നടുക്കത്തോടെ തമിഴ്‌നാട്; കര്‍ണാടകത്തില്‍ ആഹ്ലാദം

Saturday 17 February 2018 1:53 am IST

ചെന്നൈ/ബംഗളൂരു: കാവേരിയില്‍ നിന്ന് കൂടുതല്‍ ജലം കര്‍ണാടകത്തിനു നല്‍കാനുള്ള സുപ്രീംകോടതി വിധിയില്‍ തമിഴ്‌നാട് കടുത്ത നടുക്കത്തില്‍. കാലങ്ങളായി തുടരുന്ന കാവേരി നദീജലതര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായ വിധിയാണ് പലപ്പോഴും ട്രൈബ്യൂണലില്‍ നിന്നും വന്നിരുന്നത്. ട്രൈബൂണലിന്റെ ഒടുവിലത്തെ വിധിയും തമിഴ്‌നാടിന് ഗുണകരമായിരുന്നു.

എന്നാല്‍, ഇന്നലത്തെ വിധി തമിഴ്‌നാട്ടിലെ ജനങ്ങളും രാഷ്ട്രീയ കക്ഷികളും ഞെട്ടലോടെയാണ് കേട്ടത്. വിധി പൂര്‍ണായും കര്‍ണാടകത്തിന് അനുകൂലമായതില്‍ തമിഴ് ജനത രോഷാകുലരാണ്. 

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു ശേഷമുള്ള രാഷ്ട്രീയ നാടകങ്ങളില്‍ കുരുങ്ങി അധികാരമുറപ്പിക്കാനുള്ള ശ്രമത്തിനിടെ എഐഎഡിഎംകെ സര്‍ക്കാര്‍ കേസ് നല്ല രീതിയില്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു എന്നാണ് പ്രധാന ആരോപണം. രാഷ്ട്രീയത്തിലേക്ക് കാലൂന്നാന്‍ തയ്യാറെടുക്കന്ന നടന്‍ കമല്‍ഹാസന്‍ ഈ ആരോപണം ശക്തമായി ഉന്നയിച്ചു കഴിഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മിലടിക്കാതെ ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കണം എന്നാണ് കമല്‍ അഭിപ്രായപ്പെട്ടതെങ്കിലും തമിഴ്‌നാട് സര്‍ക്കാരിനോടുള്ള വിമര്‍ശനം ശക്തമായി രേഖപ്പെടുത്തി. 

ഈ വിധി തീര്‍ത്തും നിരാശയാണ് സമ്മാനിക്കുന്നതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു. കര്‍ണാടക എക്കാലത്തും തമിഴ്‌നാടിനെ വഞ്ചിക്കുകയായിരുന്നു കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തമിഴ്‌നാടിന് ആവശ്യമായ വെള്ളം നല്‍കുകയാണ് വേണ്ടത്, തമിളിസൈ പറഞ്ഞു.

കേസു നടത്തുന്നതില്‍ പളനിസ്വാമി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ എസ്. ദുരൈമുരുകന്‍ പറഞ്ഞു. ട്രൈബ്യൂണലിലും സുപ്രീംകോടതിയിലും കര്‍ണാടക സര്‍ക്കാര്‍ ഒരേ വാദങ്ങള്‍ ശക്തമായി അവതരിപ്പിച്ചു. എന്നാല്‍ സുപ്രീം കോടതിയില്‍ തമിഴ്‌നാടിന് പലപ്പോഴും കൃത്യമായ നയമുണ്ടായിരുന്നില്ല, ദുരൈമുരുകന്‍ കുറ്റപ്പെടുത്തി. 

അതേസമയം കര്‍ണാടകത്തില്‍ വലിയ ആഹ്ലാദാന്തരീക്ഷമാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള വിധി രാഷ്ട്രീയമായി എങ്ങനെ അനുകൂലമാക്കാം എന്ന ചിന്തയിലാണ് പാര്‍ട്ടികള്‍. കാവേരി സമരത്തിന് നേതൃത്വം നല്‍കിയ രൈത ഹിതരക്ഷ്ണ സമിതിയുടെ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷത്തിലായിരുന്നു. വിധി സമഗ്രമായി പഠിച്ചതിനു ശേഷം വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് സമിതി നേതാവും മുന്‍ എംപിയുമായ ജി. മദേഗൗഡ പറഞ്ഞു. 

മാണ്ഡ്യയിയും മൈസൂരിലും കര്‍ഷകര്‍ നിരത്തിലിറങ്ങി ആഹ്ലാദ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. 

തമിഴ്‌നാടിനും കര്‍ണാടകത്തിനുമിടയില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളോട് യാത്ര നിര്‍ത്തിവെക്കാന്‍ ഇരു സംസ്ഥാനത്തെയും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലേക്കുള്ള കര്‍ണാടക ബസ്സുകള്‍ പുനജനൂര്‍ ചെക്‌പോസ്റ്റില്‍ തടഞ്ഞിരിക്കുകയാണ്. വിധി പ്രതികൂലമായതില്‍ തമിഴ്‌നാട്ടില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.