ചൂടു കഠിനം; വൈദ്യുതി ഉപഭോഗം 72 ദശലക്ഷം യൂണിറ്റ്

Sunday 18 February 2018 2:45 am IST

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം വെള്ളിയാഴ്ച 71.6294 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം. ചൂടേറിയ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, മെയ് മാസങ്ങളില്‍ പോലും ഒരു ദിവസത്തെ പരമാവധി ഉപയോഗം 72.5 ദശലക്ഷം യൂണിറ്റായിരുന്നു. 

സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്കിനെ പോലും സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകമായ വൈദ്യുതി ഉപഭോഗം ഉയരുന്നത് ശുഭ സൂചനയാണ് നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ ആരംഭിച്ചതും ഉപഭോഗം കൂടാന്‍ കാരണമായി. ദിവസങ്ങളായി 68-70 നും ഇടയിലായിരുന്നു ശരാശരി ഉപഭോഗം, നാല് ദിവസമായി ഉയരുന്നതായാണ് കാണുന്നത്. 

ഉപഭോഗം ഉയരുമ്പോള്‍ ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കൂട്ടേണ്ടി വരുന്നത് കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കുമെന്ന് കളമശ്ശേരിയിലെ സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററിലെ ട്രാന്‍സ്മിഷന്‍-സിസ്റ്റം ഓപ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ എ.എന്‍. ഷാജി പറഞ്ഞു. 

നിലവില്‍ വന്‍തുക നല്‍കി പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നില്ല. പഴയ കരാറിന്റെ അടിസ്ഥാനത്തിലുള്ള വൈദ്യുതിയും കേന്ദ്ര വിഹിതവുമാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇതും തികയാതെ വരുമ്പോഴാണ് സംസ്ഥാനത്തെ ഉത്പാദനം കൂട്ടുന്നത്. ഡാമുകളിലെ വെള്ളം അധികമായി ഇതുവഴി പുഴകളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏപ്രില്‍ പാതി കഴിഞ്ഞെത്തുന്ന വേനല്‍ മഴ വരെ ഈ സ്ഥിതി തുടരുമെന്നും ശരാശരി ഉപഭോഗം 80 ദശലക്ഷം യൂണിറ്റിലെത്തുമെന്നുമാണ് വകുപ്പിന്റെ കണക്കുകൂട്ടല്‍. മൊത്തം ഉപഭോഗത്തില്‍ 13.3134 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച ഉത്പാദിപ്പിച്ചത്. ബാക്കി 58.316 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറമെ നിന്ന് വാങ്ങിയതും കേന്ദ്ര വിഹിതവുമായിരുന്നു. 2.667 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയുമെത്തി.

ജലശേഖരം മികച്ചത്

വൈദ്യുതി വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലായി അവശേഷിക്കുന്നത് 63 ശതമാനം വെള്ളം. ഇതുപയോഗിച്ച് 2614.276 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.

കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2015ല്‍ മാത്രമാണ് ഇതിലും അധികം വെള്ളം ശേഖരത്തിലുണ്ടായിരുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ഏതാണ്ട് ആയിരം ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണുള്ളത്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ 2362.48 അടിയാണ് ജലനിരപ്പ്, 56.68 ശതമാനം. 

1217.422 ദശലക്ഷം യൂണിറ്റ് ഇതുപയോഗിച്ച് നിര്‍മ്മിക്കാനാകും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതലാണിത്. ശേഖര ശേഷിയില്‍ രണ്ടാമതുള്ള പമ്പ, കക്കി സംഭരണികളിലാകെ 77 ശതമാനം വെള്ളമുണ്ട്. 590.263 ദശലക്ഷം യൂണിറ്റ് ഇതുപയോഗിച്ച് നിര്‍മ്മിക്കാനാകും. മഴക്കാലമെത്താന്‍ ഇനി 103 ദിവസം കൂടിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.