ഉപരാഷ്ട്രപതി പറഞ്ഞു; കൊലക്കത്തി രാഷ്ട്രീയം വേണ്ട

Sunday 18 February 2018 2:45 am IST

കോഴിക്കോട്: കേരളത്തിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അക്രമങ്ങളും വികസനവും ഒന്നിച്ചു പോകില്ലെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അഭിഭാഷക വൃത്തിയുടെ   40 വര്‍ഷവും നൂറു പുസ്തകങ്ങളുടെ രചനയും പൂര്‍ത്തിയാക്കിയതിന് പൗരാവലി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊലപാതകങ്ങളും സംഘര്‍ഷങ്ങളും വികസനം തടയും. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സാമൂഹ്യ ഘടനയെ തകിടം മറിക്കും. അക്രമത്തിന്റെ ശക്തികളെ ഒറ്റപ്പെടുത്തി ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തണം. രാഷ്ട്രീയ എതിരാളികള്‍  ശത്രുക്കളല്ല. പാര്‍ട്ടികള്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പരസ്പരം ബഹുമാനിക്കാന്‍ കഴിയണം. ആരൊക്കെയാണ് ശത്രുക്കളെന്ന് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന സമയത്ത് തന്നോട് ചോദിച്ചപ്പോള്‍ സോണിയാ ഗാന്ധി രാഷ്ട്രീയ എതിരാളിയും കമ്യൂണിസ്റ്റുകള്‍ ആശയപരമായ എതിരാളിയുമാണെന്നാണ് മറുപടി പറഞ്ഞത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ പരിപാടി  മാതൃകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 

 ഭാരതത്തില്‍ മതേതരത്വം സംരക്ഷിക്കപ്പെടുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ കഴിവുകൊണ്ടല്ല. ഭാരതീയരുടെ രക്തത്തിലും ജനിതകത്തിലും മതേതരത്വ മനോഭാവം ഉള്ളതുകൊണ്ടാണ്. എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെ എന്നതാണ് ഭാരതത്തിന്റെ പ്രാര്‍ത്ഥന. ലോകം ഒരു കുടുംബമാണെന്നാണ് സങ്കല്‍പ്പം. എല്ലാ മനുഷ്യരെയും, എല്ലാ ജീവജാലങ്ങളെയും തുല്യരായി കാണാന്‍ കഴിയണം. വേദകാലത്ത് ആരംഭിച്ച ഈ ദര്‍ശനത്തെ ഭാരതീയമെന്നോ ഹിന്ദുത്വമെന്നോ വിവരിക്കാം. വൈവിദ്ധ്യങ്ങളിലെ ഏകതയാണ് ഭാരതത്തിന്റെ സവിശേഷത. ഒരു രാഷ്ട്രം, ഒരു ജനത എന്ന സമീപനമാണ് ഉണ്ടായിരുന്നത്. മതവും ആചാരവും ആചാരരീതികളും വ്യത്യസ്തമാകാം. എന്നാല്‍ നാമെല്ലാം ഭാരതീയരാണെന്നതില്‍ അഭിമാനിക്കുന്നു.

എല്ലാ സദ്ചിന്തകളെയും ഭാരതം സ്വാഗതം ചെയ്യുന്നു. ഒരുമിച്ച് കര്‍മ്മം ചെയ്യാനുള്ള ആഹ്വാനമാണ് നമ്മുടെ ദര്‍ശനത്തിന്റെ അടിസ്ഥാനം. ഈ വീക്ഷണമാണ് സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി കോളനിവാഴ്ചക്കെതിരായ അഹിംസാസമരമായി ആവിഷ്‌കരിച്ചത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകള്‍ ഒഴിച്ച് ജനാധിപത്യ വ്യവസ്ഥയെ നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറും. ഒന്നാം ശക്തിയാക്കി മാറ്റാന്‍ കഴിയണം-അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ. രാഘവന്‍ എംപി അദ്ധ്യക്ഷനായി. സി.കെ. മേനോന്‍, എം.പി. അഹമ്മദ്, യു. ഗോപാല്‍ മല്ലര്‍ എന്നിവര്‍ ഉപരാഷ്ട്രപതിയെ പൊന്നാട അണിയിച്ചു. മന്ത്രി കെ.ടി. ജലീല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സുപ്രീംകോടതി റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ്,  എന്‍.കെ. അബ്ദുറഹിമാന്‍, കമാല്‍ വരദൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫ്രാന്‍സിസ് കോടങ്കണ്ടത്ത് വരച്ച കോഴിക്കോടിന്റെ ആകാശ കാഴ്ച എം.കെ. രാഘവന്‍ ഉപരാഷ്ട്രപതിക്ക് ഉപഹാരമായി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.