സിപിഐ ജില്ലാ സമ്മേളനം റിപ്പോര്‍ട്ട് ചോര്‍ന്നു; ജില്ലാ നേതാവിനെതിരെ ആരോപണം

Saturday 17 February 2018 1:48 am IST


ആലപ്പുഴ: സിപിഐ ജില്ലാ സമ്മേളനത്തില്‍ ഇന്ന് പ്രതിനിധികള്‍ക്ക് വിതരണം ചെയ്യേണ്ട റിപ്പോര്‍ട്ട് ചോര്‍ത്തി മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയത് ജില്ലയിലെ പ്രമുഖ നേതാവെന്ന് ആരോപണം ഉയരുന്നു. പാര്‍ട്ടി ജില്ലാ ഘടകം മൂന്ന് ചേരികളിലായി നില്‍ക്കെ സമ്മേളന റിപ്പോര്‍ട്ട് പോലും ചോരുന്നത് ജില്ലാ നേതൃത്വത്തിന്റെ ഗുരുതര വീഴ്ചയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
 സിപിഎമ്മില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് പുറത്തായ നേതാവ് സിപിഐയിലും ഇതെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നാണ് വിമര്‍ശനം. ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കാനാണ് ഒരു വിഭാഗം പ്രതിനിധികളുടെ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി. പുരുഷോത്തമന്‍, മന്ത്രി പി. തിലോത്തമന്‍, ജില്ലാ സെക്രട്ടറി ടി. ജി. ആഞ്ചലോസ് എന്നിവരെ കേന്ദ്രീകരിച്ച് മൂന്ന് ഗ്രൂപ്പുകളായാണ് ജില്ലയിലെ സിപിഐ പ്രവര്‍ത്തനം. കെ. ഇ. ഇസ്മയില്‍ പക്ഷത്താണ് ടി. പുരുഷോത്തമനെങ്കില്‍ മറ്റു രണ്ടു വിഭാഗങ്ങളും ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്.
 പതിവു പോലെ സിപിഎമ്മിനെ വിമര്‍ശിക്കാനാണ് റിപ്പോര്‍ട്ടില്‍ ഏറെയും ശ്രമിച്ചിട്ടുള്ളത്. സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ അണികളുടെ കയ്യടി കൂടുതല്‍ കിട്ടുമെന്ന താണ് ഇതിന് കാരണം. മന്ത്രി തോമസ് ഐസക്കിനെതിരെ അതിനിശിതമായ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍  ജി. സുധാകരനെ അതിരു കവിഞ്ഞ് പ്രശംസിക്കാനും ശ്രമിച്ചിട്ടുണ്ട്.
 ടി.വി. തോമസിന്റെ നേതൃത്വത്തില്‍ പൊതുമേഖലയില്‍ ഉള്‍പ്പെടെ ആരംഭിച്ച ജില്ലയിലെ ഭൂരിഭാഗം വ്യവസായ സ്ഥാപനങ്ങളും തകര്‍ച്ചയിലാണ്. ധനമന്ത്രിയുടെ മണ്ഡലത്തിലാണു കൂടുതല്‍ സ്ഥാപനങ്ങളും നില്‍ക്കുന്നതെങ്കിലും ഇവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ മന്ത്രി പൂര്‍ണ പരാജയമാണ്.
 കയര്‍ മേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നടപടിയൊന്നും സ്വീകരിച്ചില്ല. കയര്‍ കയറ്റുമതിക്കാര്‍ക്കും വന്‍കിട കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതാണു മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ 'കയര്‍ കേരള' പ്രദര്‍ശനമെന്നും കുറ്റപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.