ഒമാനിലെ 20 വര്‍ഷത്തെ തടവില്‍ നിന്ന് മലയാളികള്‍ മോചിതരാകുന്നു

Sunday 18 February 2018 2:45 am IST

അമ്പലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനം മലയാളി കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി. ഒമാനിലെ 20 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മലയാളികള്‍ ചൊവ്വാഴ്ച മോചിതരാകും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് വളഞ്ഞവഴി ഭാരതി ഭവനില്‍ പരേതരായ തങ്കപ്പന്‍ - ഭാരതി ദമ്പതികളുടെ മകന്‍ സന്തോഷ് (45), തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാന്‍ (60) എന്നിവരാണ് ചെയ്യാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ  മോചിതരാകുന്നത്. 

  സന്തോഷ് പത്തൊന്‍പതാമത്തെ വയസിലാണ് ഒമാനില്‍ എത്തിയത്. ഫ്‌ളവര്‍ മില്ലിലായിരുന്നു ജോലി. സമീപത്തെ കൊല്ലം കൊട്ടിയം സ്വദേശി ശിവന്‍പിള്ള ജോലി നോക്കിയിരുന്ന ഇരുമ്പു സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ 19 വര്‍ഷം മുമ്പ് നാല് പാക്കിസ്ഥാന്‍ സ്വദേശികളെത്തുകയും തങ്ങളുടെ സ്ഥാപനത്തിലെ താക്കോല്‍ നഷ്ടപ്പെട്ടന്നും പൂട്ടു തുറക്കുന്നതിനായി കട്ടര്‍ വേണമെന്നാവശ്യപ്പെടുകയുമായിരുന്നു.

കട്ടര്‍ നല്‍കി ഒരാഴ്ചക്കു ശേഷം സന്തോഷിനെയും ശിവന്‍പിള്ളയേയും ഷാജഹാനെയും ഒമാന്‍ പോലീസ് പിടികൂടുകയായിരുന്നു. പാക്കിസ്ഥാനികള്‍ ഇവരില്‍ നിന്ന് വാങ്ങിയ കട്ടര്‍ സമീപത്തെ ബാങ്ക് കൊള്ളയടിക്കാനാണെന്ന് ഇവര്‍ അറിഞ്ഞില്ല. കവര്‍ച്ചയ്ക്കിടെ ഒമാന്‍ സ്വദേശികളായ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ഇവര്‍ കൊലപ്പെടുത്തിയിരുന്ന വിവരവും സന്തോഷ് ഉള്‍പ്പെടെയുള്ള മലയാളികള്‍ പിന്നീടാണ് അറിഞ്ഞത്. 

ഇതിനിടെ ഇവര്‍ ജയിലിനുള്ളിലായി കഴിഞ്ഞിരുന്നു. 25 വര്‍ഷത്തെ ജീവപര്യന്തമായിരുന്നു ശിക്ഷ. പാക്കിസ്ഥാനികള്‍ കൊണ്ടുപോയ കട്ടര്‍ സംഭവശേഷം പോലീസ് കണ്ടെടുക്കുകയും ചെയ്തു. കട്ടര്‍ വാങ്ങിയതിന്റെ ബില്ല് ഹാജരാക്കാന്‍ കഴിയാതിരുന്നതും നിരപരാധിത്വം തെളിയിക്കുന്നതിന് തടസ്സമായി. രോഗബാധിതനായി ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ശിവന്‍പിള്ള പിന്നീട് മോചിതനായി. കുറ്റക്കാരായ പാകിസ്ഥാനികളെ കോടതി വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു.

 ചെയ്യാത്ത തെറ്റിന് ശിക്ഷ വാങ്ങേണ്ടി വന്ന ഇരുവരുടെയും മോചനത്തിനായി ബന്ധുക്കള്‍ അന്നു മുതല്‍ മുട്ടാത്ത വാതിലുകളില്ല. ഒടുവില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ പുന്നപ്ര സ്വദേശി തയ്യില്‍ ഹബീബ് ഒമാനിലെത്തിയ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും നിരന്തരം നടത്തിയ ഇടപെടലുമാണ് മോചനത്തിന് കളമൊരുക്കിയത്. 

അമ്മ മരിച്ചു മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് സന്തോഷിന്റെ മോചനം സാദ്ധ്യമാകുന്നത്. സന്തോഷിന്റെ വരവും കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.