കുട്ടിയെ കടിച്ചതും ഭീതി പടര്‍ത്തിയതും പേപ്പട്ടി തന്നെ..

Sunday 18 February 2018 2:00 am IST

മലയിന്‍കീഴ്: വിളവൂര്‍ക്കല്‍, മൂലമണ്‍ വാര്‍ഡില്‍ കഴിഞ്ഞദിവസം വീടിനുള്ളില്‍ കയറി നാലുവയസുകാരനെ കടിച്ചതും തെരുവുനായ്ക്കളെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ച് പരിക്കേല്‍പ്പിച്ചതും പേപ്പട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചു.

ഭീതിപരത്തിയ പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നതിനെ തുടര്‍ന്ന് പാലോട് വെറ്റിനറി ലാബിലേക്ക് പേവിഷബാധ ഉണ്ടോ എന്ന് കണ്ടെത്താന്‍ കൊണ്ടുപോയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയോടെ വിളവൂര്‍ക്കല്‍ വെറ്റിനറി സര്‍ജന്‍ മൂലമണ്‍ ഭാഗത്തെത്തി നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിനിടെ വീടിനുള്ളില്‍ കയറി നാലുവയസുകാരന്‍ ദേവാനന്ദനെ പട്ടി കടിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 3500 രൂപ വിലവരുന്ന മരുന്ന് വാങ്ങി കുത്തിവയ്പ്പ് നടത്തിയതായി കുട്ടിയുടെ അച്ഛനമ്മമാര്‍ പറഞ്ഞു. വാടക വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ കുട്ടിക്ക് ഇനിയുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ രക്ഷിതാക്കള്‍ ആകുലതയിലാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് വിളവൂര്‍ക്കല്‍ പഞ്ചായത്ത് കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് വി. അനില്‍കുമാറും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് പട്ടിയുടെ കടിയേറ്റ കുട്ടിയുടെ വീട്ടിലെത്തി അടിയന്തര ആശ്വാസമായി 5000 രൂപ കൈമാറി. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി കുടുംബശ്രീ ജില്ലാമിഷന് ഫണ്ട് നേരത്തെ തന്നെ കൈമാറിയിട്ടുണ്ടെന്നും അവരാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അടിയന്തരമായി തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാനും പേപ്പട്ടി ആക്രമണം നടന്നിട്ടുള്ളതായി സംശയിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി വാക്‌സിനേഷനുകള്‍ നല്‍കാനുമുള്ള എല്ലാ സഹായവും വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അനില്‍കുമാര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.