കടലാക്രമണം: പരവൂരില്‍ തീരം ഇടിച്ചില്‍ ഭീഷണിയില്‍

Friday 16 February 2018 2:59 pm IST

 

 

പരവൂര്‍: കടലാക്രമണത്തെ തുടര്‍ന്ന് തീരം ഇടിഞ്ഞ് കടലില്‍ പതിക്കുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. ചില്ലയ്ക്കല്‍, കുരണ്ടിക്കുളം വാര്‍ഡുകളിലെ തീരദേശവാസികളും മത്സ്യ തൊഴിലാളികളുമാണ് തീരം ഇടിയുന്നതുമൂലം ആശങ്കയിലായിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 35 അടി ഉയരത്തിലാണ് ഇവിടെ തീരം സ്ഥിതി ചെയ്യുന്നത്. 

ഒരു കിലോമീറ്റര്‍ തീരത്ത് പാറ കൊണ്ടുള്ള സംരക്ഷണ ഭിത്തി ഇല്ല. ഇവിടെയാണ് തീരം ഇടിഞ്ഞു താഴുന്നത്. ശക്തമായ വേലിയേറ്റ സമയങ്ങളില്‍ തിരമാല കരയിലേക്ക് അടിച്ചു കയറുമ്പോള്‍ അടിവശത്തെ മണ്ണ് കടലിലേക്ക് ഊര്‍ന്നിറങ്ങിയാണ് കൂടുതലും തീരം ഇടിയുന്നത്. 

മത്സ്യ ബന്ധന മേഖലയില്‍ പണിയെടുക്കുന്നവരാണ് പ്രദേശത്ത് ഏറെയുള്ളത്. തീരം വിണ്ടുകീറിയും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടും കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായി. സ്ഥാപിച്ചിട്ടുള്ള വൈദ്യുത തൂണുകള്‍  മണ്ണിടിഞ്ഞ് കടലില്‍ പതിക്കുന്ന സ്ഥിതിയിലാണ്. കുട്ടികള്‍ ഇടിഞ്ഞു വീഴാറായ തീരത്ത് നിന്ന് കടലിലേക്ക് നോക്കുന്നത് ഭീതിജനകമായ കാഴ്ചയാണ്. 

തീരം ഇടിയുന്നത് രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭയും ജില്ലാ ഭരണകൂടവും ഇടപെട്ട് സര്‍ക്കാരിന്റേയും തുറമുഖ വകുപ്പിന്റേയും ശ്രദ്ധയില്‍പ്പെടുത്തി സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.