കൊച്ചിയില്‍ വന്‍ മയക്കു മരുന്ന് വേട്ട

Saturday 17 February 2018 1:38 pm IST

കൊച്ചി: ഭീകര സംഘടനകള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്ന 30 കോടിരൂപയുടെ  മയക്കുമരുന്ന് നെടുമ്പാശ്ശേരിയില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടി. അഞ്ചു കിലോ മെഥലൈന്‍ ഡയോക്‌സ് മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ)ആണ് പിടിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മയക്കു മരുന്ന് ഇത്രയധികം പിടികൂടുന്നത്. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി. 

പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ കരയില്‍ കൈപ്പുള്ളി വീട്ടില്‍ ഫൈസല്‍ (34), കരിമ്പ കരിച്ചേരിപ്പടി കരയില്‍ തട്ടായില്‍വീട്ടില്‍ അബ്ദുള്‍ സലാം (34) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കൊണ്ടുവന്ന കാറും കസ്റ്റഡിയിലെടുത്തു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് കാശ്മീര്‍ വഴി ദല്‍ഹിയിലെത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇവിടെ നിന്ന് കുവൈറ്റിലെത്തിച്ച് ഭീകര സംഘടനകള്‍ക്ക് കൈമാറാനായിരുന്നു പദ്ധതി. 

ട്രോളി ബാഗുകളില്‍ പ്രത്യേക രഹസ്യ അറകളിലായി സ്‌കാനിംഗില്‍ മനസ്സിലാകാത്ത രീതിയില്‍ കാര്‍ബണ്‍ കടലാസുകളില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതികളുടെ പക്കല്‍ മയക്കുമരുന്ന് എത്തുന്നത്. കോഴിക്കോട് നിന്ന് വരുന്ന രണ്ടുപേര്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് വെച്ച് ഇത് കൈമാറാനാണ് പിടിയിലായവര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദ്ദേശം.

അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരനെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുമുമ്പ് മയക്കുമരുന്നുമായി പോയ യുവാക്കള്‍ കേസുകളില്‍പ്പെട്ട് വിദേശത്ത് വിവിധ ജയിലുകളിലുണ്ട്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ചത്. തുടര്‍ന്ന് മാസങ്ങളായി നിരീക്ഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.