നീരവിന്റെ 5100 കോടി പിടിച്ചെടുത്തു

Friday 16 February 2018 2:51 am IST

ന്യൂദല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച, പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,300 കോടിയുടെ തട്ടിപ്പിന്റെ തുടക്കം 2011ല്‍  യുപിഎ സര്‍ക്കാരിന്റെ കാലത്ത്. വജ്ര വ്യാപാരി നീരവ് മോദിയും ഭാര്യയും സഹോദരനും മറ്റും ഉള്‍പ്പെട്ട കേസാണിത്. 

അതേ സമയം കേന്ദ്രം നടപടികള്‍ ശക്തമാക്കി. നീരവിനെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഇയാളുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡും നടത്തി. അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പിഎന്‍ബി അധികൃതര്‍ പരാതി നല്‍കും മുന്‍പ് തന്നെ ഇയാളും കുടുംബവും ഇന്ത്യവിട്ടതായും റിപ്പോര്‍ട്ടുണ്ട്. റെയ്ഡുകളില്‍ 5100 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു കഴിഞ്ഞു.

ബാങ്കിന്റെ മുംബൈ ഫൗണ്ടന്‍ ബ്രാഞ്ചില്‍ ഇയാള്‍ 2011ല്‍  ബാങ്ക് ഗാരന്റി കത്ത് (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്ങ്) നല്‍കിയതോടെയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിന് കളമൊരുങ്ങിയത്. വിദേശ നാണയത്തിലുള്ള,  പലിശ കുറഞ്ഞ വായ്പ്പ നേടാനാണീ ഏര്‍പ്പാട്. പിഎല്‍ബി ഡപ്യൂട്ടി മാനേജരായിരുന്ന ഗോകുല്‍നാഥ് ഷെട്ടിയാണ് നീരവിന് ഇത്തരം കത്തു സംഘടിപ്പിച്ചു നല്‍കിയത്. 

പല ഇന്ത്യന്‍ ബാങ്കുകളും അവരുടെ വിദേശ ബ്രാഞ്ചുകള്‍ വഴി വിദേശ നാണയത്തില്‍ വായ്പ്പ നല്‍കി. പിഎന്‍ബിയുടെ കത്ത് വിശ്വസിച്ച് വായ്പ്പ നല്‍കിയ ഇന്ത്യന്‍ ബാങ്കുകള്‍ക്കും വന്‍ നഷ്ടമാണുണ്ടായിരിക്കുന്നത്. പക്ഷെ കത്ത് തട്ടിപ്പായതിനാല്‍ ബാധ്യതയൊന്നും ഏറ്റെടുക്കാനാവില്ലെന്നാണ് പിഎന്‍ബി പറയുന്നത്.

2011ല്‍ നല്‍കിയ  ബാങ്ക് ഗാരന്റിയുടെ കാലാവധി ജനുവരിയില്‍ കഴിഞ്ഞു. ബാങ്കുകള്‍, ജാമ്യം നിന്ന പഞ്ചാബ് നാഷണല്‍ ബാങ്കിനെ സമീപിച്ചു. ആ സമയത്താണ് നീരവ് അടക്കമുള്ള ചില അക്കൗണ്ടുടമകളും ചില ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന്  വ്യാജ ബാങ്ക് ഗാരന്റികളാണ് നല്‍കിയതെന്ന് അറിയുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിനാണ് സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.