മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത് 24 പരാതികള്‍ പരിഗണിച്ചു; 6.53 ലക്ഷം അനുവദിച്ചു

Sunday 18 February 2018 2:00 am IST
കോട്ടയം: ശുപാര്‍ശ ചെയ്ത കടാശ്വാസം അനുവദിക്കാതിരുന്ന മത്സ്യത്തൊഴിലാളികളുടെ വായ്പകളില്‍ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 6,53,000 രൂപ കടാശ്വാസമായി 14 പേര്‍ക്ക് അനുവദിക്കാന്‍ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഉത്തരവ് നല്‍കി. കമ്മീഷന്‍ അദാലത്തില്‍ 24 പരാതികള്‍ പരിഗണിച്ചു.

 

കോട്ടയം:  ശുപാര്‍ശ ചെയ്ത കടാശ്വാസം അനുവദിക്കാതിരുന്ന മത്സ്യത്തൊഴിലാളികളുടെ വായ്പകളില്‍ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 6,53,000 രൂപ കടാശ്വാസമായി 14 പേര്‍ക്ക് അനുവദിക്കാന്‍ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഉത്തരവ് നല്‍കി. കമ്മീഷന്‍ അദാലത്തില്‍ 24 പരാതികള്‍ പരിഗണിച്ചു. 

മോറട്ടോറിയം ഉത്തരവും കടാശ്വാസ നിയമവും വകവെക്കാതെ കടാശ്വാസം അനുവദിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പക്കല്‍ നിന്ന് അധികമായി 7250 രൂപ വാങ്ങിയ കുമരകം സര്‍വ്വീസ് സഹകരണ ബാങ്കിനോട് സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന പലിശ സഹിതം മടക്കി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. 

മത്സ്യത്തൊഴിലാളിയില്‍ നിന്ന് അധികം ഈടാക്കിയ 56,251 രൂപ വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നടപടിയില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. തുക മത്സ്യത്തൊഴിലാളിക്ക് തിരിച്ച് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. കടാശ്വാസമായി ലഭിച്ച 26,360 രൂപക്ക് പുറമെ ഒടിഎസ് പ്രകാരം 30,000 രൂപ കൂടി അധികമായി വാങ്ങിയ ഉദയനാപുരം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നടപടിയിലും കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. അധികം വാങ്ങിയ തുക തിരികെ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. 

കടക്കണക്ക് തീര്‍പ്പാക്കാന്‍ നല്‍കിയ ഉത്തരവ് നടപ്പാക്കാതെ ഹാജരായ ടി.വി.പുരം ഫാര്‍മേഴ്സ്സ് സഹകരണ ബാങ്കിന്റെ നടപടി തിരുത്തി ഈടാധാരം തിരികെ നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികളെ ഇഡ്ബ്യൂ ബാദ്ധ്യതയില്‍ നിന്ന് മുക്തരാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ കടാശ്വാസ തുക പലിശയിലും പിഴപ്പലിശയിലും വരവ് വെച്ച് ഈടാധാരം പിടിച്ച് വെച്ച് വീണ്ടും തുക ഈടാക്കാന്‍ നടത്തുന്ന ചില ധനകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിയില്‍ കമ്മീഷന്‍ നീരസം പ്രകടിപ്പിച്ചു. നിയമ നടപടികള്‍ സ്വീകരിച്ച സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ കടാശ്വാസ തുക സ്വീകരിച്ച് വായ്പ കണക്ക് തീര്‍ത്ത് തീരാധാരം തിരികെ നല്‍കുകയോ അല്ലെങ്കില്‍ വാങ്ങിയ തുക പലിശ സഹിതം സര്‍ക്കാരിലേക്ക് തിരിച്ചടക്കുകയോ വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

കുമരകം സര്‍വ്വീസ് സഹകരണ ബാങ്കിന് അനുവദിച്ച 11 പേരുടെ കടാശ്വാസ തുക 1,57,334 രൂപ സസ്‌പെന്‍സ് അക്കൗണ്ടില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് ഉടനെ വിതരണം നടത്താന്‍ സഹകരണ ജോയിന്റ് രജിസ്ട്രാറോട് കമ്മീഷന്‍ ആവശ്യുപ്പെട്ടു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്‍ അദ്ധ്യക്ഷനായി. കമ്മീഷന്‍ മെമ്പര്‍ കൂട്ടായി ബഷീര്‍, കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ എന്നിവരെ പ്രതിനിധീകരിച്ചെത്തിയ ഉദ്യോഗസ്ഥര്‍, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും മാനേജര്‍മാര്‍, പരാതി സമര്‍പ്പിച്ച അപേക്ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.