ത്രിപുരയില്‍ പിണറായിയെ വെട്ടി

Saturday 17 February 2018 3:52 am IST

 

ന്യൂദല്‍ഹി: ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ തഴഞ്ഞത് സിപിഎമ്മില്‍ വിവാദമാകുന്നു. വിജയനെ ത്രിപുരയിലേക്ക് അടുപ്പിക്കാതിരുന്നതിന് പിന്നില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന് കാരാട്ട് പക്ഷം ആരോപിക്കുന്നു. കോണ്‍ഗ്രസ് സഹകരണത്തെച്ചൊല്ലി കേന്ദ്ര നേതൃത്വത്തിലുണ്ടായ യെച്ചൂരി-കാരാട്ട് പോരില്‍ കാരാട്ടിനൊപ്പമായിരുന്നു പിണറായിയും കേരള ഘടകവും. കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് സഖ്യമുള്‍പ്പെടെ വേണമെന്ന യെച്ചൂരിയുടെ നിലപാടിനെയാണ് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും ബംഗാള്‍ ഘടകവും പിന്തുണച്ചത്. 

സംഘപരിവാര്‍ വിരുദ്ധരുടെ ദേശീയ നേതാവെന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ പിണറായി തുടക്കം മുതല്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മംഗലാപുരത്തും ഹൈദരാബാദിലും പിണറായിയെ മുഖ്യാതിഥിയാക്കി മലയാളി സംഘടനകളുടെ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. എന്നിട്ടും ബിജെപിയുമായി സിപിഎം നേരിട്ട് ഏറ്റുമുട്ടുന്ന ത്രിപുരയില്‍ പിണറായിയെ ഒഴിവാക്കുകയായിരുന്നു. മണിക് സര്‍ക്കാര്‍ കഴിഞ്ഞാല്‍ സിപിഎമ്മിന് ആകെയുള്ള  മുഖ്യമന്ത്രിയാണ് പിണറായി. പാര്‍ട്ടിയിലോ സംസ്ഥാനത്തോ പിണറായിയുടെയത്രയും സ്വാധീനമില്ലാത്ത ബംഗാളിലെ നിരവധി നേതാക്കള്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. 

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യെച്ചൂരിക്ക് തിരിച്ചടി നേരിട്ടിരുന്നു. കോണ്‍ഗ്രസ് സഹകരണത്തിനായി വാദിച്ച ജനറല്‍ സെക്രട്ടറിയുടെ കരട് രേഖ കേന്ദ്ര കമ്മിറ്റി തള്ളി. ആദ്യം നിക്ഷ്പക്ഷ നിലപാടെടുത്തിരുന്ന ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സംസ്ഥാനത്ത് ബിജെപി കുതിച്ചു കയറിയതോടെ യെച്ചൂരിക്കൊപ്പം നിലയുറപ്പിച്ചു.

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്നലെ സമാപനമായി. നാളെയാണ് വോട്ടെടുപ്പ്. ത്രിപുരയെ ഇളക്കി മറിച്ച മോദി റാലികളുടെ ആത്മവിശ്വാസത്തില്‍ വിജയപ്രതീക്ഷയിലാണ് ബിജെപി.

യെച്ചൂരിയുടെ പ്രതികരണം; തെരഞ്ഞെടുപ്പ് കേരളത്തിലല്ലോ

പ്രചാരണത്തിന് തുടക്കം കുറിച്ച് തലസ്ഥാനമായ അഗര്‍ത്തലയില്‍ ഇടത് മുന്നണി നടത്തിയ റാലിയില്‍ പിണറായി വിജയനെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തിലെ പാര്‍ട്ടി മുഖപത്രത്തില്‍ പിണറായി പങ്കെടുക്കുമെന്ന് പ്രാധാന്യത്തോടെ വാര്‍ത്തയും വന്നു. അഗര്‍ത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച്,  പിണറായിയുടെ അസാനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് യെച്ചൂരി നല്‍കിയത്. പിണറായി പങ്കെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ത്രിപുരയിലല്ലേ, പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ- യെച്ചൂരി ചോദിച്ചു. പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത ചൂണ്ടിക്കാട്ടിയപ്പോള്‍ ജന്മഭൂമിയോട് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേ സമയം, പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ഒഴിവായതെന്നായിരുന്നു കേരള ഘടകത്തിന്റെ വിശദീകരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.