ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Monday 19 February 2018 2:51 am IST

ന്യൂദല്‍ഹി: ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യതലസ്ഥാനത്തെ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ മാര്‍ഗ്ഗില്‍ 1.70 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കേന്ദ്ര ഓഫീസ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന്റെ ചിഹ്നമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, രാജ്‌നാഥ്‌സിങ്, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, മറ്റു കേന്ദ്രമന്ത്രിമാര്‍, ദേശീയ, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. 

 ബിജെപിയുടെ പതിനൊന്ന് കോടി അംഗങ്ങള്‍ക്ക് അവരുടെ വീടായി കേന്ദ്ര ആസ്ഥാനം മാറണം. വലിയൊരു സ്വപ്‌നമാണ് കൃത്യമായ പ്രവര്‍ത്തനത്തോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ജനകോടികള്‍ക്ക് തണലേകുന്ന വടവൃക്ഷമായി പ്രസ്ഥാനം വളര്‍ന്നതു കാണുമ്പോള്‍ ആ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചവരുടെ ആത്മാക്കള്‍ സന്തോഷിക്കുന്നുണ്ട്. ഏത് ആദര്‍ശവും പ്രത്യയശാസ്ത്രവും മുന്‍നിര്‍ത്തിയാണോ ജനസംഘകാലം മുതല്‍ മുന്നോട്ടു പോയത് അതില്‍ അണുവിട വ്യതിചലിക്കാതെയാണ് പാര്‍ട്ടിയുടെ ഇനിയുള്ള പ്രയാണമെന്നും മോദി പറഞ്ഞു. 

ലോകത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും വലിയ ഓഫീസ് ബിജെപിക്കാണുള്ളതെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിലെ അടക്കം പ്രവര്‍ത്തകരുടെ വീരബലിദാനത്തിന്റെ ഫലമാണ് ഇത്രവലിയ ആസ്ഥാനത്തിലേക്കുള്ള പാര്‍ട്ടിയുടെ വളര്‍ച്ച. കോടിക്കണക്കിന് പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി തപസ്വികളായ കാര്യകര്‍ത്താക്കള്‍ മുന്നോട്ടു നയിക്കുന്ന ബിജെപിയുടെ വിജയയാത്രയുടെ ചിഹ്നമാണ് പുതിയ ആസ്ഥാന മന്ദിരം. 1950കള്‍ മുതലുള്ള യാത്രയാണ്. രണ്ടു സീറ്റില്‍ നിന്ന് ഇത്രവരെയെത്തിച്ചേര്‍ന്നു. പത്തുപേരില്‍ നിന്ന് 11 കോടി അംഗങ്ങളുള്ള പാര്‍ട്ടിയായി ബിജെപി വളര്‍ന്നു. രാജ്യത്തെ 635 ജില്ലകളിലും ഓഫീസുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

വലിയ ഓഡിറ്റോറിയം, എഴുപതോളം മുറികള്‍, ദേശീയ അധ്യക്ഷനും ദേശീയ ഭാരവാഹികള്‍ക്കുമുള്ള ഓഫീസ് സംവിധാനങ്ങള്‍, ലൈബ്രറി, മീഡിയാ റൂം എന്നിവ അടക്കം അഞ്ചു നിലകളിലായി പരന്നു കിടക്കുന്ന കേന്ദ്രആസ്ഥാനം ഒന്നര വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അശോക റോഡിലെ ബിജെപി ആസ്ഥാനത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. മന്ദിരത്തിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന ദീനദയാല്‍ ഉപാധ്യായ പാര്‍ക്ക് ബിജെപി ആസ്ഥാനമന്ദിരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.