പിലാത്തറ: ഗെയില്‍ പൈപ്പുകളുമായി പോവുകയായിരുന്ന ലോറിയില്‍ നിന്നും പൈപ്പുകള്‍ ബന്ധിച്ച ചങ്ങലപൊട്ടി പൈപ്പ് പുറത്തേക്ക് ചെരിഞ്ഞു. ചങ്ങല വീണ് സ്കൂട്ടര്‍ യാത്രികരായ യുവതികള്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ വിളയാങ്കോട് ക്ഷേത്രത്തിന് മുന്നില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം.
പയ്യന്നൂരില്‍ നിന്നും ഗെയിലിന്റെ പൈപ്പുമായി പരിയാരം ഭാഗത്തേക്ക് പോകുന്ന കൂറ്റന്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളരെ നീളമുള്ള ഭീമന് പൈപ്പുകള്‍ ലോറിയുടെ കേബിന് മുന്നിലേക്ക് നീട്ടിയാണ് രണ്ട് ചങ്ങലകളാല്‍ ബന്ധിച്ചിരുന്നത്. ഇതില്‍ പുറകിലെ വലിയ ചങ്ങലയാണ് പൊട്ടിയത്. ചങ്ങല പൊട്ടിയതോടെ പൈപ്പുകള്‍ പുറത്തേക്ക് തള്ളി. പൈപ്പ് ഉരഞ്ഞ് ലോറിയുടെ കാബിന് തകര്‍ന്ന നിലയിലാണ്. ഈ സമയം റോഡരികിലൂടെ സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പരിയാരം മെഡിക്കല്‍ കോളജിലെ സവിത, സിന്ധു എന്നിവര്‍ക്ക് പരിക്കേറ്റു. ചങ്ങല തലയില്‍ വീണ് നിയന്ത്രണം വിട്ട് സ്കൂട്ടര്‍ മറിഞ്ഞാണ് ഇരുവര്‍ക്കും പരിക്ക്. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പരിയാരം പോലീസ് സ്ഥലത്തെത്തി.
ഗെയില്‍ പൈപ്പുകള്‍ വേണ്ടത്ര സുരക്ഷിതത്വമില്ലാതെയാണ് ദേശീയപാതിലൂടെ കൊണ്ടു പോരുന്നതെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. ഒരാഴ്ച മുമ്പ് പെരുമ്പയില്‍ വെച്ചും ഗെയിലിന്റെ കൂറ്റന്‍ പൈപ്പ് ലോറിയില്‍ നിന്നും താഴേക്ക് പതിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് വലിയ ദുരന്തംഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: