യോഗിയുടെ എന്‍കൗണ്ടര്‍ വിരട്ടലേറ്റു, കൊല്ലല്ലേ എന്ന പ്ലക്കാര്‍ഡുമായി ഗുണ്ടകള്‍ തെരുവില്‍

Friday 16 February 2018 7:33 pm IST

മീററ്റ്: യോഗി ആദിത്യ നാഥ് 'എന്‍കൗണ്ടര്‍' പ്രഖ്യാപിച്ചു, പേടിച്ചരണ്ട ഗുണ്ടകള്‍ ആയുധം ഉപേക്ഷിച്ചു. ഇനി മാന്യമായി പണിയെടുത്ത് ജീവിച്ചുകൊള്ളാം, കുറ്റകൃത്യങ്ങള്‍ക്കില്ലെന്ന് അവര്‍ പ്രചാരണ ബോര്‍ഡും പിടിച്ച് തെരുവില്‍ നടന്നു. ഗുണ്ടാപ്പണിക്കിറങ്ങിയാല്‍ വെടിവെച്ചിടുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രഖ്യാപനം യുപിയില്‍ ഫലം കാണുകയാണ്. 

സലിം അലിയും ഇര്‍ഷാദ് അഹമ്മദും നിരത്തിലിറങ്ങിയെന്നറിഞ്ഞാല്‍ മീററ്റുകാര്‍ പുരയ്ക്കകത്തു കയറുമായിരുന്നു. അതാണ് പതിവ്. അത്രത്തോളം കൊടും ക്രിമിനലുകള്‍. വ്യാഴാഴ്ച അവരെ കണ്ടവര്‍ അമ്പരന്നു. കൈയില്‍ നിറതോക്കോ കൊടുവാളോ ലാത്തിയോ പോലുമില്ല. പകരം ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''ഞാന്‍ ഇനിമുതല്‍ ഒരു കുറ്റവും ചെയ്യില്ല. കഠനാദ്ധ്വാനം ചെയ്ത് നല്ല മാര്‍ഗ്ഗത്തില്‍ ജീവിച്ചുകൊള്ളാം.'' മീററ്റിലെ കൈറാണാ നഗരക്കാര്‍ക്ക് അത് കൗതുകക്കാഴ്ചയായിരുന്നു. ഇരുവരും ഒട്ടേറെ കൊലക്കേസുകളിലും കൊള്ളയടിക്കലുകളിലും പങ്കാളികളാണ്. അവര്‍ ഷാമിലിയിലെ പോലീസ് സൂപ്രണ്ട് അജയ്പാല്‍ ശര്‍മ്മക്ക് സത്യവാങ്മൂലവും എഴുതിക്കൊടുത്തു. 

കുടുംബവുമൊത്ത് സമാധാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇരുവരും പറയുന്നത്. ഒമ്പതുവീതം കേസുകളില്‍ പ്രതികളായ ഇരുവരും കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. 

കുറ്റവാളികളെ നേരിട്ട് ഏറ്റുമുട്ടി വീഴ്ത്തുന്നതില്‍ വിദഗ്ദ്ധനായ ശര്‍മ്മ മീററ്റില്‍ മാത്രം ആറുമാസത്തിനിടെ ആറ് കൊടും കുറ്റവാളികളെ വീഴ്ത്തി. ഈ സംഭവങ്ങള്‍ നിയമസഭയില്‍ വിശദീകരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റവാളികള്‍ക്കെതിരേ തോക്കുപയോഗിക്കാന്‍ പോലീസിന് അനുമതി കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.