വെടിക്കെട്ട് അപകടം; ദമ്പതികൾ മരിച്ചു

Sunday 18 February 2018 2:45 am IST

തിരുവല്ല: ഇരവിപേരൂര്‍ പൊയ്കയില്‍പ്പടിയില്‍ വെടിപ്പുരയ്ക്ക് തീപ്പിടിച്ച് കരാറുകാരന്റെ ബന്ധുക്കളായ ദമ്പതികള്‍ മരിച്ചു. 7 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കാര്‍ത്തികപ്പള്ളി മഹാദേവികാട് മാധവന്‍ചിറ കിഴക്കതില്‍ ഗുരുദാസ്(45), ഭാര്യ ആശ (സുഷമ-35))എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.15ന്  ശ്രീകുമാര ഗുരുദേവ ജയന്തിയാഘോഷങ്ങള്‍ക്കിടെയായിരുന്നു  ദുരന്തം. 

പിആര്‍ഡിഎസിന്റെ ആസ്ഥാന മന്ദിര വളപ്പിലെ ശ്മശാനത്തില്‍ താല്‍ക്കാലികമായി കെട്ടിയ ഷെഡ്ഡിലാണ് അപകടം. ആചാരവെടിക്കിടെ കരിമരുന്ന് സൂക്ഷിച്ചിരുന്ന തകരപ്പാട്ടയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് പത്ത് മീറ്റര്‍ അകലേക്ക് ഗുരുദാസ് തെറിച്ചുവീണു. ഇയാളുടെ വലത് കാലും കൈയ്യും അറ്റുപോയി. ആശയുടെ സഹോദരന്‍ വള്ളംകുളം നന്നൂര്‍ മേമനയില്‍ പ്രഭാകരന്‍ (64), കോട്ടയം ചിറക്കടവ് സ്വദേശി ലീലാമണി (49) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര ഒറ്റശേഖരമംഗലം ശിവമന്ദിരത്തില്‍ സ്വര്‍ണ്ണമ്മ (69), ഇവരുടെ മകള്‍ നെയ്യാറ്റിന്‍കര കുമാരവിലാസത്തില്‍ വിജയകുമാരി (45), ഏഴംകുളം പുതുമല നെല്ലിക്കാമുരുപ്പില്‍ തേജസ്(26), ചങ്ങനാശ്ശേരി മുതലപ്ര പ്രദീപ്(29), അമ്പലപ്പാട്ട് സ്വദേശി അഭിജിത്ത് (33) എന്നിവരെ കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

പൊട്ടിത്തെറിയുടെ ശബദ്ം ഏഴ് കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന്. സമീപത്തുള്ള വീടുകളുടെ ജനല്‍ ഗ്ലാസുകള്‍, ആസ്ഥാനമന്ദിരത്തിന്റെ ഗ്ലാസുകള്‍ എന്നിവ ചിന്നിച്ചിതറി. സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന തിരുവല്ല അഗ്നിശമനസേനയുടെ ടാങ്കറിന് കേടുപാടുകള്‍ സംഭവിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.