ഷുഹൈബ് വധം; രണ്ട് പേർ അറസ്റ്റിൽ

Monday 19 February 2018 2:50 am IST

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവരാണ് ഇന്നലെ രാവിലെ മാലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നറിയുന്നു. 

ഇവരുടെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരേയും വിളിച്ചു വരുത്തുകയായിരുന്നു എന്നും സൂചനയുണ്ട്. 

കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പ്രതികള്‍ സിപിഎമ്മുകാരല്ലെന്നുമുള്ള വാദം പൊളിയുകയാണ്. കീഴടങ്ങിയവര്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകരും ഇവരുടെ മാതാപിതാക്കള്‍ പാര്‍ട്ടി അംഗങ്ങളുമാണ്.

പ്രതികളോടൊപ്പം സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും പോലീസ് സ്റ്റേഷനില്‍ എത്തിയത് കൊലപാതകത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് വ്യക്തമാക്കുന്നതായി. സംഭവം നടന്ന നിമിഷം തൊട്ട് പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇവരുടെ കീഴടങ്ങല്‍. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങളും പുറത്തുവന്നു. 

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന തില്ലങ്കേരിയിലെ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണു രണ്ടു പേരും. ഇവര്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ല എന്നറിയുന്നു. അതേസമയം, കൊലപാതകം നടന്ന് ആറു ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കണ്ണൂര്‍ കലക്‌ട്രേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനിരിക്കെ, സിപിഎം നേതൃത്വം പ്രതികളെ ഇറക്കിയതാണെന്നും ആരോപണം ശക്തമായിട്ടുണ്ട്. 

ആറ് ദിവസം പിന്നിടുമ്പോഴും മുഴുവന്‍ പ്രതികളേയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാകാത്തത് ആഭ്യന്തര വകുപ്പില്‍ കണ്ണൂരിലെ സിപിഎം നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ സ്വാധീനമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ കീഴടങ്ങിയതല്ല തങ്ങള്‍ അറസ്റ്റ് ചെയ്തതാണെന്ന വാദവുമായി പോലീസും രംഗത്തെത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.