ശബ്ദാക്രമണം: 21 നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് തലച്ചോറിന് പരിക്ക്

Friday 16 February 2018 8:13 pm IST

മിയാമി: ദുരൂഹ ശബ്ദത്താല്‍ രോഗബാധിതരായെന്ന് അമേരിക്കയിലെ 21 നയതന്ത്ര പ്രതിനിധികള്‍. ഫ്‌ളോറിഡയുടെ അയല്‍ രാജ്യമായ ക്യൂബയില്‍വെച്ചാണ് ഈ ശബ്ദ ആക്രമണമെന്നും തലച്ചോറിനെയാണ് ആക്രമണം ബാധിച്ചതെന്നും അവര്‍ വിവരിക്കുന്നു. യുഎസ് ഗവേഷകര്‍ നടത്തിയ പരീക്ഷണത്തില്‍ പരിക്ക് സ്ഥിരീകരിച്ചു. കാരണം ഇനിയും വ്യക്തമായിട്ടില്ല. 

പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പെരേല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ 21 പേരെയും പരിശോധിച്ച് പഠനം നടത്തി. 21 പേരും അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ 2016-17 കാലത്ത് ജോലി ചെയ്തവരാണ്.  തലയ്ക്ക് ഒരു പരിക്കുമില്ലാതെ ഇവര്‍ക്കെല്ലാം തലച്ചോറിന് പരിക്കുണ്‌ടെന്ന് അമേരിക്കയിലെ പ്രശസ്ത ആരോഗ്യ മാസികയായ ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ജാമാ) വാര്‍ത്ത പ്രസിദ്ധീകരിച്ചു. 

ഛര്‍ദ്ദി, തലവേദന, ചെവിവേദന, കേള്‍വി പ്രശ്‌നം, വായിക്കാനും ഏകാഗ്രതയ്ക്കും കുറവ്, വെളിച്ചം കാണാന്‍ വിഷമം, ഉറക്കക്കുറവ് തുടങ്ങിയവയതാണ് അസ്വസ്ഥതകള്‍. പലര്‍ക്കും മൂന്നു മാസമായി അനുഭവപ്പെടുന്നു. ഇവര്‍ താമസിച്ചിരുന്ന വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും സമീപം ഏറെ നേര്‍ത്തതും തുളച്ചുകയറുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതും തികച്ചും അപരിചിതവുമായ ശബ്ദം കേട്ടതായി 21 പേരും സ്ഥിരീകരിച്ചു. എല്ലാവരും പറയുന്ന വിശദീകരണങ്ങള്‍ സമാനമാണ്. മൂന്നുപേരൊഴികെ മറ്റെല്ലാവരും ശബ്ദം ഉച്ചസ്ഥായിയിലായിരുന്നുവെന്ന് പറഞ്ഞു. 

എന്താണ് കാരണമെന്ന് കണ്‌ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. 'ശബ്ദത്തിലൂടെയുള്ള ആക്രമണം' അസാധാരണവും ആദ്യത്തേതുമാണെന്ന് ഗവേഷകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.