നേമം എസ്‌ഐയോട് പറഞ്ഞാല്‍ പുരയിടത്തില്‍ മണ്ണടിക്കാന്‍ പോലീസ് അകമ്പടി

Saturday 17 February 2018 2:00 am IST

 

കരുമം: നേമം സ്റ്റേഷന്‍ പരിധിയില്‍ ആര്‍ക്കെങ്കിലും പുരയിടത്തില്‍ മണ്ണടിക്കണമെങ്കില്‍ നേമം എസ്‌ഐയോട് പറഞ്ഞാല്‍ മതി. കയ്യും മെയ്യും മറന്ന് അതിന് പ്രവര്‍ത്തിക്കും. ചില്ലറ ചെലവുണ്ടെന്നു മാത്രം. നാട്ടുകാരുടെ എതിര്‍പ്പിന് പുല്ലുവില.

ഒരാഴ്ചയോളമായി നേമം സ്റ്റേഷന്‍ പരിധിയിലെ കരുമം ഇടഗ്രാമത്ത് ക്യത്യമായ രേഖകള്‍ ഇല്ലാതെ വേസ്റ്റ് മണ്ണ് പുരയിടത്തില്‍ നിക്ഷേപിക്കുന്നു. 40സെന്റ് വരുന്ന ഭൂമിയില്‍ ആറടിപൊക്കത്തില്‍ മണ്ണടിക്കല്‍ തകൃതി. മൂന്ന് ടിപ്പറുകളിലായി അന്‍പതില്‍പരം ലോഡ് മണ്ണ് അടിച്ചു. ഇത്രയും പൊക്കത്തില്‍ മണ്ണടിക്കല്‍ നടക്കുന്നതിനാല്‍ ചുറ്റുമുള്ള ഹരിജന്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

സമീപപ്രദേശങ്ങളില്‍ റോഡ് പണിനടക്കുന്നതിനാല്‍ അവിടെ വരുന്ന ടിപ്പറുകള്‍ക്കിടയില്‍ കൂടിയാണ് ഇവിടത്തെയും ലോഡ് വരുന്നത്. ചെറിയ റോഡില്‍ കൂടി സ്‌കൂള്‍ സമയങ്ങളില്‍ ചീറിപ്പായുന്ന ടിപ്പറുകള്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. ബുധനാഴ്ച ലോഡുമായിവന്ന ടിപ്പറുകള്‍ കൗണ്‍സിലര്‍ സജിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. വിവരമറിഞ്ഞ് നേമം എസ്‌ഐയും സംഘവും സ്ഥലത്തെത്തി. വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ് മണ്ണടിക്കുന്നതെന്ന് പറഞ്ഞ് ടിപ്പറുകള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നെന്ന വ്യാജേന പ്രദേശത്ത് നിന്ന് മാറ്റി. ടിപ്പറുകള്‍ കാരയ്ക്കാമണ്ഡപമെത്തിയപ്പോള്‍ എസ്‌ഐ 'സല്യൂട്ട്' അടിച്ച് പറഞ്ഞുവിട്ടു എന്നാണ് ആക്ഷേപം. ഇന്നലെ രാവിലെയും രണ്ട് ടിപ്പറുകളിലായി വന്ന വേസ്റ്റ് മണ്ണ് നാട്ടുകാര്‍ തടഞ്ഞിട്ടു. പ്രതിഷേധം ശക്തമായപ്പോള്‍ എസ്‌ഐയും സംഘവും സ്ഥലത്തെത്തി വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ് കൊണ്ടുവന്നതെന്ന പല്ലവി ആവര്‍ത്തിച്ച് കൊണ്ടുപോയി.

നേമം എസ്‌ഐ കൊണ്ടുപോകുന്ന വണ്ടികള്‍ ഒന്നും സ്റ്റേഷനില്‍ എത്താറില്ലെന്നതാണ് വസ്തുത. രണ്ടാഴ്ച മുമ്പ് വസ്തുവിന്റ് ഉടമസ്ഥനൊപ്പം എസ്‌ഐ സ്ഥലം സന്ദര്‍ശിച്ച് കൈമടക്ക് വാങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. വസ്തുഉടമസ്ഥന്‍ വില്ലേജാഫീസറുടെയും ജിയോളജിവകുപ്പിന്റെയും അനുമതി വാങ്ങിയെന്നാണ് എസ്‌ഐയുടെ വാദം. എന്നാല്‍ താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വില്ലേജ് ഓഫീസര്‍ പറയുന്നു. റോഡുപണിക്ക് വരുന്ന ലോറികള്‍ തടഞ്ഞ് പിഴ ചുമത്തുന്ന പോലീസ് ഇത്തരം ലോറികള്‍ കാണാതെ പോകുന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കൗണ്‍സിലര്‍ പാപ്പനംകോട് സജി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയിലേക്ക് ബിജെപി കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നേമത്തെ സിപിഎം സഖാക്കളുടെ കണ്ണിലുണ്ണിയാണ് നേമം എസ്‌ഐ. മണ്ണടിക്കുന്നതിന്റെ പങ്ക് സിപിഎം പ്രാദേശികനേതാക്കള്‍ക്കും കിട്ടുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വര്‍ധിക്കുന്നെന്ന് പരാതിപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാത്ത എസ്ഐ മണ്ണടിപ്പില്‍ കാണിക്കുന്ന ഉത്സാഹം നാട്ടുകാര്‍ക്ക് മനസ്സിലായിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.