നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും പാസ്പോര്‍ട്ട് റദ്ദാക്കി

Friday 16 February 2018 2:52 pm IST

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപ തട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ നീരവ് മോദിയുടെയും വ്യാപാര പങ്കാളി മെഹുല്‍ ചോക്സിയുടെയും പാസ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം താല്‍ക്കാലികമായി റദ്ദാക്കി. നാല് ആഴ്ചത്തേക്കാണ് റദ്ദാക്കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നീരവ് മോദിയുടെ 5100 കോടിയുടെ സ്വത്ത് പിടിച്ചെടുത്തിരുന്നു.3.9 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിരവധി രേഖകളും ബില്ലുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

ജനുവരി 28 നാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് പരാതി നല്‍കിയത് . ജനുവരി 31 നു സിബിഐ കേസെടുത്തു. എന്നാല്‍ ജനുവരി ഒന്നിനു തന്നെ നീരവും കുടുംബവും ഇന്ത്യവിട്ടിരുന്നു. അമേരിക്കന്‍ പൗരത്വമുള്ള ഭാര്യ അമിയും ബിസിനസ് പങ്കാളിയായ മെഹുല്‍ ചോസ്‌കിയും ജനുവരി ആറിനു രാജ്യം വിട്ടു.

ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന നീരവ് മോദിയോടും മെഹുല്‍ ചോക്സിയോടും കോടതിയില്‍ ഹാജരാവാന്‍ എന്‍ഫോഴ്സ് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി പ്രകാരം മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെ നീരവ് മോദിയെ കണ്ടെത്താനായി സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. നീരവ് മോദിക്കും കുടുംബത്തിനും എതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം നീരവ് മോദിയുമായി ഇടപാടുകളൊന്നുമില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് വ്യക്തമാക്കി. എസ്ബിഐയ്ക്ക് ശക്തമായ ഓഡിറ്റ് സംവിധാനമുണ്ടെന്നു വ്യക്തമാക്കിയ ചെയര്‍മാന്‍ ക്രമക്കേട് കണ്ടെത്താനുള്ള വിപുലമായ സംവിധാനമാണ് ബാങ്കിനുള്ളതെന്നും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.