അവതാരവരിഷ്ഠന്‍

Saturday 17 February 2018 2:20 am IST
''ശ്രീരാമകൃഷ്ണദേവന്‍ സ്വയം ഒരു ആദ്ധ്യാത്മിക പരീക്ഷണശാലയായിരുന്നു. അവിടുന്ന് ദക്ഷിണേശ്വരത്തിലെ അരയാല്‍ ചുവട്ടിലിരുന്ന് സ്വജീവിതത്തില്‍ പരീക്ഷിച്ചറഞ്ഞ തത്ത്വങ്ങളാണ് കാല്‍നൂറ്റാണ്ടിനുശേഷം സ്വാമിജി ഷിക്കാഗോ മതമഹാസമ്മേളനത്തിലും, തുടര്‍ന്ന് പാശ്ചാത്യനാടുകളിലും പ്രചരിപ്പിച്ചത്''

ഇന്ന് ശ്രീരാമകൃഷ്ണ ജയന്തി

ഭൃശംകാമിനീം കാഞ്ചനം കിഞ്ചനാപ്യസ്പൃശന്‍

സുപ്തികാലേളപി യോളഭൂദസംഗഃ

അതിശ്ലാഘ്യവൈരാഗ്യ സൗഭ്യാമൂര്‍ത്തിം

ഭവച്ഛേദിനം തം ഭജേ രാമകൃഷ്ണം

അവതാരം വിവേകാനന്ദ സ്വാമികളാണ്. സ്വാമിജിക്ക് അവതരിക്കാന്‍ ഇടം നല്‍കിയ തേജസ്സും മഹാതത്ത്വവുമാണ് ശ്രീരാമകൃഷ്ണദേവന്‍, തുളസി മഹാരാജ് നിര്‍മ്മലാനന്ദ സ്വാമികള്‍ ശ്രീരാമകൃഷ്ണ ദേവനെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. വെറും അവതാരമായി അവിടുത്തെ നോക്കിക്കാണുന്നത് യുക്തമല്ലെന്നതുകൊണ്ടായിരിക്കാം വിവേകാനന്ദ സ്വാമികള്‍ അവിടുത്തെ 'അവതാരവരിഷ്ഠന്‍'  എന്നു വിശേഷിപ്പിച്ചത്. ബുദ്ധന്റെ കാരുണ്യവും ശങ്കരാചാര്യരുടെ ജ്ഞാനവും, ചൈതന്യദേവന്റെ ഭക്ത്യുന്മാദവും രാമകൃഷ്ണദേവനില്‍ സമ്മേളിച്ചിരുന്നു. സര്‍വ്വദേവ ദേവീസ്വരൂപനും, സര്‍വ്വധര്‍മ്മ സമന്വയമൂര്‍ത്തിയുമായ അവിടുന്ന് ദിവ്യതയുടെ ഘനീഭൂത രൂപമായിരുന്നു. ഇക്കാരണങ്ങളാലാണ് സ്വാമിജി രാമകൃഷ്ണ ദേവനെ 'അവതാരവരിഷ്ഠ'നെന്നും 'പരിപൂര്‍ണ്ണരാമാവതാര'മെന്നും വര്‍ണ്ണിക്കാനിടയായത്.

ഈശ്വരനുണ്ടോ, ഈശ്വരനെ കണ്ടിട്ടുണ്ടോ? എന്ന വിവേകാനന്ദ സ്വാമികളുടെ ചോദ്യത്തിന് രാമകൃഷ്ണദേവന്‍ നല്‍കിയ മറുപടി, 'ഞാന്‍ ഈശ്വരനെ കാണുന്നുണ്ട്, നിന്നെ കാണുന്നതിലും സ്പഷ്ടമായിട്ട് കാണുന്നു. നിനക്ക് ഈശ്വരനെ കാണണമെന്നുണ്ടെങ്കില്‍, അതിന് ഞാന്‍ നിന്നെ സഹായിക്കുകയുമാവാം..... എന്നാല്‍, ഈശ്വരനെ ആര്‍ക്കുവേണം?! ഈശ്വരസാക്ഷാല്‍ക്കാരം എന്നത് വെറും അന്ധവിശ്വാസവും കവിഭാവനയുമാണ്; അത് അശാസ്ത്രീയവും അപ്രായോഗികവുമാണെന്നു വാദിച്ചിരുന്ന പാശ്ചാത്യ ഭൗതിക പരിഷ്‌കാരത്തിന് ഭാരതത്തിന്റെ ആത്മീയസംസ്‌കാരം നല്‍കിയ ഉറപ്പേറിയ മറുപടിയായി ഇതിനെ കണക്കാക്കേണ്ടതാണ്. ഇത് ബുദ്ധിപരമായ നിഗമനമായിരുന്നില്ല, ആത്മീയസാധനകളില്‍നിന്നുണ്ടായ സ്വാനുഭവമായിരുന്നു. ഇത്രയും ആധികാരികമായി ഈശ്വരനെപ്പറ്റി സംസാരിക്കാന്‍ അക്കാലത്ത് രാമകൃഷ്ണദേവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടുന്ന് നിരീശ്വരവാദികളുടെ ഇടയില്‍ സ്വയം ഒരീശ്വരനായിട്ടാണ് കാണപ്പെട്ടിരുന്നത്.

പന്ത്രണ്ടുവര്‍ഷം നീണ്ടുനിന്ന ആത്മീയസാധനകളിലൂടെ അവിടുന്ന് ഏറ്റവും താഴ്ന്ന വിഗ്രഹാരാധന മുതല്‍ ഏറ്റവും ഉയര്‍ന്ന നിര്‍ഗുണോപാസനവരെയുള്ള എല്ലാ ഈശ്വരാന്വേഷണ വഴികളിലൂടെയും സഞ്ചരിക്കുകയും അവയിലെല്ലാം സിദ്ധിനേടുകയുമുണ്ടായി-കാളീദേവിയുടെ ദര്‍ശനംതൊട്ട് നിര്‍വികല്‍പസമാധ്യനുഭവമുള്‍പ്പെടെ. രാമകൃഷ്ണ ദേവന് സിദ്ധിനേടാനാവാത്ത സാധനാസമ്പ്രദായങ്ങളില്ല, സാക്ഷാത്കരിക്കാനാവാത്ത ദേവീദേവന്മാരുമില്ല-ഭാരതബാഹ്യങ്ങളായ ക്രിസ്ത്യന്‍-ഇസ്ലാം മതങ്ങളും, അതുപോലെ ക്രിസ്തു-നബി പ്രവാചകന്മാരേയും. എന്നിട്ട് അവിടുന്ന് പ്രഖ്യാപിച്ചു, ''എത്ര മാര്‍ഗ്ഗങ്ങളോ, അത്രയും മതങ്ങളുമാവാം; അവയിലൂടെയെല്ലാം ഈശ്വരനെ സാക്ഷാല്‍ക്കരിക്കുകയുമാവാം. അങ്ങനെ, എല്ലാ മതങ്ങളും സത്യവും സ്വീകാര്യവുമായിത്തീരുന്നു.'' ഇതാണ് ശ്രീരാമകൃഷ്ണദേവന്‍ ഉപദേശിച്ച സര്‍വധര്‍മ്മ സമന്വയമെന്ന തത്ത്വം. പണ്ടത്തെ ഋഷിമാരുടെ വാക്കുകളോ, ശാസ്ത്രവാക്യങ്ങളോ അല്ല ഈ തത്ത്വത്തിന് പ്രമാണമായിട്ടുള്ളത്. അത് അവിടുത്തെ സ്വാനുഭവം തന്നെയായിരുന്നു.

''ശ്രീരാമകൃഷ്ണദേവന്‍ സ്വയം ഒരു ആദ്ധ്യാത്മിക പരീക്ഷണശാലയായിരുന്നു. അവിടുന്ന് ദക്ഷിണേശ്വരത്തിലെ അരയാല്‍ ചുവട്ടിലിരുന്ന് സ്വജീവിതത്തില്‍ പരീക്ഷിച്ചറഞ്ഞ തത്ത്വങ്ങളാണ് കാല്‍നൂറ്റാണ്ടിനുശേഷം സ്വാമിജി ഷിക്കാഗോ മതമഹാസമ്മേളനത്തിലും, തുടര്‍ന്ന് പാശ്ചാത്യനാടുകളിലും പ്രചരിപ്പിച്ചത്'' എന്നാണ് നിര്‍മലാനന്ദ സ്വാമികള്‍ ഇതെപ്പറ്റി പറഞ്ഞിട്ടുള്ളത്. സ്വാനുഭൂതിയായിരുന്നു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സവിശേഷമായ ഒരു ലാളിത്യവും മാധുര്യവും വശ്യശക്തിയുമുണ്ടായിരുന്നു. മന്ത്രമുഗ്ദ്ധരെന്നപോലെ അവയെ സശ്രദ്ധം കേട്ടിരുന്നവര്‍ വൈദികപണ്ഡിത ശ്രേഷ്ഠരായ വൈഷ്ണവചരണ്‍, ശശിധര്‍ തര്‍ക്ക ചൂഡാമണി, നാരായണ പണ്ഡിതര്‍ എന്നിവരെപ്പോലെ ഉന്നത ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച കേശബ് ചന്ദ്രസെന്‍, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, അവിടുത്തെ ഗൃഹസ്ഥശിഷ്യരായ മാസ്റ്റര്‍ മഹാശയന്‍(എം), ഗിരീഷ് ചന്ദ്ര കാളീപദഘോഷുമാരും, സംന്യാസി ശിഷ്യന്മാരായ വിവേകാനന്ദ സ്വാമികള്‍ തുടങ്ങിയവരുമായിരുന്നു. മാത്രമല്ല, ഭാരതത്തിനകത്തും പുറത്തുമുള്ള അനേകം മതപ്രഭാഷകന്മാര്‍ രാമകൃഷ്ണ സൂക്തങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇത് കാണിക്കുന്നത്, ''അവിടുന്ന് ജീവിച്ചുകാണിച്ച നവവേദാന്തത്തിന് ഹസ്തിപദന്യായേന മറ്റെല്ലാ മതസിദ്ധാന്തങ്ങളേയും ഉള്‍ക്കൊള്ളാനുള്ള വിശാലതയുണ്ട്'' എന്നാണ് നിര്‍മ്മലാനന്ദ സ്വാമികള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ശ്രീരാമകൃഷ്ണദേവന്‍ ഒരേ സമയം ഗൃഹസ്ഥനും സംന്യാസിയുമായിരുന്നു; രണ്ടുകൂട്ടരുടെയും ആദര്‍ശപുരുഷനും ആരാധ്യദേവതയുമായിരുന്നു.  ബ്രഹ്മചര്യം, അപരിഗ്രഹം എന്നീ വ്രതങ്ങള്‍ ഇത്രയും നിഷ്ഠയോടെ അധികമാരും പരിശീലിച്ചു കാണുകയില്ല. ഏതെങ്കിലുമൊരു വസ്തു മറ്റൊരു സമയത്ത് ഉപയോഗിക്കാന്‍വേണ്ടി സൂക്ഷിച്ചുവക്കാന്‍ കഴിഞ്ഞിരുന്നില്ല. നാണയം തൊടാനോ, അതിരിക്കുന്ന സ്ഥലത്തെ സമീപിക്കാനോ വയ്യായിരുന്നു. അതിന് ശ്രമിച്ചാലോ, ഏതെങ്കിലും വിധത്തില്‍ കാരണമായാലോ, അവിടുത്തെ അവയവങ്ങള്‍ മരവിക്കും, കണ്ണുകാണാതാവും, മൂഢത്വം സംഭവിക്കുകയും ചെയ്യും. രാമകൃഷ്ണ ദേവന് സ്ത്രീകളെ അമ്മയായിക്കാണാനേ കഴിഞ്ഞിരുന്നുള്ളൂ; ധര്‍മ്മപത്‌നിയായ ശ്രീശാരദാദേവിയെ കാളീക്ഷേത്രത്തിലെ ദേവിയായും. കാമിനീ കാഞ്ചനത്യാഗമെന്ന മായാജയം ഇത്രയും പൂര്‍ണ്ണമായി മറ്റൊരു മഹാപുരുഷനുണ്ടോ എന്ന് സംശയമാണ്.

ശ്രീരാമകൃഷ്ണദേവനില്‍ കാണാനാവുന്ന ഏറ്റവും മഹത്തായ വൈശിഷ്ട്യം, അവിടുന്ന് ദിവ്യത ഘനീഭവിച്ച ബ്രഹ്മസ്വരൂപി തന്നെയായിരുന്നുവെന്നാണ്. അവിടുന്ന് സാധകനോ സിദ്ധനോ അല്ലായിരുന്നു, സാധ്യവസ്തുവായ പരമാത്മാവുതന്നെയായിരുന്നു.  അതിന് തെളിവെന്താണെന്നാല്‍, കുട്ടിക്കാലത്ത്, ആത്മീയസാധനയെന്തെന്നുപോലും അറിയാത്ത പ്രായത്തില്‍, അദ്ദേഹത്തിന് ഇന്ദ്രിയാതീതമായ സമാധ്യാവസ്ഥ മൂന്നുതവണയെങ്കിലും അനുഭവപ്പെട്ടിരുന്നു-നീലാകാശത്ത് വെള്ളപ്പറവകളെ കണ്ടപ്പോള്‍, കാത്യായനീ ക്ഷേത്രത്തില്‍ ദേവീദര്‍ശന സമയത്ത്, നാടകത്തില്‍ ശിവന്റെ വേഷം കെട്ടിയപ്പോഴും. ദക്ഷിണേശ്വര ക്ഷേത്രത്തിലെ പൂജാരിയായ ശേഷം ഇത് നിത്യസംഭവവുമായിത്തീര്‍ന്നു. മനസ്സ് വിഷയങ്ങളില്‍നിന്ന് നിവര്‍ത്തിച്ച് ഈശ്വരഭാവത്തില്‍ ലയിച്ചില്ലാതാവുന്ന അവസ്ഥ അവിടുത്തേയ്ക്ക് അയത്‌ന സുലഭമായ സ്വഭാവമായിരുന്നുവെന്നതാണതിനു കാരണമായിപ്പറയാനുള്ളത്. ''ബ്രഹ്മം സ്വരൂപം പ്രാപിച്ചാല്‍ ഇങ്ങനെയിരിക്കും,'' എന്നാണ് ശ്രീനാരായണ ഗുരുദേവന്‍ ശ്രീരാമകൃഷ്ണദേവന്റെ ഫോട്ടോ കണ്ടപ്പോള്‍ അഭിപ്രായപ്പെട്ടത്. അപ്പോള്‍, 'അവതാര വരിഷ്ഠന്‍' എന്ന പദമുപയോഗിച്ചല്ലാതെ അവിടുത്തെ എങ്ങനെ വര്‍ണ്ണിക്കാനാവും?!

''ശ്രീരാമകൃഷ്ണദേവന്‍ അപ്രമേയ പ്രഭാവനാണ്. അവിടുത്തെ ആര്‍ക്കെങ്കിലും അറിയാനാവുമോ, അവിടുന്ന് വെളിപ്പെടുത്തിത്തന്നാലല്ലാതെ? എന്നാലൊന്നുണ്ട്, കാലം ചെല്ലുന്തോറും രാമകൃഷ്ണ പ്രഭാവം സ്പര്‍ശിക്കാത്തതും സ്വാധീനിക്കാത്തതുമായ ഒരു വ്യവസ്ഥയും ഇവിടെ ഉണ്ടാവാന്‍ പോകുന്നില്ല. അതിന് തുടക്കം കുറിച്ചതായി ഞാന്‍ സ്പഷ്ടമായി കാണുന്നുണ്ട്,'' തുളസി മഹാരാജ് നിര്‍മലാനന്ദ സ്വാമികളുടെ വാക്കുകളാണിവ. വിവേകാനന്ദസ്വാമികള്‍ അവിടുത്തെ സ്മരിച്ചാദരിക്കുന്നത് ഇങ്ങനെയാണ്, ''ഈ ശ്രീരാമകൃഷ്ണ പരമഹംസന്‍ ഒരത്ഭുത മഹാപുരുഷന്‍ തന്നെയായിരുന്നു. അമ്പതുവര്‍ഷംകൊണ്ട് അവിടുന്ന് ഭാരതത്തിന്റെ അയ്യായിരം വര്‍ഷത്തെ ആത്മീയതയെ ജീവിച്ചുകാണിച്ചുതന്നു. ആത്മീയതയുടെ ആ പൂര്‍ണ സമുദ്രത്തിലെ ഒരൊറ്റ നുരയോ പതയോ ഏല്‍ക്കാനായവരെ അത് ദേവന്മാരാക്കിത്തീര്‍ക്കും. ഇവിടുന്നങ്ങോട്ട് മനുഷ്യന് ഇരുളടഞ്ഞതും ഭീകരവുമായ സംസാരസമുദ്രം തരണം ചെയ്യാന്‍ അവിടുത്തെ (ജീവിതസന്ദേശങ്ങളെ) ആശ്രയിച്ചേ പറ്റൂ.''

ഭഗവാന്‍ ശ്രീരാമകൃഷ്ണ ദേവനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്, തങ്ങളെ കീഴടക്കിയതും അവിടുത്തെ സ്വന്തമാക്കിയതും, സങ്കല്‍പിക്കാനാവാത്ത അവിടുത്തെ കാരുണ്യവും, സ്‌നേഹവാത്സല്യവുമാണെന്നാണ്. ജീവിതസാഫല്യത്തിനുവേണ്ടി നമുക്കും ആ കൃപയുടേയും വാത്സല്യത്തിന്റേയും അംശാംശത്തിനായി പ്രാതഃസ്മരണീയനായ ആ ജഗദ്ഗുരുവിനോട് പ്രാര്‍ത്ഥിക്കാം.

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.