സിപിഎം കേന്ദ്രത്തില്‍നിന്ന് വീണ്ടും ബോംബുകളും ആയുധങ്ങളും പിടികൂടി

Friday 16 February 2018 9:05 pm IST

 

ഇരിട്ടി: ജനങ്ങളെ ആശങ്കയിലാഴ്ത്തി സിപിഎം കേന്ദ്രമായ തില്ലങ്കേരി മാമ്പ്രത്ത് നിന്ന് വീണ്ടും ബോംബും ബോംബ് നിര്‍മ്മാണ സാമഗ്രികളും, ആയുധങ്ങളും പിടികൂടി. ഒരു നാടന്‍ ബോംബ്, ബോംബ് നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന മൂന്ന് സ്റ്റീല്‍ പാത്രങ്ങള്‍, ഇരുമ്പ് ദണ്ഡുകള്‍, പ്രത്യേക രീതില്‍ വെല്‍ഡ് ചെയ്ത് നിര്‍മ്മിച്ച ആയുധങ്ങള്‍ എന്നിവയാണ് പിടികൂടിയത്. ഇവ മാമ്പറം പുന്നാട് റോഡരികിലെ കലിങ്കിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. മുഴക്കുന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു നടന്ന റെയ്ഡിലാണ് മുഴക്കുന്ന് എസ്‌ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തിയത്. 

 മുന്‍പ് ഇതിനു സമീപമുള്ള പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ ആള്‍ത്താമസമില്ലാത്ത വീടിന്റെ പുറകുവശത്തുനിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ ഉള്‍പ്പെടെ നാല് ബോംബുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ മൂന്നു തവണയാണ് ഇതേ പ്രദേശത്ത് നിന്നും ബോംബുകള്‍ പിടികൂടുന്നത്. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കയാണ്.

മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് നിന്നും മീത്തലെ പുന്നാട് വഴി പുന്നാട് ടൗണില്‍ എളുപ്പം എത്തിച്ചേരുന്ന റോഡ് തില്ലങ്കേരി പഞ്ചായത്തില്‍ പെട്ട മാമ്പ്രം വഴിയാണ് കടന്നു വരുന്നത്. മീത്തലെ പുന്നാട് മേഖലയില്‍ അടുത്തിടെ ക്ഷേത്രോത്സവങ്ങള്‍, സമഷ്ടിചണ്ഡികാ യാഗം എന്നിവ നടക്കാനിരിക്കേ ഇത്തരം ബോംബുകളും ആയുധങ്ങളും മറ്റും കണ്ടെത്തുന്നത് ഭീതിയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. 

എസ്‌ഐയെ കൂടാതെ എഎസ്‌ഐമാരായ പി.വി.മനോജ്, വി.ജെ.ജോസഫ്, ഇ.പ്രസാദ്, സിപിഒ മാരായ വിനയകുമാര്‍, ബിജു വാകേരി, എന്‍.അനീഷ്, എന്‍.വിജേഷ്, പി.ദീപു, കെ.വി.നിധീഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.