സൈക്കിള്‍ ഉപയോഗിക്കൂ; ആരോഗ്യം നേടൂ കാംപയിനിന് ഇന്ന് തുടക്കം പങ്കാളികളാവാന്‍ സൈക്കിളുമായി എത്തണം

Friday 16 February 2018 9:08 pm IST

 

കണ്ണൂര്‍: സമൂഹത്തിന്റെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് സൈക്കിള്‍ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പുതിയ കാംപയിന് ഇന്ന് തുടക്കമാവും. രാവിലെ 8.30ന് കലക്ടറേറ്റ് പരിസരത്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ് തുടങ്ങിയവര്‍ സംബന്ധിക്കും. 

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഡിടിപിസി എന്നിവ സംയുക്തമായാണ് കാംപയിന്‍ നടപ്പിലാക്കുന്നത്. നല്ലനാട്, നല്ല മണ്ണ് കാംപയിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് സൈക്കിള്‍ ഉപയോഗിക്കൂ, ആരോഗ്യം നേടൂ കാംപയിന്‍. ആഴ്ചയിലൊരു തവണയെങ്കിലും ചെറുയാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുകയെന്നതാണ് കാംപയിന്റെ ആദ്യഘട്ട സന്ദേശമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും കാംപയിനില്‍ പങ്കാളികളാക്കും. വീട്ടിനു തൊട്ടടുത്തുള്ള കടയിലേക്ക് പോലും വാഹനവുമായി ഇറങ്ങുന്ന ശീലം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിത ശൈലീരോഗങ്ങള്‍ സാര്‍വത്രികമായിക്കഴിഞ്ഞ ഇക്കാലത്ത് ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കേണ്ടത് അനിവാര്യമാണ്. കൂടുതല്‍ പേര്‍ സൈക്കിളുമായി റോഡിലിറങ്ങുന്നതോടെ അതിന് അനുകൂലമായ സംവിധാനങ്ങള്‍ രൂപപ്പെട്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യസംരക്ഷണത്തില്‍ ഏറെ പിറകിലാണ് പുതുതലമുറയെന്നും അതിനാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രത്യേക ഊന്നല്‍ നല്‍കി കാംപയിന്‍ നടപ്പിലാക്കുമെന്നും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. സ്‌കൂളിനടുത്തുള്ള കുട്ടികളെ പരമാവധി സൈക്കിള്‍ ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിക്കും. കുട്ടികളില്‍ കായിക്ഷമത വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി വര്‍ഷത്തില്‍ രണ്ട് തവണകളിലായി കായികക്ഷമതാ പരിശോധന നടത്തും. ജൂണ്‍, ജൂലൈ മാസങ്ങളിലായി ആദ്യ പരിശോനയും ജനുവരി മാസത്തില്‍ രണ്ടാമത്തെ പരിശോധനയും നടത്തും. കായികക്ഷമതയുടെ കാര്യത്തില്‍ എത്രമാത്രം പുരോഗതിയുണ്ടെന്ന് വിലയിരുത്താന്‍ ഇതുപകരിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം മാത്രമേ പരിശോധിക്കപ്പെടുന്നുള്ളൂ എന്നും കായിക ക്ഷമത അവഗണിക്കപ്പെടുന്ന സ്ഥിതിയാണെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. 

സൈക്കിള്‍ കൈവശമുള്ള മുഴുവനാളുകളും കാംപയിന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാവിലെ എട്ട് മണിയോടെ കലക്ടറേറ്റ് പരിസരത്ത് എത്തിച്ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.കെ.വിനീഷ് എന്നിവരും പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.