ഒമ്പതാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് 25 മുതല്‍ 28 വരെ കണ്ണൂരില്‍

Saturday 17 February 2018 5:46 pm IST

 

കണ്ണൂര്‍: ഫിലിം ഫെഡറേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ലൈബ്രറി കൗണ്‍സിലും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് 25 മുതല്‍ 28 വരെ കണ്ണൂരില്‍ നടക്കും. ഉദ്ഘാടന സമ്മേളനം 25 ന് വൈകിട്ട് അഞ്ചിന് ടൗണ്‍ സ്‌ക്വയറില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, നീലാഞ്ജന, 2017 ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുഴുവന്‍ ചലച്ചിത്ര പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന്  ഉദ്ഘാടന ചിത്രം ഏദന്‍ പ്രദര്‍ശിപ്പിക്കും.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വിവിധ അക്കാദമികളുടെ സഹകരണത്തോടെ മാര്‍ച്ച് 2,3,4 തീയ്യതികളില്‍ നടത്തുന്ന ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് നടത്തുന്നത്. 25 മുതല്‍ 28 വരെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ശിക്ഷക് സദന്‍, ടൗണ്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലും 27, 28 തീയ്യതികളില്‍ എന്‍എസ് ടാക്കീസിലും പ്രദര്‍ശനം നടക്കും. ദിവസവും വൈകിട്ട് അഞ്ച് മുതല്‍ ടൗണ്‍ സ്‌ക്വയറില്‍ ഓപ്പണ്‍ ഫോറവും തുടര്‍ന്ന് പ്രദര്‍ശനവും ഉണ്ടാകും. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഹ്രസ്വ സിനിമ മത്സരത്തില്‍ 71 എന്‍ട്രികളില്‍ നിന്ന് ജൂറി അംഗങ്ങളായ ഡോ.ബിജു, സുദേവന്‍, ജിത്തു കോളയാട് എന്നിവര്‍ പരിശോധിച്ച് വരികയാണെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

28 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. 26ന് ആവിഷ്‌കാര സ്വാതന്ത്ര്യം സിനിമയില്‍ എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. 27ന് സിനിമയും സ്ത്രീയും എന്ന വിഷയത്തിലെ ഓപ്പണ്‍ ഫോം നടക്കും. 200 രൂപയാണ് ഡെലിഗേഷന്‍ ഫീസ്. ഡെലിഗേഷന്‍ പാസ് വിതരണം അടുത്ത ദിവസം ആരംഭിക്കും. റഹരസമിിൗൃ.രീാ എന്ന ഓണ്‍ലൈന്‍ വിലാസത്തില്‍ നിന്ന്  ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ നടത്താം. 

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ കെ.വി.സുമേഷ്, ജനറല്‍ കണ്‍വീനര്‍ പി.കെ.ബൈജു, കോര്‍ഡിനേറ്റര്‍ സി.മോഹനന്‍, ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.മോഹനന്‍, പ്രചരണ കമ്മിറ്റി കണ്‍വീനര്‍ എ.പങ്കജാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.