ക്ഷേത്രഭരണം ഹിന്ദുക്കള്‍ക്ക് തിരിച്ച് നല്‍കണം: ആര്‍.വി. ബാബു

Sunday 18 February 2018 2:45 am IST

കൊച്ചി: ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് മുഴുവന്‍ ക്ഷേത്രങ്ങളും ഹൈന്ദവ ഭക്തര്‍ക്ക് തിരിച്ചുനല്‍കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏകപക്ഷീയമായി പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഗുരുവായൂരില്‍ നടക്കുന്ന ക്ഷേത്ര വിമോചന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

എല്ലാ മതങ്ങളോടും തുല്ല്യ നീതിയും, എല്ലാ ജനങ്ങള്‍ക്കും തുല്യ അവകാശവും എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ കപടമതേതര സര്‍ക്കാര്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ മാത്രം പിടിച്ചെടുത്ത് സ്വത്ത് കൊള്ളയടിക്കുകയാണ്. പാര്‍ത്ഥസാരഥി ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന പച്ചക്കള്ളം നാടുനീളെ പറഞ്ഞു നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഹൈന്ദവസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ക്ഷേത്രങ്ങളും മഠങ്ങളും പിടിച്ചെടുക്കുന്നതിനു പിന്നില്‍ ഇസ്ലാമിക ഭീകരവാദം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ. ആര്‍.കുമാര്‍ കുറ്റപ്പെടുത്തി.

ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ പി.കെ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷന്‍ ക്യാപ്റ്റന്‍ കെ. സുന്ദരന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന  പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍. രമേശ്, ആ.ഭാ. ബിജു എന്നിവര്‍ പ്രസംഗിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.