നഗരത്തില്‍ വന്‍ കഞ്ചാവുവേട്ട

Saturday 17 February 2018 2:00 am IST

 

തിരുവനന്തപുരം: എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നഗരത്തില്‍ നടത്തിയ വ്യാപക പരിശോധനയില്‍ 15 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍. ആന്ധ്രാപ്രദേശില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇന്നലെ ഉച്ചകഴിഞ്ഞു കുണ്ടമണ്‍കടവില്‍ നിന്ന് നാലു കിലോ കഞ്ചാവുമായി കുന്നന്‍പാറ സ്വദേശി ചുക്രന്‍ എന്ന രാജേഷ് (45) ആണ് ആദ്യം പിടിയിലായത്. ഇയാള്‍ നിരവധി മോഷണ, അടിപിടി കേസുകളില്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വൈകിട്ട് കിള്ളിപ്പാലം ബണ്ടുറോഡില്‍ വച്ച് ഓട്ടോറിക്ഷയില്‍ കടത്തിയ 11 കിലോ കഞ്ചാവുമായി നാലുപേരെ അറസ്റ്റുചെയ്തു. ചെങ്കല്‍ചൂള രാജാജിനഗര്‍ കോളനി സ്വദേശിയും കഞ്ചാവ് മൊത്തവിതരണക്കാരനുമായ ഉമേഷ്‌കുമാര്‍ (35), കരിമഠം കോളനി സ്വദേശി മുരുകേഷ്(34), കൊടുങ്ങാനൂര്‍ സ്വദേശി വിക്കി എന്ന വിഷ്ണു(23), പുളിയറക്കോണം സ്വദേശി പാര്‍ഥിപന്‍(23) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തിയ ഓട്ടോയും പിടിച്ചെടുത്തു. നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു വന്‍തോതില്‍ കഞ്ചാവ് വിറ്റഴിക്കുന്ന മാഫിയയില്‍ പെട്ടവരാണ് അറസ്റ്റിലായവര്‍.

എക്‌സൈസ് സിഐ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ സി.കെ. അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ രാജന്‍, ദീപുകുട്ടന്‍, അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, ശിവന്‍, ബിനുരാജ്, രാജേഷ്‌കുമാര്‍, ഡ്രൈവര്‍ സുധീര്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.