വഴിയോര കച്ചവടക്കാരും വ്യാപാരികളും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും

Friday 16 February 2018 9:07 pm IST

 

ചെറുപുഴ: ചെറുപുഴ ടൗണില്‍ വഴിയോര കച്ചവടക്കാരും വ്യാപാരികളും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും പതിവാകുന്നു. പെട്ടി ഓട്ടോറിക്ഷയില്‍ പഴങ്ങള്‍ വില്‍ക്കാനെത്തിയവരെ ചെറുപുഴ ടൗണിലെ വ്യാപരികളില്‍ ചിലര്‍ തടയുകയായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ചെറുപുഴ മേലെ ബസാറില്‍ പെട്ടി ഓട്ടോറിക്ഷയില്‍ ആപ്പിളും ഓറഞ്ചും വില്‍ക്കാനെത്തിയവരെയാണ് ടൗണിലെ ചില വ്യാപാരികള്‍ ചേര്‍ന്ന് തടഞ്ഞത്. ഇത് ഇവര്‍ തമ്മില്‍ തര്‍ക്കത്തിനും വാക്കേറ്റത്തിനും കാരണമായി. മുന്‍പും ഇവര്‍ തമ്മില്‍ ഇതേസ്ഥലത്ത് വാക്കേറ്റമുണ്ടായിരുന്നു. 

വന്‍ മുതല്‍ മുടക്കി കച്ചവടത്തിനിരിക്കുന്ന തങ്ങളുടെ കച്ചവടത്തെ വഴിയോര കച്ചവടക്കാര്‍ തകര്‍ക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഞങ്ങളും ജീവിക്കാന്‍ വേണ്ടിയാണ് വാഹനത്തില്‍ നടന്ന് കച്ചവടം നടത്തുന്നതെന്നാണ് വഴിയോര കച്ചവടക്കാരുടെ പക്ഷം. നാട്ടുകാരില്‍ കുറേപ്പേര്‍ വഴിയോര കച്ചവടക്കാര്‍ക്ക് പിന്‍തുണയുമായെത്തിയതോടെ വ്യാപാരികള്‍ ചെറുപുഴ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരുകൂട്ടരോടും ചര്‍ച്ച നടത്തുന്നതിനിടയില്‍ സ്ഥലത്ത് നേരിയ സംഘര്‍ഷവുമുണ്ടായി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. 

പിന്നീട് വഴിയോര കച്ചവടക്കാരെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. വ്യാപാരികള്‍ വന്‍ ലാഭത്തിലാണ് പഴങ്ങള്‍ കച്ചവടം നടത്തുന്നതെന്നും കുറഞ്ഞ വിലയ്ക്ക് വഴിയോര കച്ചവടക്കാരാണ് പഴങ്ങള്‍ നല്‍കുന്നതെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം. എന്നാല്‍ കാക്കേഞ്ചാല്‍ മുതല്‍ ചെറുപുഴ പുതിയപാലം വരെ വാഹനങ്ങളില്‍ കൊണ്ടുവന്ന് പഴങ്ങള്‍, പച്ചക്കറി, മല്‍സ്യം എന്നിവ വില്‍ക്കുന്നത് അനധികൃതമാണെന്ന് ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.