നന്മയുടെ ഓരത്ത്

Sunday 18 February 2018 2:45 am IST
പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കിടക്കുകയാണ് തെരുവുമക്കളുടെ സംരക്ഷകന്‍. അപ്പോഴാണ് തെരുവില്‍ അലയുന്ന മാനസിക രോഗിയായ യുവതിയേയും അവരുടെ കുഞ്ഞിനെയും പറ്റി അറിയുന്നത്. പോരാത്തതിന് അവര്‍ ഗര്‍ഭിണിയും. ഒട്ടും അമാന്തിച്ചില്ല. അവരെ കണ്ടെത്തി തെരുവില്‍ നിന്ന് 'തെരുവോര'ത്തിലേക്ക് എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ആ സംരക്ഷകന്റെ പേര് തെരുവോരം മുരുകന്‍. ആരോരും തുണയില്ലാത്ത അനേകം പേര്‍ക്ക് ആലംബമായിത്തീര്‍ന്ന മുരുകന്റെ ഇന്നത്തെ അവസ്ഥ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയാണ് അധികൃതര്‍...

വേദനയും അവഗണനയും വരിഞ്ഞുമുറുക്കുമ്പോഴും തെരുവ് മക്കള്‍ക്ക് ആശ്രയമായ തെരുവോരം മുരുകന്‍. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനും പരസഹായമില്ലാതെ  പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനും കഴിയാത്ത അവസ്ഥയിലാണിന്ന്. പക്ഷേ ഇതൊന്നും അറിയാതെയാവും മുരുകന്റെ ഫോണിലേക്ക് വിളിവരിക, ആരെങ്കിലും തെരുവില്‍ അലഞ്ഞു നടക്കുന്നുവെന്ന് അറിയിച്ചുകൊണ്ട്. ആ ഫോണ്‍വിളി  കണ്ടില്ലെന്ന് നടിക്കാനാവില്ല, ഈ ചെറുപ്പക്കരാന്. 

 തെരുവോര പ്രവര്‍ത്തക സംഘടനയിലെ അംഗളിലാരെയെങ്കിലും ഉടന്‍ പറഞ്ഞയയ്ക്കും. തെരുവില്‍ അലയുന്ന ആളെ പുനരിധിവാസ കേന്ദ്രത്തിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യും. ഏതാണ്ട് പതിനെട്ടോളം പേരെയാണ് മുരുകന്റെ ശസ്ത്രക്രിയയ്ക്ക് ശേഷവും തെരുവോരം ഏറ്റെടുത്തത്. എന്നാല്‍ തെരുവുമക്കളുടെ നന്മക്കായി ജീവിതം സമര്‍പ്പിച്ച മുരുകന് ഇന്ന് ദുരിതമൊഴിഞ്ഞ നേരമില്ല.

 സഹായമാകേണ്ട സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍  അര്‍ഹതപ്പെട്ട ഫണ്ടുകള്‍ അകാരണമായി തടഞ്ഞു വെയ്ക്കുന്നു. മുഖമില്ലാത്ത കുറേ ശത്രുക്കള്‍ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നു. തെരുവിലെ പാവങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന കൊച്ചുകൊച്ചു സഹായങ്ങളാണ് ഈ ദുഷ്‌ചെയ്തികളിലൂടെ ഇല്ലാതായത്. ഏഴ് മാസമായി മുടങ്ങിക്കിടക്കുന്ന 5 ലക്ഷത്തോളം രൂപ സര്‍ക്കാരില്‍ നിന്ന് തെരുവോരത്തിന് ലഭിക്കാനുണ്ടെന്ന് തെരുവ്‌വെളിച്ചത്തിലെ ജീവനക്കാരി ആശ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്നതിനിടെയാണ് മുരുകന് അപ്രതീക്ഷിതമായി അപകടം പിണഞ്ഞത്. 

രക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ...

   മൂന്ന് മാസം മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തെരുവില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു മുരുകന്‍. അന്ന് അക്രമാസക്തനായ യുവാവ് ലോഹക്കഷണം കൊണ്ട് മുരുകന്റെ മുട്ടുകാലില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞും വേദനയും നീരും കൂടി വന്നതോടെയാണ് വിദഗ്ദ്ധ പരിശോധന നടത്തിയത്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അതിന് വിധേയനായി. അടിയുടെ ആഘാതത്തില്‍ കാല്‍മുട്ടിന്റെ ചിരട്ടയ്ക്ക് പൊട്ടലേറ്റതിനാല്‍ പൂര്‍വ്വസ്ഥിതിയിലേക്കെത്താനും എഴുന്നേറ്റ് നടക്കാനും ഇനിയും മൂന്ന് മാസം കൂടി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുവരെ രണ്ട് ലക്ഷത്തോളം രൂപയാണ് ആശുപത്രി ചെലവുകള്‍ക്ക് വേണ്ടിവന്നത്.

 പകല്‍ തെരുവോരവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്ത്, രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് മുരുകന്‍ സ്വന്തം കുടുംബത്തിനായുള്ള വരുമാനം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ കാര്യമായ സമ്പാദ്യങ്ങളില്ലാത്തതിനാല്‍ ഭാര്യ ഇന്ദുവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്തിയത്. എന്നാല്‍ അപകടത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെയോ അധികാരികളുടെയോ ഭാഗത്തുനിന്ന് യാതൊരു സഹായവുമുണ്ടായില്ല. ഇത് തനിക്ക് ഏറെ നിരാശയുണ്ടാക്കിയെന്നും പറയുന്നു മുരുകന്‍.   ജാതിയും മതവുമില്ലാത്ത തന്റെ നേര്‍ക്ക്  ആര്‍ക്കും  കല്ലെറിയാമെന്നും പക്ഷെ സര്‍ക്കാരിന്റെ തെരുവ്‌വെളിച്ചം പദ്ധതി അട്ടിമറിക്കാനുള്ള ദുഷ്ട ശക്തികളുടെ നീക്കം തന്നെ വല്ലാതെ വേദനിപ്പിക്കുന്നവെന്നും അദ്ദേഹം പറയുന്നു.

  ഇന്നത്തെ ദുരവസ്ഥയില്‍ ഭാര്യയും, കുഞ്ഞും പിന്നെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും മാത്രമേ മുരുകനൊപ്പമുള്ളു. അതില്‍ എടുത്ത് പറയേണ്ടയാളാണ് മുരുകന്‍ സ്‌നേഹത്തോടെ ജോസേട്ടന്‍ എന്ന് വിളിക്കുന്ന ജോസ് വര്‍ഗ്ഗീസ്.  മുംബൈയിലെ ധാരാവിയില്‍ മുരുകനെപ്പോലെ തന്നെ തെരുവ്മക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് ഇദ്ദേഹം. മുരുകന് അപകടം സംഭവിച്ചതറിഞ്ഞ്  മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച്, മുരുകനെ ശുശ്രൂഷിക്കാന്‍ ജോസേട്ടന്‍ ഓടിയെത്തി. ഇന്ന് മുഴുവന്‍ സമയവും മുരുകനെയും കുടുംബത്തെയും സഹായിച്ച് അദ്ദേഹം കൂടെയുണ്ട്. 

തെരുവില്‍ നിന്ന് തെരുവോരത്തിലേക്ക്...

   മുരുകന് ഏഴ് വയസ്സുളളപ്പോഴാണ്  കുടുംബം തമിഴ്‌നാട്ടില്‍ നിന്ന് കൊച്ചിയിലെ തെരുവിലേക്ക് കുടിയേറിയത്. പിതാവിന്റെ മദ്യപാന ശീലം ജീവിതം ഇരുട്ടിലാഴ്ത്തി. എല്ലാ തെരുവ് മക്കളേയും പോലെ മറ്റുള്ളവര്‍ മിച്ചം വെയ്ക്കുന്ന ഭക്ഷണം വലിച്ചെറിയുന്നതും കാത്ത് ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും മുന്നില്‍ നിന്ന ഒരു ബാല്യം മുരുകനുമുണ്ട്. 

    കാലം കടന്നുപോയപ്പോള്‍ തെരുവിലെ കൂട്ടുകാര്‍ കുറ്റവാളികളും കള്ളന്മാരുമൊക്കെയായി. സമൂഹ നന്മക്കായി പ്രവര്‍ത്തിക്കാനുള്ള ജന്മമായതിനാലാകാം മുരുകന്‍ സ്‌നേഹഭവനം എന്ന അനാഥാലയത്തിലേക്ക് എത്തപ്പെട്ടത്. അവിടുന്നങ്ങോട്ട് ജീവിതം മറ്റൊരു ദിശയിലേക്ക്  വഴിമാറിയൊഴുകി. നാലാം ക്ലാസുവരെ മാത്രം പഠിച്ച മുരുകന്‍ പല തൊഴിലുകളും ചെയ്തു. ഒടുവില്‍ സ്വന്തമായി ഒരു ഒറ്റമുറി വീടും  പണിതു തീര്‍ത്തു. ഇതിനിടെ ഏറെക്കാലം മിച്ചം പിടിച്ചുണ്ടാക്കിയ പണം കൊണ്ട് പഴയ ഒരു ഓട്ടോയും സ്വന്തമാക്കി. പക്ഷെ തെരുവിനേയും അവിടുത്തെ ജീവിതങ്ങളെയും അന്നും അവന്‍ മറന്നില്ല. അലഞ്ഞ് നടക്കുന്ന തെരുവ് കുഞ്ഞുങ്ങളെ എവിടെ കണ്ടാലും മുരുകന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അങ്ങനെ തെരുവുമക്കളെക്കൊണ്ട് നിറഞ്ഞ ആ ഒറ്റമുറി വീട്ടില്‍ നിന്നാണ് തെരുവോരം എന്ന സന്നദ്ധ സംഘടനയുടെ പിറവി.

    തെരുവിന്റെ രക്ഷകനായിട്ട് 18 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അനാഥ കുഞ്ഞുങ്ങളും, മാനസിക രോഗികളും, വൃദ്ധരുമടക്കം മുരുകന്‍ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് 10,000 ത്തിലധികം മനുഷ്യരെയാണ്. ഇതിനിടെ മുരുകനെന്ന മനുഷ്യസ്‌നേഹിയെ തിരിച്ചറിഞ്ഞ് ഇന്ദു എന്ന പെണ്‍കുട്ടിയും ആ  ജീവിതത്തിലേക്ക് കടന്നുവന്നു.  ഒരു കുഞ്ഞു ജനിച്ചു. ഹരിശങ്കര്‍ എന്ന് അവന് പേരുമിട്ടു. ജീവിതത്തിന്റെ  ഏതോ ഇടനാഴിയില്‍ നഷ്ടമായ കുടുംബമെന്ന സന്തോഷവും അങ്ങനെ അവനെ തേടിയെത്തി.

അര്‍ഹതയ്ക്കുള്ള അംഗീകാരങ്ങള്‍...

ഇതുവരെ എത്ര പുരസ്‌കാരങ്ങള്‍ കിട്ടി എന്നു ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരം പറയാന്‍ മുരുകനാകില്ല. നിരവധി പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ മുരുകനെ തേടിയെത്തിയിട്ടുണ്ട്. 

കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പിന്റെ 2012 ലെ ശിശുക്ഷേമത്തിനുള്ള  ദേശീയ പുരസ്‌കാരം നേടുന്ന ആദ്യത്തെ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് തെരുവോരം മുരുകന്‍.  രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നായിരുന്നു അന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 

 ടൈംസ് നൗ ചാനലിന്റെ 2015 ലെ അമേസിംഗ് ഇന്ത്യന്‍ പുരസ്‌കാരമാണ് ഇതുവരെ ലഭിച്ചതില്‍ മുരുകന്റെ മനസ്സിനോട് ഏറ്റവും അടുത്തു  നില്‍ക്കുന്നത് . അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നായി മുരുകന്‍ കരുതുന്നു. പുരസ്‌കാരം നല്‍കിയതിന് ശേഷം പ്രധാനമന്ത്രി തന്നെ നെഞ്ചോട് ചേര്‍ത്ത് ആശ്ലേഷിച്ച നിമിഷത്തെക്കുറിച്ച് പറയുമ്പോള്‍ മുരുകന്റെ കണ്ണുകളില്‍ അതുവരെയില്ലാത്ത ഒരു തിളക്കമായിരുന്നു.

തെരുവ് വെളിച്ചം...       

   മുരുകന്റെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ കേരള സര്‍ക്കാര്‍ 2013 ല്‍ തെരുവ്‌വെളിച്ചം എന്ന പദ്ധതി രൂപീകരിക്കുകയും അതിന്റെ ചുമതല മുരുകനെ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ   തെരുവില്‍ അലഞ്ഞ് നടക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് തെരുവോരം സന്നദ്ധ സംഘടനയും സാമൂഹിക നീതി വകുപ്പും ചേര്‍ന്ന് കാക്കനാട് പുനരധിവാസ കേന്ദ്രം ആരംഭിച്ചു.  കേരളത്തില്‍ ആദ്യമായാണ് ഒരു എന്‍ജിഒയുമായി സഹകരിച്ചുകൊണ്ട് ഇത്തരമൊരു പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്.

   തെരുവ്‌വെളിച്ചം പദ്ധതിക്ക് കീഴില്‍ ഇതുവരെ 1500 പേരെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ മുരുകന് സാധിച്ചു. തെരുവോര പ്രവര്‍ത്തകര്‍ കണ്ടെത്തിയ നാല്‍പതോളം പേര്‍ നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും കാക്കനാട്ടെ പുനരധിവാസ കേന്ദ്രത്തിലുമായി കഴിയുന്നുണ്ട്. ഇവരെ ശുശ്രൂഷിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി എട്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. അപകടം സംഭവിക്കുന്നതു വരെ എല്ലാക്കാര്യത്തിലും മുരുകന്റെ മേല്‍നോട്ടമുണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയാണെങ്കിലും തെരുവുവെളിച്ചത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലപടി നടക്കുന്നുണ്ടോ എന്ന് കൃത്യമായി മുരുകന്‍ അന്വേഷിക്കാറുണ്ടെന്ന് ജീവനക്കാരും പറയുന്നു. 

      താല്‍ക്കാലിക അഭയ കേന്ദ്രമായതിനാല്‍ അന്തേവാസികളെ ആറ് മാസത്തിനപ്പുറം ഇവിടെ താമസിപ്പിക്കാനാകില്ല. മാനസികാസ്വാസ്ഥ്യം ഉള്ളവരെ തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും ആരോഗ്യനില മോശമായവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും മാറ്റിപ്പാര്‍പ്പിക്കാറാണ് പതിവ്. കണ്ടെത്തുന്നവരെ ബന്ധുക്കളുടെ അടുത്തെത്തിക്കാന്‍ കഴിവതും ഇവര്‍ ശ്രമിക്കാറുണ്ട്. കേരളത്തിലെ തെരുവുകളില്‍ നിന്ന് കണ്ടെത്തുന്നതിലധികവും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ്. അതിനാല്‍  തിരിച്ച് ബന്ധുക്കളുടെ അടുത്തെത്തിക്കുക ഏറെ ശ്രമകരമായ ദൗത്യമാണെന്ന് മുരുകന്‍ പറയുന്നു. പലവട്ടം മറ്റ് കേന്ദ്രങ്ങളില്‍ കൊണ്ടുചെന്നാക്കിയിട്ടും മുരുകന്റെ സ്‌നേഹത്തണലിലേക്ക് തിരികെ എത്തിയവരും ഇവിടെയുണ്ട്.  കുറേക്കൂടി ആളുകള്‍ക്ക് അഭയം നല്‍കാനാകുന്ന തരത്തില്‍  സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം നിര്‍മ്മിക്കണം എന്നതാണ് മുരുകന്റെ ആഗ്രഹം.  പക്ഷെ ആ സ്വപ്നം നിറവേറണമെങ്കില്‍ കാരുണ്യമതികളായവരുടെ സഹായം കൂടിയെ തീരൂ.

 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്ന ഗാന്ധിജിയുടെ വാക്കുകള്‍ പോലെ മുരുകന്റെ ജീവിതമാണ് ആ മനുഷ്യന്‍ ലോകത്തിന് പകര്‍ന്ന് നല്‍കുന്ന സന്ദേശം.  ആര്‍ക്കും വേണ്ടാത്ത കുറേ മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മുരുകന്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്കും തെരുവോര പ്രവര്‍ത്തനങ്ങളിലേക്കും തിരികെ എത്തും എന്ന് പ്രതീക്ഷിക്കാം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.