അര്‍ബുദം പടരുന്ന ഗ്രാമം

Saturday 17 February 2018 2:00 am IST

 

വിളപ്പില്‍: അര്‍ബുദം കാര്‍ന്നുതിന്നുന്ന ഗ്രാമമായി വിളപ്പില്‍ പഞ്ചായത്ത്. പഞ്ചായത്തിലെ 20 വാര്‍ഡുകളിലായി ക്യാന്‍സര്‍ ബാധിച്ചവരുടെ എണ്ണം നൂറിനും മേലെ. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പത്തു പേരുണ്ടെന്ന് വിളപ്പില്‍ സാമൂഹികാരോഗ്യകേന്ദ്രം സ്ഥിരീകരിച്ചു. ശേഷിക്കുന്നവര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സ തുടരുന്നവരോ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവരോ ആണ്. 

ചികിത്സയ്ക്ക് സര്‍ക്കാര്‍ ധനസഹായം നേടിയവര്‍, പാലിയേറ്റീവ് ക്ലിനിക്കുകളില്‍ പേര് ഉള്‍പ്പെടുത്തിയവര്‍, ആശാ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കണ്ടെത്തിയവര്‍ എന്നിങ്ങനെയുള്ള രോഗികളുടെ കണക്കാണിത്. സര്‍ക്കാര്‍ സഹായങ്ങള്‍ സ്വീകരിക്കാതെ സ്വകാര്യആശുപത്രികളില്‍ ചികിത്സ നടത്തുന്നവരുടെയും രോഗവിവരം പുറത്തു പറയാത്തവരുടെയും കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ വിളപ്പിലിലെ അര്‍ബുദരോഗികളുടെ എണ്ണം ഇരുന്നൂറിനു മുകളില്‍. അഞ്ചു വര്‍ഷത്തിനിടെ വിളപ്പിലില്‍ അര്‍ബുദം ബാധിച്ച് മരിച്ചവര്‍ നൂറോളം. സംസ്ഥാനത്ത് ഇത്രയധികം ക്യാന്‍സര്‍ രോഗികളുള്ള ഗ്രാമം ഒരുപക്ഷേ വിളപ്പില്‍ പഞ്ചായത്തായിരിക്കും.

നഗര മാലിന്യങ്ങളുടെ ഡമ്പിംഗ് യാര്‍ഡായി മാറിയതോടെയാണ് വിളപ്പില്‍ അര്‍ബുദത്തിന്റെ താഴ്‌വാരമായത്. 2000 ല്‍ ചവര്‍ ഫാക്ടറി വരുന്നതിന് മുമ്പ് ഇവിടെ ക്യാന്‍സറിന് ചികിത്സ തേടിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ച് പത്തു വര്‍ഷം പിന്നിട്ടപ്പോള്‍ ഇത് അമ്പതിന് മുകളിലായി. ചവര്‍ സംഭരണശാല സ്ഥിതി ചെയ്തിരുന്ന കണികാണുംപാറയുമായി ചേര്‍ന്നു കിടക്കുന്ന ചൊവ്വള്ളൂര്‍, ചെറുകോട്, കാരോട് വാര്‍ഡുകളിലുള്ളവരാണ് രോഗം ബാധിച്ചവരില്‍ ഏറെയും.

അഞ്ചുവര്‍ഷം മുമ്പ് വിളപ്പില്‍ പഞ്ചായത്ത് രോഗബാധിത പ്രദേശങ്ങളില്‍ വൈദ്യസഹായം എത്തിക്കാന്‍ ഒരു പാലിയേറ്റീവ് നഴ്‌സിനെ നിയമിച്ചു. രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ഈ നഴ്‌സിന് എല്ലായിടത്തും ഓടിയെത്താനാകാത്ത സ്ഥിതിയായി. വിളപ്പില്‍ സിഎച്ച്‌സിയുടെ പാലിയേറ്റീവ് വിഭാഗമാണ് ഇപ്പോള്‍ സാന്ത്വനചികിത്സയുമായി രംഗത്തുള്ളത്. ആവശ്യത്തിന് ഡോക്ടര്‍മാരും പേരിനുപോലും നഴ്‌സുമില്ലാത്ത വിളപ്പില്‍ സിഎച്ച്‌സിക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനുമില്ല. കൂടുതല്‍ വൈദ്യസഹായം, ചികിത്സ നടത്തി സര്‍വതും നഷ്ടമായ രോഗികള്‍ക്ക് പുനരധിവാസം എന്നിവ ഉള്‍പ്പെടുത്തി വിളപ്പിലിന് സര്‍ക്കാര്‍ പാക്കേജ് ഉണ്ടാകണം. മാലിന്യത്തിനെതിരെ ധീരമായി പോരാടിയ ഗ്രാമമാണ് ഇന്ന് അര്‍ബുദത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.