ബസ്സുകള്‍ ഓടിയില്ല; ജനം പെരുവഴിയില്‍

Sunday 18 February 2018 2:00 am IST
കോട്ടയം: സ്വകാര്യബസുകളുടെ സമരം രണ്ട് ദിവസം പിന്നിട്ടതോടെ ജനം ദുരിതത്തിലായി. സ്വകാര്യ ബസുകളെമാത്രം ആശ്രയിക്കുന്ന ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലാണ് യാത്രാക്ലേശം കൂടുതല്‍ രൂക്ഷമായത്.

 

കോട്ടയം: സ്വകാര്യബസുകളുടെ സമരം രണ്ട് ദിവസം പിന്നിട്ടതോടെ ജനം ദുരിതത്തിലായി. സ്വകാര്യ ബസുകളെമാത്രം ആശ്രയിക്കുന്ന ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലാണ് യാത്രാക്ലേശം കൂടുതല്‍ രൂക്ഷമായത്. 

സമാന്തര സര്‍വ്വീസുകളെയാണ് യാത്രക്കാര്‍ ഏറെയും ആശ്രയിച്ചത്. തിരുവാര്‍പ്പ്, കാഞ്ഞിരം, ഒളശ്ശ, പരിപ്പ്, കരിപ്പൂത്തട്ട്, മണിയാപറമ്പ്, പുലിക്കുട്ടിശ്ശേരി, തിരുവഞ്ചൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ, മാന്നാനം, ശ്രീകണ്ഠമംഗലം, യൂണിവേഴ്‌സിറ്റി, തൊണ്ടംപ്രാല്‍, 15ല്‍കടവ്, കല്ലിങ്കത്ര എന്നിവിടങ്ങളിലാണ് യാത്രാക്ലേശം ഏറെ ബാധിച്ചത്. 

കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തിയെങ്കിലും അവയിലേറെയും ലിമിറ്റഡ്, ഫാസ്റ്റ് സര്‍വ്വീസുകളായിരുന്നു. സ്വകാര്യ ബസുകളില്‍ ഏഴ് രൂപ നല്‍കി യാത്ര ചെയ്തിരുന്ന സ്ഥാനത്ത് അധികസര്‍വ്വീസുകളില്‍ 12 രൂപ വരെ യാത്രക്കാര്‍ നല്‍കേണ്ടിവന്നു. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ സമാന്തര സര്‍വ്വീസുകള്‍ നടത്തിയെങ്കിലും അമിതകൂലി ഈടാക്കിയതായും ആക്ഷേപമുണ്ട്. 

കെഎസ്ആര്‍ടിസിയുടെ പ്രധാന ഡിപ്പോയായ കോട്ടയത്ത് നാല് ലക്ഷം രൂപയുടെ അധികവരുമാനം രണ്ട് ദിവസങ്ങളില്‍ ലഭിച്ചു. ഒരു ദിവസം 12 ലക്ഷം രൂപയാണ് ഡിപ്പോയുടെ ശരാശരി വരുമാനം. അയര്‍ക്കുന്നം, പാലാ, എസ്എന്‍ പുരം, മെഡിക്കല്‍ കോളജ്, ചേര്‍ത്തല എന്നീ സ്ഥലങ്ങലിലേക്ക് അഞ്ച് ബസുകള്‍ അധിക സര്‍വ്വീസ് നടത്തി. 

കോട്ടയം ഡിപ്പോയില്‍ നിന്ന് ചങ്ങനാശേരി വഴിയുള്ള ആലപ്പുഴ സര്‍വ്വീസുകള്‍ കുമരകം വഴിയും, വൈക്കത്തിന് സര്‍വ്വീസ് നടത്തിയ ബസുകള്‍ മെഡിക്കല്‍ കോളേജ് വഴി തിരിച്ചുവിട്ടു. സമരത്തിന് ഇന്ന് പരിഹാരം കണ്ടില്ലെങ്കില്‍ തിങ്കളാഴ്ച യാത്രാദുരിതം ഇരട്ടിയാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.