വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ല: ബസ്സുടമകള്‍

Friday 16 February 2018 9:09 pm IST

 

കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ വി.ജെ സബാസ്റ്റ്യന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എത്ര ദിവസം ബസ് ഓടാതെ കിടന്നാലും സമരം അവസാനിപ്പിക്കില്ല. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് സമ്പന്ധിച്ച് രാമചന്ദ്രന്‍ കമ്മീഷന്‍ നിര്‍ദേശിച്ച നിരക്കെങ്കിലും അനുവദിക്കണം. സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാനിരക്ക് വഹിക്കാന്‍ ബാധ്യതയില്ലെന്ന 1966 ലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി നടപ്പാക്കിക്കിട്ടാന്‍ സുപ്രീം കോടതിയെ സമീപിക്കും. മറ്റ് ഒരു സംസ്ഥാനത്തും വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസില്‍ യാത്ര കണ്‍സഷന്‍ ഇല്ല. വിദ്യാര്‍ത്ഥികളുടെ യാത്രാസൗജന്യപരിധി കഴിഞ്ഞ നോട്ടിഫിക്കേഷന്‍ വഴി എടുത്തുകളഞ്ഞു. നേരത്തെ ഇത് 24 വയസ്സായിരുന്നു. ഇപ്പോള്‍ വിദ്യാര്‍ത്ഥിയാണെന്ന് കാണിച്ച് ആര്‍ക്കും യാത്ര സൗജന്യം പറ്റാമെന്നാണ്. 

വിദ്യാര്‍ഥികളുടെ നിരക്ക് സൗജന്യം സാമ്പത്തിക ബാധ്യത അടിച്ചേല്‍പിക്കുന്നതാണ്. അനാവശ്യ ബാധ്യത വഴി സാമ്പത്തിക നഷ്ടം പേറി ബസ് വ്യവസായം മുന്നോട്ട് കൊണ്ടു പോകാനാവില്ല. ഓടി നശിക്കുന്നതിനേക്കാള്‍ നല്ലത് ഓടാതെ നശിക്കുന്നതാണ്. ഇപ്പോഴത്തെ വര്‍ധനവ് യഥാര്‍ത്ഥത്തില്‍ കെഎസ്ആര്‍ടിസിക്ക് വേണ്ടിയാണ്. ജനങ്ങള്‍ക്ക് ബദല്‍ യാത്രാസൗകര്യം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജനങ്ങളുടെ യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുമെങ്കില്‍ അത് നടക്കട്ടെ. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വിലവര്‍ധിപ്പിക്കുന്നതിന് ഒരു പ്രതികരണവുമില്ല. എല്ലാ ബാധ്യതകളും സ്വകാര്യ ബസ്സുകളെ ആശ്രയിച്ചാണോ നിലനില്‍ക്കുന്നത്. ഒരു രൂപ മിനിമം ചാര്‍ജ് കൂട്ടിയതു കൊണ്ട് വ്യവസായം മുന്നോട്ട് കൊണ്ടു പോകനാവില്ല. ബസ്സുടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉചിതമായ തീരുമാനം ഉണ്ടാകണമെന്നും അല്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാനത്തെ 12 ബസുടമ സംഘടനകളുടെ പ്രതിനിധികള്‍ തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിക്കും. വാര്‍ത്തസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി.കെ.പവിത്രനും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.