ത്രിപുരയില്‍ ബിജെപിക്ക്‌ 40 സീറ്റുവരെ കിട്ടാം

Saturday 17 February 2018 3:03 pm IST
ഹിമന്താ, രാംമാധവ്‌, സുനില്‍ ദേബ്‌ധര്‍, ബിപ്ലവ്‌ ദേവ്‌ എന്നിവരാണ്‌ ത്രിപുരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലൂടെ സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നത്‌.
<

അഗര്‍ത്തല: ത്രിപുരയില്‍ ആകെയുള്ള 60 സീറ്റില്‍ ബിജെപി 35 മുതല്‍ 40 വരെ നേടി അധികാരത്തില്‍ വരുമെന്ന്‌ പാര്‍ട്ടി. അസമില്‍ അതിശയകരമായ വിജയം നടത്തി അധികാരത്തിലേറിയ പാര്‍ട്ടിയുടെ അവിടത്തെ വിജയ ശില്‍പ്പി ഹിമന്താ ബിശ്വാസ്‌ ശര്‍മ്മയുടേതാണ്‌ വാക്കുകള്‍. അസമില്‍ ആരോഗ്യമന്ത്രിയായ ഈ 49 വയസുകാരനാണ്‌ ത്രിപുരയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു ചുമതല. ഹിമന്താ പറയുന്നു, ``മുഖ്യമന്ത്രി മാണിക്‌ സര്‍ക്കാരും ചിലപ്പോള്‍ തോറ്റേക്കാം.'' നാളെയാണ്‌ വോട്ടെടുപ്പ്‌.


ഹിമന്താ, രാംമാധവ്‌, സുനില്‍ ദേബ്‌ധര്‍, ബിപ്ലവ്‌ ദേവ്‌ എന്നിവരാണ്‌ ത്രിപുരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലൂടെ സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നത്‌. 
``പാര്‍ട്ടി 35 സീറ്റില്‍ വിജയം ഉറപ്പിച്ചു. ഇനി സീറ്റെണ്ണം കൂട്ടുകയാണ്‌ ലക്ഷ്യം. 10 സീറ്റില്‍ നേരിയ വോട്ടുവ്യത്യാസത്തിനാകും വിജയം. അതിലും അഞ്ചെണ്ണമെങ്കിലും ബിജെപിക്ക്‌ അനുകൂലമാണ്‌. അപ്പോള്‍ ആകെ 60 സീറ്റില്‍ 35 മുതല്‍ 40 വരെ സീറ്റ്‌ ബിജെപിക്ക്‌ കിട്ടാം,'' ഹിമന്ത്‌ ആത്മ വിശ്വാസത്തോടെ പറയുന്നു.

സിപിഎമ്മിന്റെ 25 വര്‍ഷ ഭരണത്തിനെതിരേ ജനവികാരമുണ്‌ട്‌. ധന്‍പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മാണിക്‌ സര്‍ക്കാര്‍ പോലും തോറ്റേക്കുമെന്ന്‌ സിപിഎമ്മിന്‌ ആശങ്കയുണ്‌ട്‌. അതു സംഭവിച്ചാല്‍ ആരും പ്രതീക്ഷിക്കാത്ത ഫലമുണ്‌ടാകും. പക്ഷേ രാഷ്‌ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ 35 മുതല്‍ 40 വരെ സീറ്റാണ്‌ പ്രതീക്ഷിക്കുന്നത്‌. 

പാര്‍ട്ടിയുടെ ത്രിപുരയിലെ സീറ്റെണ്ണം ഇപ്പോള്‍ പൂജ്യമാണ്‌. വോട്ടു ശതമാനം 1.5 ആണ്‌. അതില്‍നിന്നു വേണം ഇടതു സര്‍ക്കാരിനെ താഴെയിറക്കാന്‍. എളുപ്പമാണോ എന്ന്‌ ചോദിച്ചാല്‍ ഹിമന്തിന്റെ മറുപടി ഇങ്ങനെ:
 

ആസാമിലും മണിപ്പൂരിലും ബിജെപി ഒന്നുമല്ലായിരുന്നു, പക്ഷേ, സര്‍ക്കാരുണ്ടാക്കി. പ്രശ്‌നം പ്രതിപക്ഷത്തിന്റെ ജോലി ആരുചെയ്യുന്നു, ഏറ്റെടുക്കുന്നുവെന്നതാണ്‌. ത്രിപുരയില്‍ കോണ്‍ഗ്രസായിരുന്നു പ്രതിപക്ഷം. പക്ഷേ അവര്‍ സിപിഎമ്മുമായി ധാരണയിലും ഒത്തുതീര്‍പ്പിലുമായിരുന്നു. ജനങ്ങള്‍ക്കു വ്യക്തമായി ഒരു കാരണവശാലും സിപിഎമ്മിന്റെ ദുര്‍ഭരണവുമായി ബിജെപി ഒത്തുതീര്‍പ്പു നടത്തില്ലെന്ന്‌. ഇതാണ്‌ മണിപ്പൂരില്‍ സംഭവിച്ചത്‌. രണ്ടു പാര്‍ട്ടികള്‍ മാത്രമുള്ള തെരഞ്ഞെടുപ്പില്‍ മുന്‍കാല തെരഞ്ഞെടുപ്പുകണക്കുകളൊന്നും ഫലിക്കില്ല. ത്രിപുരയില്‍ 44 ശതമാനം വോട്ട്‌ 44 ശതമാനം വോട്ട്‌ സിപിഎമ്മിനെതിരായിരുന്നു. ആ 44 ബിജെപിയോടൊപ്പം ചേര്‍ന്നു. പുറമേ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനവും മോദിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണവും ഞങ്ങളുടെ അവിടത്തെ സ്ഥാനം ഒന്നാമതാക്കി. അതുതന്നെയാണ്‌ ത്രിപുരയിലേയും സ്ഥിതി. അല്ലാതെ 1.5 ശതമാനം വോട്ടിന്റെ കഥയല്ല. 

പ്രാദേശിക വികസന പദ്ധതികള്‍, പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തല്‍, കോണ്‍ഗ്രസിനെ ഇല്ലാതാക്കല്‍ തുടങ്ങിയ ബിജെപി പദ്ധതികള്‍ അസമിലും മണിപ്പൂരിലും അരുണാചലിലും ഒക്കെ പ്രവര്‍ത്തിച്ചതുപോലെ ത്രിപുരയില്‍ എളുപ്പമാണോ?

ത്രിപുരയില്‍ കോണ്‍ഗ്രസിലെ രണ്ട്‌ നേതാക്കളൊഴികെ കോണ്‍ഗ്രസിന്റെ നേതാക്കളെല്ലാം ബിജെപിയില്‍ ചേര്‍ന്നുകഴിഞ്ഞു. ടിഎംസിയുടെ മുഴുവന്‍ ജനപ്രതിനിധികളും ബിജെപിയില്‍ പാര്‍ട്ടിയോടൊപ്പം ലയിച്ചു. അങ്ങനെ അവിടെ പ്രതിപക്ഷത്ത്‌ ബിജെപി മാത്രമായി. വനവാസി വിഭാഗങ്ങളുടെ സംഘടനയായ ഐപിഎഫ്‌ടിക്കും മറ്റും ദേശീയ പാര്‍ട്ടിയോടൊപ്പം സ്ഥാനം ഞങ്ങള്‍ നല്‍കിക്കഴിഞ്ഞു. മണിപ്പൂരിലും അസമിലും പൂര്‍ത്തിയാക്കിയ ജോലികള്‍ അരുണാചില്‍ തുടങ്ങിക്കഴിഞ്ഞു. ഈ സംസ്ഥാനങ്ങളിലെല്ലാം രാഷ്‌ട്രീയമായി മാത്രമല്ല, സാമൂഹികമായും സമാധാനം ഉറപ്പായി. അസമില്‍ ഇപ്പോള്‍ പ്രത്യേക സംസ്ഥാനവാദ പ്രക്ഷോഭമില്ല. മണിപ്പൂരിലും. 

ത്രിപുരയില്‍ സിപിഎമ്മിനെ മാത്രമല്ല, മാണിക്‌ സര്‍ക്കാരിനെതിരേയും പോരാട്ടമുണ്ട്‌. എളുപ്പമാണോ? ബിജെപി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുമില്ലല്ലോ?

മുഖ്യമന്ത്രിയാകാന്‍ കഴിവുള്ള ഒട്ടേറെപ്പേര്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ട്‌. പേരു പറയാത്തത്‌ തന്ത്രമാണ്‌. ആ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പികാനുള്ള സംഘടിത ശ്രമം ഉണ്ടാകാതിരിക്കാന്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ഒന്നിക്കുന്നത്‌ തെരഞ്ഞെടുപ്പുതന്ത്രമാണ്‌. ത്രിപുരയില്‍ ആരാകും മുഖ്യമന്ത്രിയെന്ന്‌ ബിജെപി പറയാതെ ആര്‍ക്കും ഊഹിക്കാന്‍ പോലും സാധ്യമല്ല. പക്ഷേ പാര്‍ട്ടിക്ക്‌ അതൊരു വിഷയമേ അല്ല.
 
<
എന്തുകൊണ്ടാണ്‌ ചെറു സംസ്ഥാനമായ ത്രിപുര ബിജെപിക്ക്‌ ഇത്ര പ്രധാമാകുന്നത്‌?


ത്രിപുരയെന്നല്ല, ചെറുതും വലുതുമായ എല്ലാ സംസ്ഥാനങ്ങളും ബിജെപിക്ക്‌ പ്രധാനമാണ്‌. മേഘാലയയിലും ഇതുപോലെതന്നെ. പാര്‍ട്ടിയുടെ ദേശീയ നേതാക്കളും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പ്രചാരണത്തിന്‌ വരുന്നത്‌ അതുകൊണ്ടാണ്‌. ത്രിപുരക്കാര്‍ക്ക്‌ അവരുടെ പ്രധാനമന്ത്രിയെ കാണാന്‍ അവകാശമില്ലേ. യുപിയിലെ ജനങ്ങള്‍ക്കുള്ള ജനാധിപത്യ അവകാശങ്ങള്‍ ത്രിപുരക്കാര്‍ക്കുമുണ്ട്‌. തെരഞ്ഞെടുപ്പ്‌ ജനാധിപത്യത്തിന്റെ ഉത്സവമാണ്‌. നേതാക്കള്‍ വരണം. ജനങ്ങളെ കാണണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.