ഷുഹൈബ് കൊലക്കേസിലും ഗര്‍ഭിണിയെ ആക്രമിച്ചതിലും കേന്ദ്രം വിശദീകരണം തേടി

Friday 16 February 2018 6:59 pm IST

ന്യൂദല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിലും കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭിണിയായ ജ്യോസ്‌ന സിബി ആക്രമിക്കപ്പെട്ട കേസിലും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടുന്നു. രണ്ടു കേസിലും സംസ്ഥാന സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും കമ്മീഷന്‍ അടിയന്തിര വിശദീകരണം തേടിയിട്ടുണ്ട്. 

കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി, കണ്ണൂര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍, എസ്‌പിമാര്‍ എന്നിവര്‍ക്കാണ് ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം. കണ്ണൂരില്‍ ഷുഹൈബ് എന്ന യുവാവ് കൊല ചെയ്യപ്പെട്ട വിധം അതിക്രൂരമാണെന്നും അതിനാലാണ് കമ്മീഷന്‍ അടിയന്തിരമായി ഇടപെടാന്‍ തീരുമാനിച്ചതെന്നും ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ്ജ് കുര്യന്‍ അറിയിച്ചു. 

കോടഞ്ചേരിയില്‍ നാലരമാസം ഗര്‍ഭിണിയായിരുന്ന ജ്യോസ്‌നയ്ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ഗര്‍ഭസ്ഥശിശു മരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പൈശാചികമായ നടപടിയായാണ് ന്യൂനപക്ഷ കമ്മീഷന്‍ ഇതിനെ കാണുന്നതെന്നും ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് കമ്മീഷന്‍ കടക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.