കോണ്‍ഗ്രസ് ഭരണകാലത്തെ മറ്റൊരു കുംഭകോണം

Saturday 17 February 2018 2:38 am IST
2011-ലായിരുന്നു നീരവ് മോദിക്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ഈടില്ലാതെ ഗ്യാരന്റി ചീട്ട് ആദ്യം ലഭിക്കുന്നത്. ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണോ ഈടില്ലാതെ ഗ്യാരണ്ടിച്ചീട്ട് നല്‍കിയതെന്ന കാര്യമാണ് കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇടപാടുകളില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെയോ മന്ത്രിമാരുടേയോ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. നീരവ് മോദി ദല്‍ഹിയില്‍ നടത്തിയ നിരവധി പരിപാടികളില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ലോക പ്രശസ്തമായ ബെല്‍ജിയം ഡയമണ്ടുകളുടെ നാട്ടില്‍ തന്നെയാണ് ശതകോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വിവാദ ഡയമണ്ട് വ്യാപാരി നീരവ് മോദിയുടെ ജനനവും. അച്ഛനും മുത്തച്ഛനും പേരുകേട്ട വജ്രവ്യാപാരികള്‍. സ്വന്തം ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിക്കുന്നതിനായി 1999-ല്‍ ഇന്ത്യയിലേക്കെത്തിയ നീരവ് ഫയര്‍സ്റ്റാര്‍ ഡയമണ്ട് എന്ന വജ്രവ്യാപാര കമ്പനി തുടങ്ങി. ഡിസൈനിങ്ങിലും വിപണനത്തിലും മികവു കാട്ടിയ നീരവ് ബ്രാന്റുകള്‍ അതിവേഗം പ്രശസ്തിയിലേക്കുയര്‍ന്നു. മുംബൈയ്ക്കു പുറമേ ലാസ് വേഗാസ്, ന്യൂയോര്‍ക്ക്, ഹോങ്കോങ്, ബീജിങ് തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീരവ് മോദിയുടെ വജ്രവ്യാപാര ശാഖകള്‍ പരന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വജ്രവ്യാപാരികളായ ഗീതാഞ്ജലി കുടുംബത്തിലെ മേഹുല്‍ ചോക്‌സിയുടെ മകള്‍ അമിയെ ആണ് നീരവ് വിവാഹം കഴിച്ചത്. അംബാനി കുടുംബത്തില്‍ നിന്നുള്ള ഇഷേതയെ നീരവിന്റെ സഹോദരന്‍ നീഷാലും വിവാഹം കഴിച്ചതോടെ ബിസിനസ്, കുടുംബ ബന്ധങ്ങള്‍ നീരവ് വ്യാപിപ്പിച്ചു. 

ഇതോടൊപ്പംതന്നെ ആയിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വിദേശ ശാഖകളില്‍നിന്ന് ജാമ്യച്ചീട്ട് വാങ്ങി വിവിധ ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളില്‍ നിന്ന് വന്‍തുകകള്‍ വായ്പയെടുത്ത് ബിസിനസ് വിപുലീകരിച്ചത്. വിദേശത്തുനിന്ന് രത്‌നങ്ങളും വജ്രങ്ങളും വാങ്ങുന്നതിനായാണ് ഈ തുക ഉപയോഗിച്ചത്. ഈട് നല്‍കാതെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, മറ്റൊരു ജീവനക്കാരനായ മനോജ് ഖരാത്ത് എന്നിവരുടെ സഹായത്താലാണ് നീരവ് ജാമ്യച്ചീട്ടുകള്‍ ഒപ്പിച്ചത്. 2010 മുതല്‍ ഇത്തരത്തില്‍ ഈടില്ലാതെ 224 തവണയാണ് ജാമ്യച്ചീട്ടുകള്‍ ലഭിച്ചത്. എന്നാല്‍ തട്ടിപ്പുകള്‍ പുറത്തായത് ജാമ്യച്ചീട്ടുകള്‍ക്കായി നീരവ് അടുത്തിടെ വീണ്ടും പഞ്ചാബ് നാഷണല്‍ ബാങ്കിനെ സമീപിച്ചതോടെയാണ്. അപ്പോഴേക്കും മെയ് മാസം ഗോകുല്‍നാഥ് ഷെട്ടി വിരമിക്കുകയും പുതിയ ഉദ്യോഗസ്ഥന്‍ മുംബൈ ബ്രാഡിഹൗസ് ശാഖയില്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. 

ഹ്രസ്വകാല വായ്പയ്ക്കുള്ള നീരവിന്റെ അപേക്ഷയിന്മേല്‍ പുതിയ ഉദ്യോഗസ്ഥന്‍ ഈട് ആവശ്യപ്പെട്ടു. ഈടില്ലാതെയാണ് നിരവധിതവണ ജാമ്യച്ചീട്ട് തനിക്ക് ലഭിച്ചിട്ടുള്ളതെന്ന നീരവിന്റെ മറുപടിയിന്മേലാണ് അന്വേഷണത്തിന്റെ തുടക്കം. ഇതേത്തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഈടില്ലാതെ 224 തവണ ജാമ്യച്ചീട്ട് നല്‍കിയ വിവരം പുറത്തായത്. തുടര്‍ന്ന് ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. പതിനെട്ടോളം ജീവനക്കാര്‍ക്ക് ഈ തിരിമറികളില്‍ പങ്കുണ്ടെന്ന് കണ്ടെത്തി അവരെ സസ്‌പെന്റ് ചെയ്തു. എന്നാല്‍ ബാങ്ക് ജീവനക്കാരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസ്സിലായ നാല്‍പത്തിയെട്ടുകാരനായ നീരവ് മോദിയും കുടുംബവും ജനുവരി ആദ്യത്തോടെ ഇന്ത്യ വിടുകയായിരുന്നു. ആറുമാസം സമയം തന്നാല്‍ വായ്പാ തുക മുഴുവനും തിരികെ അടയ്ക്കാമെന്നായിരുന്നു നീരവ് ബാങ്കിന് നല്‍കിയ മറുപടി. ജനുവരി 29ന് മാത്രമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങള്‍ക്ക് പറ്റിയ ചതിക്കെതിരെ പരാതി നല്‍കുന്നത്. മോദിയും ഭാര്യ അമിയും സഹോദരന്‍ നിഷാലും ബിസിനസ് പങ്കാളിയായ ചോക്‌സിയും ഇതിനകം വിദേശത്തെത്തിയിരുന്നു. 

280 കോടി രൂപയുടെ തട്ടിപ്പാണ് സംഭവിച്ചത് എന്ന ധാരണയിലായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്ക്. ബാങ്കിന്റെ ആദ്യ പരാതിയിലും ഈ തുകയാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 11,300 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ജീവനക്കാരുടെ സഹായത്തോടെ നീരവ് നടത്തിയെന്ന് തെളിഞ്ഞത്. ഇത്രയും തുകയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് കേന്ദ്രധനമന്ത്രാലയവും സിബിഐയും കണ്ടെത്തിയിട്ടുണ്ട്. വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്നും, ബാങ്കിന്റെ ഗ്യാരണ്ടിയില്‍ മറ്റു ബാങ്കുകളുടെ വിദേശ ശാഖകള്‍ അനുവദിച്ച തുക തിരിച്ചടയ്‌ക്കേണ്ടത് പഞ്ചാബ് നാഷണല്‍ ബാങ്ക് മാത്രമാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ നടത്തിയ തട്ടിപ്പാണെങ്കിലും പരിപൂര്‍ണ്ണ ഉത്തരവാദിത്വവും ബാങ്കിനാണെന്നും റിസര്‍വ് ബാങ്ക് പിഎന്‍ബി അധികൃതരെ അറിയിച്ചിട്ടുണ്ട്.

2016-2017 സാമ്പത്തിക വര്‍ഷം പിഎന്‍ബിക്ക് ലഭിച്ച ലാഭം1,325 കോടി രൂപയാണ്. ഇതിന്റെ എട്ടിരട്ടിയോളം തുകയാണ് നീരവ് മോദി തട്ടിച്ചെടുത്തിരിക്കുന്നത്. ബാങ്കിന്റെ അടിത്തറതന്നെ ഇളക്കിയ തട്ടിപ്പ് പുറത്തുവന്നതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും പിഎന്‍ബി ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടു. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം പ്രതീക്ഷിച്ചിരിക്കുന്ന പിഎന്‍ബിക്ക് അടുത്തകാലത്തൊന്നും പരിഹരിക്കാനാവാത്ത നഷ്ടമാണ് നീരവ് മോദി വരുത്തി വച്ചിരിക്കുന്നത്. 

എന്നാല്‍ കേന്ദ്രധനമന്ത്രാലയും വിവിധ അന്വേഷണ ഏജന്‍സികളും അതിവേഗത്തിലാണ് നീരവ് മോദിക്കും ഫയര്‍സ്റ്റാര്‍ ഡയമണ്ട് കമ്പനിക്കും ഗീതാഞ്ജലി ഡയമണ്ട് കമ്പനിക്കുമെതിരെ നടപടികള്‍ ആരംഭിച്ചത്. തട്ടിപ്പു വിവരം പുറത്തുവന്ന് മിനുറ്റുകള്‍ക്കകം സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ നീരവിന്റെ ബിസിനസ് കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്തു. പന്ത്രണ്ടിടങ്ങളില്‍ നടന്ന റെയ്ഡില്‍ വജ്രങ്ങളും ആഭരണങ്ങളും സ്വര്‍ണ്ണവും പിടികൂടിയിട്ടുണ്ട്. ഏകദേശം 5,100 കോടി രൂപ വിലമതിക്കുന്നവയാണ് കണ്ടുകെട്ടിയത്. മുംബൈ കുര്‍ളയിലെ നീരവിന്റെ വീട്ടിലും കാലഘോഡയിലെ ഷോറൂമിലും വിവിധ സംസ്ഥാനങ്ങളിലെ കമ്പനികളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍ നടത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അടക്കം സിബിഐയും ചോദ്യം ചെയ്യുകയാണ്. 

നീരവ് മോദിയും കുടുംബവും ഏതു രാജ്യത്താണുള്ളതെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. ഇവരുടെ പാസ് പോര്‍ട്ട് രേഖകള്‍ വച്ച് ഇന്റര്‍പോളിന് പരാതി നല്‍കിയിട്ടുണ്ട്. മോദിയും കുടുംബവും ന്യൂയോര്‍ക്കിലുണ്ടെന്നാണ് പ്രാഥമിക വിവരം. നീരവിനെയും കുടുംബത്തെയും കണ്ടെത്താന്‍ ഇന്‍ര്‍പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീരവിന്റെയും ചോക്‌സിയുടേയും പാസ്‌പോര്‍ട്ടുകളും റദ്ദാക്കി. പരമാവധി ആസ്തികള്‍ കണ്ടെടുത്ത് ബാങ്കിന്റെ നഷ്ടം പരിഹരിക്കുകയെന്ന ഏക മാര്‍ഗ്ഗമാണ് മുന്നിലുള്ളത്. അത്തരം നടപടികളുടെ വേഗം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രധനമന്ത്രാലയം വിവിധ ഏജന്‍സികള്‍ക്ക് നല്‍കിക്കഴിഞ്ഞു. 

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാവോസ് സന്ദര്‍ശനവേളയില്‍ നൂറോളം വരുന്ന ബിസിനസ് സംഘത്തിനൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് മോദി പോസ് ചെയ്ത ചിത്രം പരസ്യപ്പെടുത്തി രാഷ്ട്രീയ പ്രചാരണവുമായി പ്രതിപക്ഷം രംഗത്തെത്തി. മോദിയും നീരവും തമ്മില്‍ ദാവോസില്‍ കൂടിക്കാഴ്ച നടത്തി എന്ന തരത്തിലായിരുന്നു പ്രചാരണം. 2011-ലായിരുന്നു നീരവ് മോദിക്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ഈടില്ലാതെ ഗ്യാരന്റി ചീട്ട് ആദ്യം ലഭിക്കുന്നത്. ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണോ ഈടില്ലാതെ ഗ്യാരണ്ടിച്ചീട്ട് നല്‍കിയതെന്ന കാര്യമാണ് കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇടപാടുകളില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെയോ മന്ത്രിമാരുടേയോ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. 

നീരവ് മോദി ദല്‍ഹിയില്‍ നടത്തിയ നിരവധി പരിപാടികളില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. യുപിഎ ഭരണകാലത്ത് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് നീരവ് ബിസിനസ് വ്യാപിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇക്കാര്യങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമിച്ച ചിലരെ അന്നത്തെ അധികാര കേന്ദ്രങ്ങള്‍ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചതായും അറിയുന്നു. എന്തായാലും കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുമ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അധികനാള്‍ സുരക്ഷിതമായി ഇരിക്കാനാവില്ലെന്നുറപ്പ്. അല്ലെങ്കിലും രാജ്യത്തെ പറ്റിച്ചും നികുതി വെട്ടിച്ചും അധികാര കേന്ദ്രങ്ങളെ പ്രീണിപ്പിച്ചും ബിസിനസ് നടത്തുന്നവര്‍ക്ക് 2014 മുതല്‍ അത്ര നല്ല കാലമല്ലല്ലോ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.