ശ്യാമപ്രസാദ് വധം എന്‍ഐഎ അന്വേഷിക്കുക: എബിവിപി വാഹന പ്രചാരണജാഥ 19 മുതല്‍

Saturday 17 February 2018 5:44 pm IST

 

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കുക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി ജില്ലാക്കമ്മറ്റി 19 മുതല്‍ 21 വരെ വാഹനപ്രചാരണ ജാഥ നടത്തും. ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത് ജാഥ നയിക്കും. 19 ന് വൈകുന്നേരം 3 മണിക്ക് കാക്കയങ്ങാട് ഗവ ഐടിഐയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് കാക്കയങ്ങാട് ടൗണില്‍ ഉദ്ഘാടന യോഗവും നടക്കും. എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ എന്നിവര്‍ സംസാരിക്കും.

രണ്ടാം ദിവസമായ 20 ന് ജാഥ ഇരിട്ടിയില്‍ നിന്നാരംഭിച്ച് ശ്രീകണ്ഠപുരം വഴി തളിപ്പറമ്പില്‍ സമാപിക്കും. സമാപന യോഗത്തില്‍ എബിവിപി സംസ്ഥാന വക്താവ് കെ.മനുപ്രസാദ്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍ എന്നിവര്‍ സംസാരിക്കും. 21 ന് രാവിലെ മട്ടന്നൂരില്‍ നിന്നാരംഭിക്കുന്ന യാത്ര മാഹി, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂരില്‍ സമാപിക്കും. സമാപന യോഗത്തില്‍ എബിവിപി സംസ്ഥാന പ്രസിഡണ്ട് പ്രിന്റു മഹാദേവ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ സംസാരിക്കും.

ശ്യംപ്രസാദ് വധം പോപ്പുലര്‍ ഫ്രണ്ട് ആസൂത്രിതമായി നടപ്പാക്കിയതാണ്. കൃത്യത്തിന് ശേഷം വിദേശത്ത് കടക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളില്‍ ചിലരെ നാടകീയമായി അറസ്റ്റ് ചെയ്ത് കേസിലെ ഉന്നതതല ബന്ധം ഒതുക്കിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം തന്നെ വേണം. 

എബിവിപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.രജിലേഷ്, ജോയിന്റ് സെക്രട്ടറി സുജിത്ത് ശശി, ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, ജില്ലാ സെക്രട്ടറി പി.പി.പ്രിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.