എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ഇവരാണ്

Sunday 18 February 2018 2:45 am IST

ഉക്തം ഇദം ധര്‍മ്മ്യാമൃതാ

ഈ അധ്യായത്തില്‍- ''മയ്യാവേശ്യമനോയേമാം'' എന്ന രണ്ടാം ശ്ലോകം മുതല്‍ ഭഗവാന്‍, തന്നെ സമീപിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി, ഭക്തിയുക്തമായ സേവനപ്രക്രിയയാണ് ഉപദേശിച്ചത്. ഭഗവാന്‍ പറയുന്നത്, ഈ ഭക്തിസാധനകളാണ് സനാതന ധര്‍മ്മം, മനുഷ്യന് ഏതവസ്ഥയിലും ഉപേക്ഷിക്കാതെ അനുഷ്ഠിക്കാന്‍ കഴിയുന്ന ധര്‍മ്മം എന്നാണ്. മാത്രമല്ല ഇത് അമൃതവുമാണ്-പരമപദത്തിലെത്തിക്കാനും ആനന്ദം അനുഭവിപ്പിക്കാനും കഴിവുള്ളതുമാണ്. അമൃത് പാനം ആരംഭം മുതല്‍ തന്നെ മധുരമുള്ളതാണ്. അതുപോലെ ഭക്തിയോഗം, ശീലിക്കുന്നതു മുതല്‍ ആനന്ദം തരുന്നു. എന്റെ ഉപാസനാ രൂപത്തിലുള്ള ഈ ഭക്തിയോഗം ശീലിക്കുന്നവര്‍-മേല്‍പ്പറഞ്ഞ അനുഷ്ഠാനത്തില്‍-ശ്രദ്ധാനാഃ- പരിപൂര്‍ണ വിശ്വാസം ഉള്ളവരായിരിക്കണം.

മാത്രമല്ല, അക്ഷരബ്രഹ്മവും പരമാത്മാവുമായ ഞാന്‍- ഈ കൃഷ്ണന്‍-തന്നെയാണ്, ഉത്കൃഷ്ട തത്ത്വം, വേറെ ആരുമല്ല എന്ന അവബോധം അവര്‍ക്കുണ്ടായിരിക്കണം. അതായത് 

മത്പരമാഃതേ ഭക്താഃ മേ 

അതീവ പ്രിയാഃ

ഞാന്‍ നിര്‍ദ്ദേശിച്ച ഈ ഭക്തിയോഗം പരിശീലിച്ച് പരിപൂര്‍ണതയില്‍ എത്തിച്ചേര്‍ന്ന ഭക്തന്മാര്‍ എനിക്ക് വളരെ വളരെ പ്രിയപ്പെട്ടവരാണ്.

''അദ്വേഷ്ടാ'' എന്നു തുടങ്ങുന്ന 13-ാം ശ്ലോകത്തിലും, 14-ാം ശ്ലോകത്തിലും നിര്‍ദ്ദേശിച്ച ഭക്തി സിദ്ധിക്കുവേണ്ടിയുള്ള പരിശീലനം ചെയ്യുന്ന ഭക്തന്‍ ഭഗവാന് പ്രിയനാണ്.

സമേപ്രിയഃ

15 ഉം 16 ഉം ശ്ലോകപ്രകാരം അനുഷ്ഠിക്കുന്ന ഭക്തനും പ്രിയനാണ്- 'സമേ പ്രിയഃ''.

17-ാം ശ്ലോകം അനുസരിച്ച് ജീവിക്കുന്നവന്‍- 'ഭക്തിമാന്‍' -ഭക്തി വളര്‍ന്നു തുടങ്ങിയവനാകയാല്‍ ഭഗവാന് പ്രിയനാണ്. 18 ഉം 19 ഉം ശ്ലോകങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട ജീവിതശൈലിയില്‍ നിഷ്ഠയോടെ നില്‍ക്കുന്ന ഭക്തന്‍-സ്ഥിരമതിയാകയാല്‍ പ്രിയപ്പെട്ട മനുഷ്യന്‍ തന്നെ. എല്ലാ അനുഷ്ഠാനക്രമങ്ങളും പടിപടിയായി കയറി ഉന്നതിയിലെത്തിയ മനുഷ്യനാകട്ടെ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഭക്തനാണ്.

പന്ത്രണ്ടാമധ്യായം കഴിഞ്ഞു.

പന്ത്രണ്ടാമധ്യായത്തിലെ പ്രതിപാദ്യ സംഗ്രഹം

അക്ഷരബ്രഹ്മോപാസകരാണോ, ഭക്തിപൂര്‍വം ഭഗവാനെ സേവിക്കുന്നവരാണോ? ഉത്തമന്മാര്‍ എന്നാണ് അര്‍ജ്ജുനന്‍ ചോദിച്ചത്. ''തേഷാംകേ യോഗ വിത്തമാഃ''- എന്ന്. ഭഗവാന്റെ മറുപടി എന്നില്‍ മനസ്സിനെ പരിപൂര്‍ണമായും സ്ഥിരമായും നിലനിര്‍ത്തുംവിധം എന്നെ ഉപാസിക്കുന്നവരാണ് വേഗത്തില്‍ എന്നില്‍ എത്തിച്ചേരുന്നത്. അതിനാല്‍ അവര്‍ ശ്രേഷ്ഠന്മാരാണ്- ''തേ യുക്തതമാഃ മതാഃ'' എന്നാണ്. ബ്രഹ്മോപാസകന്മാരും എന്നില്‍ തന്നെയാണ് എത്തിച്ചേരുന്നത്. പക്ഷേ അവരുടെ ധ്യാനക്രമം ഇന്ദ്രിയ നിഗ്രഹം എല്ലാം തന്നെ വളരെ ക്ലേശം-വിഷമം നിറഞ്ഞതാണ്. ''ക്ലേശോളധികതരഃ തേഷാം''

ഭക്തിയോഗം ക്ലേശകരമല്ല. ഭഗവത് കഥാ നാമ-കീര്‍ത്തനങ്ങള്‍ മാത്രമല്ല, ഭക്തിയോഗം. പ്രായോഗിക ജീവിതത്തില്‍ ഭഗവത്തത്ത്വവിജ്ഞാനം പ്രാവര്‍ത്തികമാക്കുകയും വേണം. ഭഗവാനാണ്  എല്ലാവരിലും എല്ലായിടത്തും അകത്തും പുറത്തും എപ്പോഴും അന്തര്യാമിയായി വര്‍ത്തിക്കുന്നത്. അതിനാല്‍ ദ്വേഷമില്ലാതെ, എല്ലാവരോടും സ്‌നേഹകാരുണ്യ സമഭാവത്തോടെ, ആവശ്യാധികം ആര്‍ജിക്കാതെ, എന്നില്‍ തന്നെ മനസ്സിനെ സ്ഥിരമാക്കിക്കൊണ്ട്, എല്ലാവര്‍ക്കും ആത്മീയാനന്ദം ലഭിക്കുംവിധം പ്രവര്‍ത്തിച്ചുകൊണ്ട്, ജീവിതം എന്നില്‍ സമര്‍പ്പിച്ചുകൊണ്ട്, ജീവിക്കുന്ന ഭക്തിയോഗി തന്നെയാണ് ശ്രേഷ്ഠന്‍; എനിക്കേറ്റവും പ്രിയപ്പെട്ടവനും. ''തേ ഭക്താ: അതീവമേ പ്രിയാഃ''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.