കോവളം കൊട്ടാരം പാട്ടത്തിനു നല്‍കാമെന്ന്‌ സിപിഎം; വിഎസിന്‌ എതിര്‍പ്പ്‌

Saturday 3 November 2012 10:55 pm IST

തിരുവനന്തപുരം: ഉടമസ്ഥാവകാശത്തെക്കുറിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്ന കോവളം കൊട്ടാരം സംബന്ധിച്ച്‌ സ്വകാര്യഹോട്ടല്‍ ഉടമയോട്‌ മൃദുസമീപനം സ്വീകരിച്ചാല്‍ മതിയെന്ന്‌ സിപിഎം തീരുമാനം. കൊട്ടാരവും പരിസരവും സ്വകാര്യ വ്യക്തിക്ക്‌ നല്‍കരുതെന്ന സിപിഎം നിലപാട്‌ മയപ്പെടുത്താനാണ്‌ തീരുമാനം.
കൊട്ടാരത്തിന്റെയും അനുബന്ധസ്ഥലത്തിന്റെയും ഉടമസ്ഥാവകാശം സര്‍ക്കാറിനാണെന്ന്‌ ഹോട്ടലുടമ സമ്മതിച്ചാല്‍ അനുബന്ധ സ്ഥലം പാട്ടത്തിന്‌ നല്‍കാമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടിസെക്രട്ടേറിയറ്റ്‌ യോഗം തീരുമാനിച്ചു. തീരുമാനത്തോട്‌ എതിര്‍പ്പ്പ്രകടിപ്പിച്ച പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിയമപരമായി നിലനില്‍ക്കില്ലെന്ന വാദം ഉയര്‍ത്തി ഈ നിര്‍ദേശം തള്ളി. കൊട്ടാരവും അനുബന്ധസ്ഥലങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു സി.പി.എം നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്‌. അതേസമയം, കോവളം കൊട്ടാരം വിഷയം ചര്‍ച്ചചെയ്യാന്‍ 12ന്‌ സര്‍വകക്ഷി യോഗം ചേരും.
കൊട്ടാരത്തിന്റെ സ്ഥലം സ്വകാര്യ വ്യക്തിക്ക്‌ പാട്ടത്തിനു നല്‍കാനുള്ള സിപിഎം തീരുമാനം ഉന്നതരായ ചില നേതാക്കളുടെ താല്‍പര്യത്തെ തുടര്‍ന്നാണെന്നറിയുന്നു. ഹോട്ടല്‍ ഉടമയും സിപിഎം ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്നാണ്‌ ഇപ്പോള്‍ നിലപാട്‌ മാറ്റാന്‍ തയ്യാറായിരിക്കുന്നത്‌. ഈ തീരുമാനത്തെ വി.എസ്‌ പാര്‍ട്ടിക്കു പുറത്തും ചോദ്യം ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത വാഗ്വാദത്തിന്‌ ഇതു വഴിവച്ചേക്കും.
പ്രവാസി വ്യവസായി രവിപിള്ളയുടെ ആര്‍ പി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കോവളത്തെ ഹാല്‍സിയന്‍ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഹൈക്കോടതിയില്‍ കേസ്‌ നടക്കുകയാണ്‌. ഉടമസ്ഥാവകാശം സര്‍ക്കാറിനാണെന്ന്‌ സമ്മതിക്കാമെന്ന നിര്‍ദേശം ഹോട്ടലുടമ നേരത്തെ തന്നെ മുന്നോട്ടുവെച്ചതാണ്‌. ഈ നിര്‍ദേശം പരിഗണിച്ച്‌ കഴിഞ്ഞ സപ്തംബറില്‍ തന്നെ മന്ത്രിസഭായോഗം കൊട്ടാരവും അനുബന്ധ ഭൂമിയും പാട്ടത്തിന്‌ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ച്‌ ടൂറിസംവകുപ്പ്‌ ഉത്തരവും ഇറക്കി. എന്നാല്‍, സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന്‌ അന്തിമതീരുമാനമെടുക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയായിരുന്നു. ഇതനുസരിച്ച്‌ ഈ മാസം 12ന്‌ സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ്‌ സി.പി.എം നിലപാട്‌ മയപ്പെടുത്തുന്നത്‌. സര്‍വ്വ കക്ഷി യോഗത്തിലും സിപിഎം ഈ നിലപാട്‌ സ്വീകരിച്ചാല്‍ കോവളം കൊട്ടാരത്തിന്റെ അനുബന്ധ സ്ഥലങ്ങള്‍ പാട്ടത്തിനു നല്‍കാന്‍ നീക്കമുണ്ടാകും. സിപിഎമ്മിന്റെ മലക്കം മറിച്ചിലിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.
കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും സമവായത്തിന്‌ ശ്രമിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയായിരുന്ന വി.എസ്‌.അച്യുതാനന്ദന്റെ എതിര്‍പ്പിനെ തുടര്‍ന്ന്‌ നടന്നിരുന്നില്ല. ഹാല്‍സിയന്‍ കൊട്ടാരവും പരിസരത്തെ 10.2 ഏക്കര്‍ സ്ഥലവും നിലവില്‍ തര്‍ക്കപ്രദേശമാണ്‌. പുരാവസ്തുവകുപ്പാണ്‌ ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്‌. ആര്‍ പി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലീലാ ഹോട്ടലിന്‌ സമീപമുള്ള ഹാല്‍സിയന്‍ കൊട്ടാരത്തിന്‍മേല്‍ സര്‍ക്കാരിന്റെ അവകാശം ചോദ്യം ചെയ്യുന്ന ഹര്‍ജി പിന്‍വലിക്കാമെന്നും പകരം കൊട്ടാരവും പരിസരത്തെ 10.2 ഏക്കര്‍ സ്ഥലവും പാട്ടത്തിന്‌ നല്‍കണമെന്നുമുള്ള നിര്‍ദേശം ആര്‍ പി ഗ്രൂപ്പ്‌ മുന്നോട്ടുവെച്ചിരുന്നു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.