ചെറുപുഴ ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വ്യാപാരികളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു

Friday 16 February 2018 9:06 pm IST

 

ചെറുപുഴ: സാമൂഹ്യദ്രോഹികള്‍ വൃത്തിഹീനമാക്കിയ ചെറുപുഴ ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രം സമീപത്തെ വ്യാപാരികളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ചെറുപുഴ ബസ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ബസ്‌കാത്തിരിക്കാനുളള ഏക സ്ഥലമാണിത്. ഇവിടെയാണ് ചെറുപുഴ പോലീസിന്റെ ഔട്ട്‌പോസ്റ്റ്. പകല്‍ സമയത്ത് സ്ത്രീ യാത്രക്കാര്‍ ധാരാളം ഇവിടെ ഉണ്ടാകും. 

എന്നാല്‍ രാത്രിയായിക്കഴിഞ്ഞാല്‍ ഇവിടം സാമൂഹ്യവിരുദ്ധര്‍ കൈയടക്കും. മദ്യപിക്കുന്നതുകൂടാതെ മലമൂത്രവിസര്‍ജ്ജനം പോലും ഇവിടെ നടത്തുന്നു. രാത്രിയായാല്‍ ഇവിടെ വെളിച്ചമില്ലെന്നുള്ളതും സമൂഹ്യവിരുദ്ധര്‍ക്ക് സഹായകമാകുകയാണ്. കെട്ടിടത്തിന്റെ ഭിത്തി മുഴുവന്‍ പോസ്റ്ററുകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. ചെറുപുഴ പഞ്ചായത്തധികൃതര്‍ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നുമില്ല. ബസ് സ്റ്റാന്റ് നിര്‍മ്മിച്ച കാലത്തെ ശുചിമുറിയായി ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. 

പഞ്ചായത്ത് അനുമതികൊടുത്താല്‍ ആധുനികരീതിയില്‍ പുതിയ ബസ്‌കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ തയ്യാറുള്ള വ്യാപാരികള്‍ ഉണ്ടെങ്കിലും പഞ്ചായത്ത് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. കെട്ടിടമാണെങ്കില്‍ അപകടാവസ്ഥയിലുമാണ്. സമീപത്തെ വ്യാപാരികള്‍ ചേര്‍ന്ന് കാത്തിരിപ്പ് കേന്ദ്രം ശുചീകരിക്കുകയായിരുന്നു. വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുകയും പോസ്റ്ററുകള്‍ നീക്കുകയും ചെയ്തു. പി.കെ.ജനാര്‍ദ്ദനന്‍, സി.ഷംസീര്‍, കെ.രാജേന്ദ്രന്‍, എന്നിവര്‍ നേതൃത്വം നല്‍കി.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.