ന്യൂദൽഹി: ‘പുതിയ ഇന്ത്യ’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടിയും അക്ഷീണം പ്രവർത്തിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം 11 കോടിയോളം വരുന്ന പാർട്ടി പ്രവർത്തകർ പുതിയ ഇന്ത്യ എന്ന ആശയത്തെ പൂർണ്ണമായും സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിലാണ്’- അമിത് ഷാ പറഞ്ഞു. ബിജെപിയെ സംബന്ധിച്ച് ഇന്ന് ഏറെ മംഗളകരമായ ദിനമാണ്. രാജ്യത്തെ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെ സ്വപ്നമാണ് ഇന്ന് യഥാർത്ഥ്യമായത്. എല്ലാവരും ആഗ്രഹിച്ചിരുന്നു ബിജെപിക്ക് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം വേണമെന്നുള്ളത്, എപ്പോൾ പ്രധാനമന്ത്രി മന്ദിരം ഉദ്ഘാടനം നിവ്വഹിച്ചോ അപ്പോൾ ആ സ്വപ്നവും പൂർണ്ണമായി- അമിത് ഷാ കൂട്ടിച്ചേർത്തു.
വിവിധ സംസ്ഥാനങ്ങളിൽ കൊല ചെയ്യപ്പെട്ട പാർട്ടി പ്രവർത്തകരെയും അദ്ദേഹം മറന്നില്ല. ത്രിപുരയിലും കേരളത്തിലും കർണാടകത്തിലും പാർട്ടിക്ക് വേണ്ടി ജീവൻ വെടിഞ്ഞവരുടെ ത്യാഗങ്ങൾ വെറുതെയാകില്ല. നിരവധി പാർട്ടി പ്രവർത്തകരാണ് ഈ സംസ്ഥാനങ്ങളിൽ കൊല്ലപ്പെട്ടത്. എന്നാൽ ഇതുകൊണ്ട് ഒന്നും തന്നെ പ്രവർത്തകരുടെ അക്ഷീണ പ്രയത്നത്തെ വിഫലമാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ 11 മണിയോടെ ബിജെപി ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയാണ് നിർവ്വഹിച്ചത്. മുതിർന്ന നേതാവ് എൽ കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, ധർമ്മേന്ദ്ര പ്രധാൻ, പീയുഷ് ഗോയൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: