത്ത് 58.9 ശതമാനമാണ് കിണര്‍ ഉപയോഗിക്കുന്നത്. 34 ശതമാനത്തിലധികം പൈപ്പുവെള്ളവും. എന്നാല്‍, 2020-ല്‍ വാര്‍ഷിക ജല ആവശ്യകത നാലിരട്ടി വര്‍ധിക്കും. അതേസമയം ജലസ്രോതസ്സുകള്‍ കുറയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ജലനിരപ്പ് കുറയുന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ള കാര്യമാണ്. 

സംരക്ഷണവും സംഭരണവും വേണം   

വേനല്‍ ആരംഭിക്കും മുമ്പുതന്നെ 70 ശതമാനത്തിലധികം കിണറുകളിലും വെള്ളം കുറഞ്ഞെന്നാണ് പഠനങ്ങള്‍ നിരീക്ഷിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. 2016-ല്‍ സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. മഴയില്‍ 69 ശതമാനം കുറവാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്. ഈ വര്‍ഷം ഇത് 75 ശതമാനം പിന്നിട്ടു. 

ജലസംരക്ഷണവും ജലസംഭരണവും ഒരുപോലെ പ്രധാനമെന്നാണ് ഭൂജല ബോര്‍ഡിന്റെ മുന്നറിയിപ്പ്. കിണര്‍ റീചാര്‍ജിങ് ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും കൃത്യമായ ധാരണ ആയിട്ടില്ല. മുടങ്ങിക്കിടക്കുന്ന ജലവിതരണ പദ്ധതികള്‍ പുനരാരംഭിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.