കാവേരി: തമിഴ്‌നാടിന്റെ ജലവിഹിതം വെട്ടിക്കുറച്ചു

Friday 16 February 2018 6:19 pm IST

ന്യൂദല്‍ഹി: കാവേരി നദീജല തര്‍ക്ക കേസില്‍ തമിഴ്‌നാടിന്റെ ജലവിഹിതം വെട്ടിക്കുറച്ച് സുപ്രീംകോടതിയുടെ വിധി. 2007ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവില്‍ പറയുന്നതിനേക്കാള്‍ 14.75 ടിഎംസി അധികജലം കര്‍ണ്ണാടകത്തിന് അനുവദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിനും പുതുച്ചേരിക്കും നിശ്ചയിച്ചിരിക്കുന്ന വിഹിതത്തില്‍ മാറ്റമില്ലെന്നും കോടതി വ്യക്തമാക്കി. 

തമിഴ്‌നാടിന്റെ പ്രധാന ആവശ്യമായ കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കകം ബോര്‍ഡ് രൂപീകരിച്ച് വിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. കാവേരി നദിയിലെ ജലം പങ്കിടുന്നതിനുള്ള നിലവിലെ ധാരണ പതിനഞ്ചു വര്‍ഷത്തേക്ക് തുടരണം. 

തമിഴ്‌നാടിന് പ്രതിവര്‍ഷം 419 ടിഎംസി ജലം അനുവദിച്ച ട്രിബ്യൂണല്‍ ഉത്തരവ് 404.25 അടിയാക്കി സുപ്രീംകോടതി കുറച്ചിട്ടുണ്ട്. സംസ്ഥാനത്തെ പത്ത് ടിഎംസി ഭൂഗര്‍ഭജലം ഇതിന് പകരം തമിഴ്‌നാട് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. 270 ടിഎംസി ലഭിച്ചിരുന്നത് 284.75 ആയി കര്‍ണ്ണാടകത്തിന് ഉയരും. അധികമായി കര്‍ണ്ണാടകത്തിന് ലഭിക്കുന്ന ജലം ബംഗളൂരു നഗരത്തിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ഉപയോഗിക്കണം. കേരളത്തിന് 30 ടിഎംസിയും പുതുച്ചേരിക്ക് ഏഴ് ടിഎംസിയുമായി പഴയ നിരക്കില്‍ തന്നെ ജലം വിട്ടുനല്‍കണം. 

നദികള്‍ രാജ്യത്തിന്റെ പൊതുസ്വത്താണ്. അന്തര്‍സംസ്ഥാന നദികള്‍ ഒരിക്കലും ഏതെങ്കിലുമൊരു സംസ്ഥാനത്തിന്റെയല്ല. ജനങ്ങളുടെ കുടിവെള്ള ആവശ്യങ്ങളാണ് ഏറ്റവും പ്രധാനമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

120 വര്‍ഷം പഴക്കമുള്ള കാവേരി നദീജലതര്‍ക്കത്തിനാണ് സുപ്രീംകോടതി തീര്‍പ്പുണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ജലം അനുവദിച്ചുകൊണ്ടുള്ള 2007ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്. 1892,1924 എന്നീ വര്‍ഷങ്ങളിലെ കരാറുകള്‍ പൂര്‍ണ്ണമായും ഇല്ലാതാവില്ലെന്നും കോടതി വിധി വ്യക്തമാക്കുന്നുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.