ജീവന് ബന്ധനങ്ങളില്ല ജനനമരണങ്ങള്‍ തോന്നല്‍

ഭാഗവതത്തിലൂടെ
Saturday 17 February 2018 1:59 am IST

മൈത്രേയമഹര്‍ഷി വിദുരരെ അഭിസംബോധന ചെയ്തുകൊണ്ടു തുടര്‍ന്നു. യോഗമായാബലവൈഭവം കൃത്യമായി വിസ്തരിക്കാന്‍ ആര്‍ക്കാണ് സാധ്യമാകുക.

''അഥാപി കീര്‍ത്തയാമ്യംഗ യഥാമതി യഥാശ്രുതം'' എന്നാലും ഹേ ധര്‍മപുരുഷ, എന്റെ ബുദ്ധിക്കനുസരിച്ചും ഗുരുക്കന്മാര്‍ പറഞ്ഞുകേട്ടതിന്‍ പടിയും ഞാന്‍ ഹരികീര്‍ത്തനത്തിനു മുതിരുകയാണ്.

യഥാര്‍ത്ഥത്തില്‍, സ്രഷ്ടാവും വിധാതാവും വേദങ്ങളുടെ അധികാരിയും ആയ ബ്രഹ്മാവിനുപോലും അനേകവര്‍ഷത്തെ തപസ്സിനുശേഷമാണ് ഭഗവത്‌ലീലയെക്കുറിച്ച് അല്‍പമെങ്കിലും അറിയാന്‍ കഴിഞ്ഞത്.

നാമെല്ലാം ആ ഭഗവത് ചൈതന്യത്തിന്റെ ഭാഗമാണെന്നിരിക്കെ നമുക്കെങ്ങനെ ആ ചൈതന്യത്തെ പൂര്‍ണമായി നോക്കിക്കാണാന്‍ സാധ്യമാകും. നമ്മുടേതെന്ന് നാം അവകാശപ്പെടുന്ന നമ്മുടെ ശരീരത്തെ പോലും പൂര്‍ണമായി നോക്കിക്കാണാന്‍ നമുക്ക് സാധ്യമാവുകയില്ല. പിന്നെ എങ്ങനെ സര്‍വവ്യാപിയായ ഭഗവാനെ നോക്കിക്കാണാനാവും.

മൈത്രേയ മഹര്‍ഷിയുടെ ഈ വാക്കുകല്‍ ധര്‍മദേവാവതാരമായ വിദുരരെ ഒട്ടും നിരാശനാക്കിയില്ല. മൈത്രേയ മഹര്‍ഷിയുടെ വാക്കുകള്‍ വിനയത്തിന്റെ ഭാഗമാണെന്ന് വിദുരര്‍ കണക്കു കൂട്ടി. മഹാത്മാക്കളുടെ ലക്ഷണമാണ് ഈ വിനയം. യഥാര്‍ത്ഥത്തില്‍ അവര്‍ എല്ലാമറിയുന്നവരാണ്. എന്നാല്‍ നിറകുടം തുളുമ്പാറില്ല. ഇവര്‍ അറിവിന്റെ നിറകുടങ്ങളാണ്. തന്റെ പിതാവായ വേദവ്യാസന്റെ  ശിഷ്യനായ മൈത്രേയ മഹര്‍ഷിയെ തനിക്ക് കാണാന്‍ കഴിഞ്ഞതുതന്നെ ശ്രീകൃഷ്ണ പരമാത്മാവിന്റെ നിയോഗത്താലാണെന്ന് വിദുരര്‍ക്കറിയാം. വിദുരര്‍ മൈത്രേയ മഹര്‍ഷിയോട് സംശയനിവാരണഭാവത്തില്‍ ചോദിച്ചു.

ഹേ ബ്രഹ്മജ്ഞന്‍, ചിന്മാത്രനും നിര്‍വികാരനും സത്വരജതമോഗുണങ്ങള്‍ക്കതീതനുമായ ഭഗവാന്‍ എങ്ങനെയാണ് ഗുണകാര്യങ്ങളായ ക്രിയകള്‍ ചെയ്തത്. ലീലയായിട്ടാണെങ്കില്‍ കൂടി ഇത് നിര്‍ഗുണ പ്രകൃതത്തിനെതിരല്ലേ? സ്വയം പരിപൂര്‍ണനും നിത്യതൃപ്തനുമായ ഭഗവാന് ലീലകളുടെ ആവശ്യമുണ്ടോ? ജ്ഞാനസ്വരൂപനും മായാതീതനുമായ ഭഗവാന്‍ മായയുമായി കൂടിച്ചേരുന്നതെങ്ങനെ?

''ഭഗവാനേക ഏവൈഷ സര്‍വക്ഷേത്രേഷ്വവസ്ഥിതഃ

അമുഷ്യ ദുര്‍ഭഗത്വം വാ ക്ലേശോ വാ കര്‍മദിഃ കുതഃ''

എല്ലാവരിലും പ്രവര്‍ത്തിക്കുന്നത് ഭഗവാന്‍ തന്നെയാണ്. പിന്നെ കര്‍മ്മവൈപരീത്യങ്ങള്‍ വരുന്നതെങ്ങനെ? ദൗര്‍ഭാഗ്യവും ക്ലേശവും ബാധിക്കുന്നതെങ്ങനെ? ഹേ, ബ്രഹ്മജ്ഞന്‍, അജ്ഞാന സങ്കടത്തില്‍പ്പെട്ട് മലിനമായിരിക്കുന്ന ഞങ്ങളുടെ മനസ്സിന്റെ ഈ വന്‍ മാലിന്യത്തെ നീക്കാന്‍സഹായിക്കണമേ.

വിദുരരുടെ ജ്ഞാനതൃഷ്ണയില്‍ മൈത്രേയ മഹര്‍ഷിക്കു സന്തോഷം തോന്നി. ഇതും ഭഗവത് ലീലയാണെന്ന് മഹര്‍ഷി ചിന്തിച്ചു. സംശയങ്ങള്‍ ചോദിക്കുന്നതും ഭഗവാന്‍ (ധര്‍മദേവന്‍) മറുപടി കൊടുക്കാന്‍ നിയോഗിച്ചതും ഭഗവാന്‍. ബന്ധനത്തില്‍പ്പെട്ടവനെപ്പോലെ സംസാരിക്കുകയാണെന്ന് വിദുരരെക്കുറിച്ചോര്‍ത്തു. ഗുണാതീതന് ഗുണബന്ധനമുണ്ടെന്നു തോന്നിപ്പിക്കുന്നതും ഭഗവത്‌ലീല നിര്‍ഗുണന്റെ ഗുണബന്ധനവും ഭഗവത് ലീലതന്നെ.

യഥാര്‍ത്ഥത്തില്‍ നിത്യമുക്തനായ ഈശ്വരന്റെ അംശമായിരിക്കുന്ന ജീവന്  ജന്മമരണാദിബന്ധനങ്ങളില്ല. ജനനവും മരണവും ഒന്നും സത്യമല്ല. സത്യത്തില്‍ ഇല്ലാത്തതിനെ ഉണ്ടെന്നു തോന്നിപ്പിക്കുന്നത് മായയാണ്, സ്വന്തം ശിരസ്സ് അറ്റതായി സ്വപ്‌നത്തില്‍ കാണുന്നതുപോലെ, സ്വപ്‌നത്തില്‍നിന്നുണരുമ്പോള്‍ ആ വ്യക്തി തിരിച്ചറിയും തന്റെ തല അറ്റുപോയിട്ടില്ല എന്ന്. പിന്നെ കണ്ടതോ? അതൊരു ഭ്രമം മാത്രം.

ചന്ദ്രന്റെ, വെള്ളത്തില്‍ കാണുന്ന പ്രതിബിംബത്തില്‍ അത് ഇളകുന്നതായി കാണപ്പെടാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചന്ദ്രനും ആ ചാഞ്ചല്യമില്ല. നാം കാണുന്ന ചാഞ്ചല്യം ജലത്തിന്റെ പ്രകൃതമാണ്. എന്നാല്‍ ജലത്തിന്റെ ചാഞ്ചല്യം ചന്ദ്രന്റെ ചാഞ്ചല്യമായി നാം ഭ്രമിക്കുകയാണ്. അതുപോലെ, ശരീരത്തിലിരിക്കുന്ന ജീവാത്മാവിന് സുഖദുഃഖങ്ങളിലെങ്കിലും ശരീരബന്ധം ആ തോന്നലുണ്ടാക്കുന്നു. ഈ തോന്നല്‍ എങ്ങനെ ഒഴിവാക്കും?

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.